Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിൽ വില കൂട്ടുമെന്നു ഫോക്സ്‌വാഗൻ

ameo-diesel-testdrive Ameo

പുതുവർഷത്തിൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗനും തീരുമാനിച്ചു. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ സബ്കോംപാക്ട് സെഡാനായ ‘അമിയൊ’യ്ക്കടക്കം ഇന്ത്യയിലുള്ള എല്ലാ മോഡലിനും ജനുവരി മുതൽ മൂന്നു ശതമാനം വരെയാണു വില ഉയരുകയെന്നു കമ്പനി പ്രഖ്യാപിച്ചു. ഡൽഹി ഷോറൂമിൽ 5.24 ലക്ഷം രൂപ വിലമതിക്കുന്ന ‘അമിയൊ’ മുതൽ 27.83 ലക്ഷം രൂപ വിലയുള്ള ‘ബീറ്റ്ൽ’ വരെ നീളുന്നതാണ് ഫോക്സ്വാഗന്റെ ഇന്ത്യയിലെ മോഡൽ ശ്രേണി. ഹാച്ച്ബാക്കായ ‘പോളോ’, സെഡാനുകളായ ‘വെന്റോ’, ‘ജെറ്റ’ എന്നിവയും കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. കൂടാതെ ‘പോളോ’യുടെ പ്രകടനക്ഷമതയേറിയ വകഭേദമായ ‘പോളോ ജി ടി ഐ’യും ഇന്ത്യയിൽ ലഭ്യമാണ്; 26 ലക്ഷം രൂപയാണു കാറിനു വില.

മത്സരം രൂക്ഷമായ സബ്കോംപാക്ട് വിഭാഗത്തിൽ ‘അമിയൊ’ അവതരിപ്പിച്ചു ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കാനായതാണു ഫോക്സ്‌വാഗനു കഴിഞ്ഞ വർഷം നേട്ടമായത്. ഒപ്പം പ്രകടനക്ഷമതയേറിയ ‘പോളോ ജി ടി ഐ’യ്ക്കും ഇന്ത്യൻ വാഹനപ്രേമികൾ മികച്ച വരവേൽപ്പ് നൽകി. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ സോഫ്റ്റ്വെയർ സഹായം തേടിയെന്നു 2015 സെപ്റ്റംബറിൽ ഫോക്സ്വാഗൻ നടത്തിയ പ്രഖ്യാപനത്തിന്റെ അലയൊലികൾ കഴിഞ്ഞ വർഷവും അടങ്ങിയില്ല. ‘ഡീസൽഗേറ്റ്’ വിവാദത്തിൽ നിന്നു കരകയറാൻ ആഗോളതലത്തിൽ ആരംഭിച്ച തിരുത്തൽ നടപടികൾ ഗ്രൂപ് കമ്പനിയായ സ്കോഡ ‘സുപർബി’ലൂടെ ഫോക്സ്വാഗൻ അടുത്തയിടെ ഇന്ത്യയിലും ആരംഭിച്ചു.

പുതുവർഷത്തിൽ പുത്തൻ അവതരണങ്ങളിലൂടെ നേട്ടം കൊയ്യാനാണു ഫോക്സ്‌വാഗന്റെ പദ്ധതി. ‘ടിഗ്വനും’ അടുത്ത തലമുറ ‘പസറ്റും’ 2017ൽ ഇന്ത്യയിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്തെ പ്രമുഖ നിർമാതാക്കളെല്ലാം പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ടൊയോട്ട കിർലോസ്കർ മോട്ടോർ, ടാറ്റ മോട്ടോഴ്സ്, നിസ്സാൻ — ഡാറ്റ്സൻ, റെനോ, ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ തുടങ്ങിയവരൊക്കെ വില വർധന പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വിലയിൽ മൂന്നു ശതമാനം വർധനയാണു ടൊയോട്ട നടപ്പാക്കുക. നിസ്സാൻ ശ്രേണിയുടെ വർധനയാവട്ടെ പരമാവധി 30,000 രൂപ വരെയാണ്. ടാറ്റ മോട്ടോഴ്സ് വാഹനങ്ങൾക്ക് 5,000 മുതൽ 25000 രൂപ വരെ ഉയരുമ്പോൾ ഹ്യുണ്ടേയ് നടപ്പാക്കുന്ന വർധന ഒരു ലക്ഷം രൂപ വരെയാണ്.  

Your Rating: