Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുകമറ’ വിവാദം: റിപ്പോർട്ട് നവംബറിലെന്നു ഫോക്സ്​വാഗൻ ഇന്ത്യ

Volkswagen

ഇന്ത്യയിൽ വിറ്റ കാറുകളിൽ ‘പുകമറ’ സോഫ്റ്റ്​വെയർ ഘടിപ്പിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി ഫോക്സ്​വാഗൻ ഗ്രൂപ് ഇന്ത്യ നവംബർ അവസാനത്തോടെ അധികൃതർക്കു റിപ്പോർട്ട് സമർപ്പിക്കും. ‘പുകമറ’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഘന വ്യവസായ മന്ത്രാലയ, ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) അധികൃതരുമായാണു കഴിഞ്ഞ ദിവസം ഫോക്സ്​വാഗൻ ഇന്ത്യ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയത്. വ്യത്യസ്ത ബ്രാൻഡുകളും വിവിധ ബ്രാൻഡുകളും പല എൻജിൻ വകഭേദങ്ങളും ഗീയർ ബോക്സുകളും വ്യത്യസ്ത മോഡൽ വർഷങ്ങളുമൊക്കെ ഉൾപ്പെടുന്നതിനാൽ വിവര ശേഖരണത്തിനും അവലോകനത്തിനും കൂടുതൽ സമയമെടുക്കുന്നുണ്ടെന്ന നിലപാടിലാണ് ഫോക്സ്​വാഗൻ ഗ്രൂപ് ഇന്ത്യ.

എങ്കിലും നവംബർ അവസാനത്തോടെ പരിശോധന സംബന്ധിച്ച വിശദ ഫലം കൈമാറാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. അതുവരെ കമ്പനി പ്രതിനിധികൾ എ ആർ എ ഐയുമായി നിരന്തര സമ്പർക്കം പുലർത്തുകയും പരിശോധനയിലെ പുരോഗതി സംബന്ധിച്ച വിവരം കൈമാറുകയും ചെയ്യുമെന്നാണു ഫോക്സ്​വാഗന്റെ വാഗ്ദാനം. ഈ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാവും കമ്പനി ഭാവി നടപടികൾ തീരുമാനിക്കുക. അതിനിടെ ഇന്ത്യൻ നിരത്തിലുള്ള വാഹനങ്ങൾ സാങ്കേതികമായി സുരക്ഷിതവും ഉപയോഗത്തിനു തികച്ചും അനുയോജ്യവുമാണെന്നും ഫോക്സ്​വാഗൻ ഗ്രൂപ് ഉറപ്പു നൽകിയിട്ടുണ്ട്.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധനയിൽ കടന്നു കൂടാനാണു ഡീസൽ എൻജിനുള്ള മോഡലുകളിൽ കമ്പനി വ്യാപകമായി ‘പുകമറ’ സോഫ്റ്റ്​വെയർ ഘടിപ്പിച്ചിരുന്നത്. ആഗോളതലത്തിൽ 1.1 കോടിയോളം വാഹനങ്ങളിൽ ഈ സോഫ്റ്റ്​വെയർ ഇടംപിടിച്ചിട്ടുണ്ടെന്നായിരുന്നു ജർമൻ കാർ നിർമാതാക്കളുടെ കുമ്പസാരം. വിവാദത്തിലകപ്പെട്ട ‘ഇ എ 189’ എൻജിൻ ഘടിപ്പിച്ച കാറുകൾ ഫോക്സ്​വാഗൻ ഇന്ത്യയിലും വ്യാപകമായി വിൽക്കുന്നുണ്ട്. അതിനാൽ ‘പുകമറ’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നിർദേശപ്രകാരം സെപ്റ്റംബറിൽ തന്നെ ഫോക്സ്​വാഗൻ എ ജിക്കെതിരെ ഇന്ത്യയിലും അന്വേഷണം തുടങ്ങിയിരുന്നു. ഡീസൽ എൻജിനുകളെ മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ സോഫ്റ്റ്​വെയറിന്റെ സഹായം തേടിയിട്ടുണ്ടോ എന്നാണ് എ ആർ എ ഐ നടത്തുന്ന അന്വേഷണം. രാജ്യത്ത് ഫോക്സ്​വാഗൻ വിറ്റ 1.70 മുതൽ 2.20 ലക്ഷം വരെ കാറുകളിൽ ‘പുകമറ’ സോഫ്റ്റ്​വെയറിന്റെ സാന്നിധ്യമുണ്ടാവാമെന്നാണു സംശയിക്കുന്നത്.

മൊത്തത്തിൽ അര കോടിയോളം വാഹനങ്ങളിൽ ‘പുകമറ’ സോഫ്റ്റ്​വെയർ ഘടിപ്പിച്ചിട്ടുണ്ടാവാമെന്നായിരുന്നു ഫോക്സ്​വാഗൻ പാസഞ്ചർ കാഴ്സിന്റെ വെളിപ്പെടുത്തൽ. 21 ലക്ഷം കാറുകളിൽ പ്രശ്നമുണ്ടെന്നു ഗ്രൂപ് കമ്പനിയായ ഔഡിയും 12 ലക്ഷം കാറുകളിൽ നിരോധിത സോഫ്റ്റ്​വെയറിന്റെ സാന്നിധ്യമുണ്ടെന്നു സ്കോഡയും അംഗീകരിച്ചിരുന്നു. ‘പുകമറ’ വിവാദത്തിൽ കുടുങ്ങിയ ഈ കമ്പനികൾക്കെല്ലാം ഇന്ത്യയിലും സജീവ സാന്നിധ്യമുണ്ടെന്നതും ശ്രദ്ധേയമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.