Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുകമറ’ വിവാദം: എൻജിൻ മാറ്റി നൽകുമെന്നു ഫോക്സ്​വാഗൻ

volkswagen-logo

മലിനീകരണ നിയന്ത്രണ പരിശോധനയെ അതിജീവിക്കാൻ ‘പുകമറ’ സൃഷ്ടിച്ചതു മൂലമുള്ള പ്രതിസന്ധിയിൽ നിന്നു കരകയറാൻ ഫോക്സ്​വാഗൻ ശ്രമം തുടങ്ങി. അനധികൃത സോഫ്റ്റ്​വെയറിന്റെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തിയ 1.10 കോടിയോളം ഡീസൽ എൻജികൾ മാറ്റിനൽകാനാണു കമ്പനി ആലോചിക്കുന്നത്.

നിയമവിരുദ്ധ സോഫ്റ്റ്​വെയർ ഘടിപ്പിച്ചതെന്നു കരുതുന്ന കാറുകളുടെ ഉടമകൾക്ക് ഏതാനും ദിവസത്തിനകം ഇതുസംബന്ധിച്ച അറിയിപ്പ് നൽകുമെന്നും ഫോക്സ്​വാഗന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റ മത്തിയാസ് മ്യുള്ളർ വെളിപ്പെടുത്തി. കഠിനാധ്വാനത്തിന്റെ നാളുകളാണു കാത്തിരിക്കുന്നതെന്നും ഫോക്സ്​വാഗന്റെ വുൾഫ്സ്ബർഗ് ആസ്ഥാനത്ത് ആയിരത്തോളം മാനേജർമാരെ അഭിസംബോധന ചെയ്ത മ്യുള്ളർ വ്യക്തമാക്കി. പടിപടിയായി മാത്രമേ പുരോഗതി കൈവരിക്കാനാവൂ എന്നും ഇനിയും തിരിച്ചടികൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വാഗ്ദാനം ചെയ്തതു പോലെ ഒരു കോടിയിലേറെ എൻജിനുകൾ മാറ്റിനൽകാൻ കമ്പനി 650 കോടി ഡോളറി(42,686 കോടിയോളം രൂപ)ലേറെ ചെലവിടേണ്ടി വരുമെന്നാണു കണക്ക്. ‘പുകമറ’ വിവാദത്തെ തുടർന്നു സ്ഥാനമൊഴിഞ്ഞ മാർട്ടിൻ വിന്റർകോണിന്റെ പിൻഗാമിയായി തിങ്കളാഴ്ചയാണു മ്യുള്ളർ ഫോക്സ്​വാഗന്റെ അമരക്കാരനായത്. പിന്നാലെ തട്ടിപ്പിൽ വിന്റർകോണിനുള്ള പങ്ക് അന്വേഷണവിധേയമാക്കുമെന്നു ജർമൻ പ്രോസിക്യൂട്ടർമാർ പ്രഖ്യാപിക്കുകയും ചെയ്തു.

യു എസിൽ പ്രാബല്യത്തിലുള്ള കർശന മലിനീകരണ നിർണയ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയെന്നാണു യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്​വാഗന്റെ കുമ്പസാരം. എന്നാൽ യു എസിൽ മാത്രമല്ല യൂറോപ്പിലും കമ്പനി കൃത്രിമം കാട്ടിയെന്നു ജർമനിയിലെ ഗതാഗത മന്ത്രി ആരോപിക്കുന്നു. ഫോക്സ്​വാഗന്റെ മൊത്തം വിൽപ്പനയിൽ 40 ശമതാനത്തോളം യൂറോപ്പിൽ നിന്നാണ്.

കമ്പനിയുടെ 78 വർഷ ചരിത്രത്തിലെ ഏറ്റവും ഗുരുതര പ്രതിസന്ധിയെയാണു ഫോക്സ്​വാഗൻ അഭിമുഖീകരിക്കുന്നത്. നടപടിദൂഷ്യം പുറത്തായ പിന്നാലെ ഫോക്സ്​വാഗൻ ഓഹരി വില കൂപ്പുകുത്തി; കമ്പനിയുടെ വിപണി മൂല്യത്തിൽ 30 ശതമാനത്തിലേറെയാണു നഷ്ടം. ഫോക്സ്​വാഗൻ കാട്ടിയ കൊടുംചതി, ആഗോളതലത്തിൽ തന്നെ കാർ വ്യവസായത്തെ പിടിച്ചുകുലുക്കിയതിനൊപ്പം ജർമൻ സമ്പദ്​വ്യസ്ഥയ്ക്കു തന്നെ ഭീഷണി ഉയർത്തിയിട്ടുണ്ടെന്നാണു വിലയിരുത്തൽ.

രാജ്യത്തിന്റെ എൻജിനീയറിങ് വൈഗ്ധ്യത്തിന്റെ മാതൃകയായി ഫോക്സ്​വാഗനെ ഉയർത്തിക്കാട്ടിയിരുന്ന ജർമനിക്കും ഈ വിവാദത്തോടെ മുഖംനഷ്ടപ്പെട്ട സ്ഥിതിയാണ്. ഏഴര ലക്ഷത്തോളം പേരാണു ജർമൻ വാഹന നിർമാണ മേഖലയിൽ ജോലി നോക്കുന്നത്. പോരെങ്കിൽ വാഹന കയറ്റുമതിയിൽ നിന്നും ജർമനി ഗണ്യമായ വരുമാനം നേടുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.