Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്‌വാഗൻ സ്വന്തമായി ബാറ്ററി നിർമാണത്തിന്

Volkswagen Logo

വൈദ്യുത കാർ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടു കോടിക്കണക്കിനു യൂറോ മുടക്കി സ്വന്തം ബാറ്ററി നിർമാണശാല സ്ഥാപിക്കാൻ ഫോക്സ്‌വാഗൻ എ ജി ആലോചിക്കുന്നു. പരിസ്ഥിതി സൗഹൃദമായ വൈദ്യുത കാർ മേഖലയിൽ സജീവസാന്നിധ്യമാവുന്നതിന്റെ ഭാഗമായാണത്രെ ജർമൻ വാഹന നിർമാതാക്കൾ പുതുതന്ത്രങ്ങൾ പരിഗണിക്കുന്നത്. സ്വന്തം ബാറ്ററി നിർമാണശാല സാക്ഷാത്കരിച്ചാൽ ഈ ആവശ്യത്തിനായി ഏഷ്യൻ നിർമാതാക്കളായ പാനസോണിക്, എൽ ജി, സാംസങ് തുടങ്ങിയവരെ ആശ്രയിക്കുന്നത് ഒഴിവാക്കാനാവുമെന്നാണു ഫോക്സ്‌വാഗന്റെ കണക്കുകൂട്ടൽ.നിലവിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ബാറ്ററി വിതരണമേഖല അടക്കിവാഴുന്നത് ഈ നിർമാതാക്കളാണ്.

സ്വന്തമായി ബാറ്ററി നിർമിക്കാനുള്ള പദ്ധതിയോട് ഫോക്സ്‌വാഗന്റെ എക്സിക്യൂട്ടീവ് ബോർഡിനും താൽപര്യമുണ്ടെന്നാണു സൂചന. പോരെങ്കിൽ കമ്പനിയിലെ പ്രധാന ഓഹരി ഉടമകളായ ലോവർ സാക്സണി സ്റ്റേറ്റും വർക്സ് കൗൺസിലുമൊക്കെ ബാറ്ററി നിർമാണശാലയെന്ന ആശയത്തെ പിന്തുണയ്ക്കുമെന്നാണു പ്രതീക്ഷ. ജൂൺ 22നു ചേരുന്ന ഫോക്സ്‌വാഗന്റെ വാർഷിക പൊതുയോഗത്തിലാവും ഇതുസംബന്ധിച്ചു വ്യക്തമായ ധാരണ ഉരുത്തിരിയുക.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരീക്ഷ വിജയിക്കാൻ ഡീസൽ എൻജിനുകളിൽ നിയമവിരുദ്ധമായി സോഫ്റ്റ്വെയർ സഹായം തേടിയെന്നു കഴിഞ്ഞ സെപ്റ്റംബറിൽ കുറ്റസമ്മതം നടത്തിയത് ഫോക്സ്‌വാഗന് ആഗോളതലത്തിൽ തന്നെ വൻ പ്രതിച്ഛായാനഷ്ടം സൃഷ്ടിച്ചിട്ടുണ്ട്. ‘ഡീസൽഗേറ്റ്’ വിവാദത്തെ മറികടക്കാനും നഷ്ടമായ സൽപ്പേര് വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണു കമ്പനി ഇപ്പോൾ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണു സൂചന. സ്വന്തം ബാറ്ററി നിർമാണശാല പോലുള്ള വിപ്ലവകരമായ നടപടികൾ പ്രഖ്യാപിച്ച് പുകപരിശോധനയിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിൽ നിന്നു തലയൂരാനാവുമെന്നാണു ഫോക്സ്‌വാഗന്റെ പ്രതീക്ഷ.

Your Rating: