Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വുൾഫ്സ്ബർഗ് ശാല: നിർബന്ധിത അവധിയുമായി ഫോക്സ്‌വാഗൻ

volkswagen

നിർമാണത്തിൽ സന്തുലനം കൈവരിക്കാൻ ലക്ഷ്യമിട്ട് ഒക്ടോബറിലും ഡിസംബറിലും ഏതാനും ദിവസം വീതം ‘ഗോൾഫ്’ ഉൽപ്പാദനം നിർത്തിവയ്ക്കുമെന്നു ഫോക്സ്‌വാഗൻ. മുമ്പത്തെ ഉൽപ്പാദനം അമിതമായതു പരിഗണിച്ചാണ് വുൾഫ്സ്ബർഗ് ആസ്ഥാനത്തെ ശാലയിൽ നടപ്പാക്കുന്ന ഈ തെറ്റുതിരുത്തൽ നടപടിയെന്നും ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ വിശദീകരിച്ചു.
ഒക്ടോബർ നാലു മുതൽ ഏഴു വരെയും ഡിസംബർ 19 മുതൽ 22 വരെയും ഫോക്സ്‌വാഗൻ വുൾഫ്സ്ബർഗിൽ ‘ഗോൾഫ്’ നിർമാണം നിർത്തിവയ്ക്കുമെന്നു ജർമൻ പത്രമായ ‘ബിൽഡ്’ ആണു വാർത്ത പ്രസിദ്ധീകരിച്ചത്.‌  പിന്നാലെ ഫോക്സ്‌വാഗൻ വാർത്ത ശരിവയ്ക്കുകയായിരുന്നു.

വരുന്ന ത്രൈമാസക്കാലത്തേക്കുള്ള പുനഃക്രമീകരണങ്ങളുടെ ഭാഗമായാണു ചിലപ്പോഴൊക്കെ കാർ ഉൽപ്പാദനം താൽക്കാലികമായി നിർത്തേണ്ടിവരുന്നതെന്നും കമ്പനി വിശദീകരിച്ചു. ജൂലൈയിൽ വേനൽക്കാല അറ്റകുറ്റപ്പണിക്കായി ശാല അടച്ചച്ചെങ്കിലും തൊഴിലാളികളുടെ ആത്മാർഥ സഹകരണം മൂലം പ്രതീക്ഷിച്ച ഉൽപ്പാദനനഷ്ടം നേരിട്ടിരുന്നില്ല. ഈ അധിക ഉൽപ്പാദനം പുനഃക്രമീകരിക്കാനാണ് ഒക്ടോബറിലും ഡിസംബറിലുമായി ഏതാനും ദിവസം ‘ഗോൾഫ്’ നിർമാണം നിർത്തിവയ്ക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

അതേസമയം, ‘ഗോൾഫ്’ ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന ‘ബിൽഡ്’ വാർത്ത ഫോക്സ്‌വാഗൻ നിഷേധിച്ചു. വർഷത്തിന്റെ ആരംഭത്തിൽ നിശ്ചയിച്ചതിലും 15,000 കുറവായിരിക്കും ഇക്കൊല്ലത്തെ യഥാർഥ ഉൽപ്പാദനമെന്നായിരുന്നു കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചു ‘ബിൽഡ്’ നൽകിയ വാർത്ത. എന്നാൽ ‘ഗോൾഫ്’ ഉൽപ്പാദനം സംബന്ധിച്ച മുൻതീരുമാനത്തിൽ മാറ്റമൊന്നുമില്ലെന്ന നിലപാടിലാണു ഫോക്സ്‌വാഗൻ. എങ്കിലും യന്ത്രഘടക നിർമാതാക്കളുമായുള്ള ചില തർക്കങ്ങൾ കാർ ഉൽപ്പാദനം നിർത്തിവയ്ക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നു കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.  

Your Rating: