Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2021നകം 30,000 തൊഴിലവസരങ്ങൾ കുറയ്ക്കാൻ ഫോക്സ്‍വാഗൻ

volkswagen-recall

ലാഭക്ഷമത ഉയർത്താനുള്ള നടപടികളുടെ ഭാഗമായി 2021നകം 30,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നു ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൻ. മലിനീകരണ നിയന്ത്രണ വിവാദ പശ്ചാത്തലത്തിൽ വൈദ്യുത വാഹനങ്ങളും സ്വയം ഓടുന്ന കാറുകളും വികസിപ്പിക്കാനുള്ള ധനസമാഹരണം കൂടി ലക്ഷ്യമിട്ടുള്ള ഈ നടപടിക്ക് തൊഴിലാളി യൂണിയനുകളുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്.
ജർമനിയിൽ കമ്പനിയുടെ ഏറ്റവും വലിയ നിർമാണശാലയിലെ പ്രവർത്തന ചെലവ് കുറയ്ക്കാൻ തീവ്ര ശ്രമങ്ങളാണു യൂറോപ്പിലെ വാഹന നിർമാതാക്കളിൽ ഒന്നാം സ്ഥാനക്കാരായ ഫോക്സ്‍വാഗൻ നടത്തുന്നത്. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയതിന്റെ പേരിൽ നേരിടുന്ന കോടിക്കണക്കിനു ഡോളറിന്റെ പിഴശിക്ഷകൾക്കു വേണ്ടിയാണു ഫോക്സ്‍വാഗൻ ധനസമാഹരണം നടത്തുന്നത്.

തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ പ്രതിവർഷം 390 കോടി ഡോളർ(ഏകദേശം 26587.26 കോടി രൂപ) ലാഭിക്കാനാവുമെന്നാണു ഫോക്സ്വാഗന്റെ പ്രതീക്ഷ. ഫോക്സ്‍വാഗൻ മാത്രം 23,000 തൊഴിവസരങ്ങൾ നഷ്ടമാവുമെന്നാണു കണക്ക്; ആഗോളതലത്തിൽ 6.10 ലക്ഷത്തോളം ജീവനക്ാരാണു ഫോക്സ്‍വാഗൻ ഗ്രൂപ്പിനുള്ളത്. തൊഴിലാളി യൂണിയനുകളുമായി ഫോക്സ്‍വാഗൻ ജൂണിൽ ആരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ലക്ഷ്യത്തിലെത്തുന്നത്. ബ്രാൻഡിന്റെ പ്രവർത്തന മാർജിൻ രണ്ടു ശതമാനത്തിലെത്തിക്കാൻ ലക്ഷ്യമിട്ടാണു കമ്പനി യൂണിയനുമായി ചർച്ച നടത്തിയത്. ജർമനിയിലെ നിർമാണശാലകളിൽ വൈദ്യുത കാർ വികസനത്തിനായി കൂടുതൽ നിക്ഷേപം നടത്താമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്നുമുള്ള മാനേജ്മെന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു യൂണിയൻ നേതാക്കൾ കടുത്ത തീരുമാനങ്ങൾക്കു വഴങ്ങിയത്.

പരമ്പരാഗത മേഖലയിൽ തൊഴിൽ നഷ്ടം നേരിടുമെങ്കിലും വൈദ്യുത കാർ സാങ്കേതികവിദ്യയിലെ നിക്ഷേപത്തിലൂടെ ഫോക്സ്‍വാഗൻ 9,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. വുൾഫ്സ്ബർഗിലെ പ്രധാന ശാലയിൽ പുതിയ വൈദ്യുത എസ് യു വിയും കിഴക്കൻ ജർമൻ നഗരമായ സ്വിക്കൗവിൽ ചെറു വൈദ്യുത കാറായ ‘ഐ ഡി’യും നിർമിക്കാനാണു ഫോക്സ്‍വാഗന്റെ പദ്ധതി. കാസെലിൽ വൈദ്യുത മോട്ടോർ നിർമാണശാലയും സാൽസ്ഗിറ്ററിൽ ബാറ്ററി നിർമാണ കേന്ദ്രവും ആരംഭിക്കും. ബ്രൗൺഷ്വീഗിലെ ശാലയിൽ ബാറ്ററി പായ്ക്കുകൾ നിർമിക്കാനും ഫോക്സ്‍വാഗൻ ആലോചിക്കുന്നുണ്ട്.