Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്‌വാഗനു ചക്കനിലെ കാർ നിർമാണത്തിൽ 10% വളർച്ച

volkswagen

മലിനീകരണ നിയന്ത്രണ പരീക്ഷ ജയിക്കാൻ കൃത്രിമം കാട്ടി ലോകത്തിനു മുന്നിൽ നാണംകെട്ടെങ്കിലും ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗന് ഇന്ത്യയിൽ തിളക്കം. പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ നിന്ന് കഴിഞ്ഞ കലണ്ടർ വർഷം 1,23,456 യൂണിറ്റ് ഉൽപ്പാദിപ്പിച്ചാണു കമ്പനി നേട്ടം കൊയ്തത്; 2014ലെ ഉൽപ്പാദനത്തെ അപേക്ഷിച്ച് 10% അധികമാണിത്. തുടർച്ചയായ മൂന്നാം വർഷമാണു പുണെ പ്ലാന്റിൽ നിന്നുള്ള ഉൽപ്പാദനത്തിൽ വർധന കൈവരിക്കുന്നതെന്നു ഫോക്സ്വാഗൻ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ആൻഡ്രിയാസ് ലോവർമാൻ അറിയിച്ചു. ആഭ്യന്തര, വിദേശ വിപണികളിൽ നിന്നുള്ള ആവശ്യം ഉയർന്നതാണ് ഈ നേട്ടം കൈവരിക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. 2015ൽ 43,152 കാറുകളാണു കമ്പനി ഇന്ത്യയിൽ വിറ്റത്; 2014ൽ വിൽപ്പന 44,212 യൂണിറ്റായിരുന്നെന്നും ലോവർമാൻ വെളിപ്പെടുത്തി.

അതേസമയം ഇന്ത്യയിലെ കാർ വിൽപ്പന തുടർച്ചയായ നാലാം മാസവും ഇടിഞ്ഞത് ഫോക്സ്വാഗനു ക്ഷീണമായിട്ടുണ്ട്. ‘ഡീസൽഗേറ്റ്’ വിവാദവും ‘പുകമറ സോഫ്റ്റ്‌വെയറി’ന്റെ സാന്നിധ്യം ഇന്ത്യയിലും സ്ഥിരീകരിച്ചതുമൊക്കെ തിരിച്ചടിയായതോടെ കാർ വിൽപ്പനയിൽ 30 ശതമാനത്തിലേറെ ഇടിവാണു രേഖപ്പെടുത്തിയത്. വിലക്കിഴിവും പുതിയ അവതരണങ്ങളുമൊക്കെ തുണച്ചതോടെ കഴിഞ്ഞ മാസത്തെ മൊത്തം കാർ വിൽപ്പനയിൽ 2014 ഡിസംബറിനെ അപേക്ഷിച്ച് എട്ടു ശതമാനത്തോളം വർധനയുണ്ട്. മാരുതി സുസുക്കിയുടെ ഡിസംബറിലെ വിൽപ്പന മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച 13.5% ഉയർന്നപ്പോൾ എതിരാളികളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയ്ക്ക് കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ 2014 ഡിസംബറിനെ അപേക്ഷിച്ച് 28.8% വർധന നേടാനായി. എന്നാൽ ഫോക്സ‌്‌വാഗൻ ഇന്ത്യയുടെ വിൽപ്പനയിലാവട്ടെ 2014 ഡിസംബറിനെ അപേക്ഷിച്ച് 37 ശതമാനത്തോളം ഇടിവാണു കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.