Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമിയോ’ പ്രതീക്ഷ; ഫോക്സ്‌വാഗൻ ഉൽപ്പാദനം 15% കൂട്ടും

volkswagen-ameo-1

പുതിയ കോംപാക്ട് സെഡാനായ ‘അമിയൊ’യിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യയിലെ കാർ ഉൽപ്പാദനം 15% വർധിപ്പിക്കാൻ ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ. 2015ൽ 1.23 ലക്ഷം വാഹനങ്ങളാണു ഫോക്സ്‌വാഗൻ പുണെയ്ക്കടുത്ത് ചക്കനിലെ പ്ലാന്റിൽ നിർമിച്ചത്. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തെതുടർന്നു ‘പുകമറ വിവാദ’ത്തിൽ കുടുങ്ങിയ ഫോക്സ്‌വാഗൻ, ഈ പ്രതിസന്ധിയുടെ പ്രത്യാഘാതമായി ചക്കനിലെ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന വാർത്തകൾ നിഷേധിച്ചു.

പകരം 2016ൽ പുണെയിൽ നിന്നുള്ള ഉൽപ്പാദനം 15% വർധിപ്പിക്കാനാണു കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നു ഫോക്സ്വാഗൻ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ആൻഡ്രിയാസ് ലോവർമാൻ അറിയിച്ചു. പുതിയ മോഡലായ ‘അമിയൊ’യുടെ വരവാണ് ഉൽപ്പാദന വർധനയ്ക്കു വഴിതെളിക്കുന്നത്. തുടക്കത്തിൽ ആഭ്യന്തര വിപണിയിൽ മാത്രമാവും ‘അമിയൊ’ ലഭിക്കുകയെന്നു ലോവർമാൻ വെളിപ്പെടുത്തി. എന്നാൽ അധിക ഉൽപ്പാദനം സാധ്യമായാൽ ‘അമിയൊ’ കയറ്റുമതിയും പരിഗണിക്കും.

ഇതുവരെ ഉൽപ്പാദനം ആരംഭിച്ചിട്ടില്ലാത്ത ‘അമിയൊ’യുടെ മത്സരം മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡിസയർ’, ഹോണ്ട ‘അമെയ്സ്’, ‘ഹ്യുണ്ടേയ് ‘എക്സെന്റ്’, ഫോഡ് ‘ഫിഗൊ ആസ്പയർ’ തുടങ്ങിയ എൻട്രി ലവൽ സെഡാനുകളോടാവും. 5.21 ലക്ഷം മുതൽ 8.57 ലക്ഷം രൂപ വരെയാണ് ഈ മോഡലുകൾക്ക് ഡൽഹിയിലെ ഷോറൂം വില.
രണ്ടു ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന ചക്കൻ ശാലയിലെ പരമാവധി വാർഷിക ഉൽപ്പാദനസാധ്യത 1.30 ലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വർഷം 1,23,456 കാറുകളാണു ഫോക്സ്വാഗൻ ഇന്ത്യ യഥാർഥത്തിൽ ഉൽപ്പാദിപ്പിച്ചത്. കഴിഞ്ഞ മാർച്ച് മുതൽ ചക്കൻ ശാല മൂന്നു ഷിഫ്റ്റും പ്രവർത്തിക്കുന്നുണ്ട്.

ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടു മൂന്നാം ഷിഫ്റ്റ് കൂടി തുടങ്ങിയതോടെ ചക്കനിൽ തൊഴിലവസരം വെട്ടിക്കുറയ്ക്കാനുള്ള സാധ്യത തന്നെ ഇല്ലാതായെന്നു ലോവർമാൻ വ്യക്തമാക്കുന്നു. മറിച്ച് അധിക ഷിഫ്റ്റ് പ്രവർത്തിക്കാനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കുകയാണു കമ്പനി ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചക്കൻ ശാലയിൽ നിലവിൽ 1,700 സ്ഥിരം ജീവനക്കാരാണുള്ളത്. കഴിഞ്ഞ വർഷത്തെ ഉൽപ്പാദനത്തിൽ 69,000 കാറുകളാണു കമ്പനി പ്രാദേശിക വിപണിയിൽ വിറ്റത്. അവശേഷിക്കുന്നവ നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ഏഷ്യ, ആഫ്രിക്ക മേഖലകളിലെ 35 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തു.

Your Rating: