Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്​വാഗൺ ‘പുകമറ’ ഇന്ത്യയിലേക്കും

volkswagen-will-overhaul-430000-cars

മലിനീകരണ നിയന്ത്രണ നിലവാര പരിശോധനയെ മറികടക്കാൻ ‘പുകമറ’ സോഫ്റ്റ്​വെയർ ഉപയോഗിച്ചതിന്റെ പേരിൽ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്​വാഗൻ എ ജിക്ക് ഇന്ത്യൻ സർക്കാർ നോട്ടീസയച്ചു. ഫോക്സ്‍‌വാഗണിന്റെ ജെറ്റ, വെന്റോ, ഔഡി എ4 എന്നീ കാറുകളുടെ ഡീസൽ വേരിയന്റിൽ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) നടത്തിയ പരിശോധനയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് സർക്കാർ നോട്ടീസയച്ചത്. ലാബിൽ പരിശോധിക്കുന്നതും റോഡിൽ ഓടുന്നതുമായ കാർ പുറം തള്ളുന്ന എമിഷനിൽ വലിയ വ്യത്യാസമുണ്ടെന്നെന്നാണ് എആറ്‍എഐ കണ്ടെത്തിയത്.

ഡീസൽ എൻജിനുകളെ മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ സോഫ്റ്റ്​വെയറിന്റെ സഹായം തേടിയിട്ടുണ്ടോ എന്നായിരുന്നു എ ആർ എ ഐ നടത്തുന്ന അന്വേഷണം. രാജ്യത്ത് ഫോക്സ്​വാഗൻ വിറ്റ 1.70 മുതൽ 2.20 ലക്ഷം വരെ കാറുകളിൽ ‘പുകമറ’ സോഫ്റ്റ്​വെയറിന്റെ സാന്നിധ്യമുണ്ടാവാമെന്നാണു സംശയിക്കുന്നത്. പതിനഞ്ചു ദിവസത്തിനകം മറുപടി നൽകാനുള്ള സമയവും സർക്കാർ കമ്പനിക്ക് അനുവദിച്ചിട്ടുണ്ട്. അതേസമയം, ‘പുകമറ’ സോഫ്റ്റ്​വെയർ വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്ന വാർത്തകളോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

അതിനിടെ ‘പുകമറ’ സോഫ്റ്റ്​വെയറിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഫോക്സ്​വാഗന്റെ പ്രവർത്തന ഫലത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടെ ഇതാദ്യമായി കഴിഞ്ഞ ത്രൈമാസത്തിൽ കമ്പനിയുടെ പ്രവർത്തനം നഷ്ടത്തിലാണു കലാശിച്ചത്. വിവാദം കത്തിപ്പടർന്നതോടെ ഫോക്സ്​വാഗന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്ന മാർട്ടിൻ വിന്റർകോണിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു. ‘പുകമറ’ സോഫ്റ്റ്​വെയർ വിവാദത്തിന്റെ പേരിൽ ഫോക്സ്​വാഗന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ഹെർബെർട്ട് ഡയസ് ടോക്കിയ ഓട്ടോ ഷോയിൽ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. തെറ്റ് ആവർത്തിക്കില്ലെന്ന പ്രഖ്യാപനത്തിനൊപ്പം മുഴുവൻ കമ്പനിയുടെയും പേരിലാണു താൻ മാപ്പു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യു എസിലെ മലിനീകരണ നിയന്ത്രണ പരിശോധനയിൽ കടന്നു കൂടാനാണു ഡീസൽ എൻജിനുള്ള മോഡലുകളിൽ കമ്പനി വ്യാപകമായി ‘പുകമറ’ സോഫ്റ്റ്​വെയർ ഘടിപ്പിച്ചിരുന്നത്. ആഗോളതലത്തിൽ 1.1 കോടിയോളം വാഹനങ്ങളിൽ ഈ സോഫ്റ്റ്​വെയർ ഇടംപിടിച്ചിട്ടുണ്ടെന്നായിരുന്നു ജർമൻ കാർ നിർമാതാക്കളുടെ കുമ്പസാരം. ആഗോള തലത്തിൽ 21 ലക്ഷം കാറുകളിൽ പ്രശ്നമുണ്ടെന്നു ഗ്രൂപ് കമ്പനിയായ ഔഡിയും 12 ലക്ഷം കാറുകളിൽ നിരോധിത സോഫ്റ്റ്​വെയറിന്റെ സാന്നിധ്യമുണ്ടെന്നു സ്കോഡയും അംഗീകരിച്ചിരുന്നു.