Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബര കാർ വിപണിയിൽ 10% വിഹിതം നോട്ടമിട്ടു വോൾവോ

Volvo

അഞ്ചു വർഷത്തിനകം ഇന്ത്യൻ ആഡംബര കാർ വിപണിയിൽ 10% വിഹിതം സ്വന്തമാക്കാൻ നാലു പുതിയ മോഡലുകൾ കൂടി പുറത്തിറക്കുമെന്നു സ്വീഡിഷ് നിർമാതാക്കളായ വോൾവോ. കഴിഞ്ഞ വർഷത്തെ വിൽപ്പനയിൽ മികച്ച വളർച്ച നേടാനായെന്നും ഈ വർഷവും മുന്നേറ്റം തുടരാനാണു പദ്ധതിയെന്നും വോൾവോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടർ ടോം വോൺ ബോൺസ്ഡ്രോഫ് വെളിപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 30% വളർച്ചയോടെ 1,200 യൂണിറ്റായിരുന്നു 2014ൽ വോൾവോ ഇന്ത്യയുടെ വിൽപ്പന.

ഈ നിലയിൽ മുന്നേറിയാൽ 2020 ആകുമ്പോഴേക്ക് ആഡംബര കാർ വിപണിയിൽ 10% വിഹിതം സ്വന്തമാക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. നിലവിൽ നാലര ശതമാനമാണു വോൾവോയുടെ വിപണി വിഹിതം. പുത്തൻ മോഡലുകൾ പുറത്തിറക്കിയും വിപണന ശൃംഖല വിപുലീകരിച്ചും വിപണി പിടിക്കാനാണു വോൾവോയുടെ പദ്ധതി. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കമ്പനിയുടെ ആദ്യ ഡീലർഷിപ് കൊൽക്കത്തയിൽ പ്രവർത്തനം ആരംഭിച്ചു. ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയും മെഴ്സീഡിസ് ബെൻസും ബി എം ഡബ്ല്യുവുമൊക്കെ വാഴുന്ന ഇന്ത്യൻ വിപണിയിൽ 2008ലാണു വോൾവോ രംഗപ്രവേശം ചെയ്തത്. ഇതുവരെയുള്ള പരിചയസമ്പത്തിന്റെ പിൻബലത്തിൽ ശരിയായ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാന നഗരങ്ങളിലെല്ലാം സാന്നിധ്യം ഉറപ്പാക്കാനുമാണു വോൾവോയുടെ ഒരുക്കം.

പുതിയ മോഡലുകൾക്കൊപ്പം നിലവിൽ വിൽപ്പനയ്ക്കുള്ളവയുടെ പുതു വകഭേദങ്ങളും ഇന്ത്യയിലെത്തുമെന്നു വോൺ ബോൺസ്ഡ്രോഫ് വിശദീകരിക്കുന്നു. അടുത്ത രണ്ടു വർഷത്തിനിടെ പൂർണമായും പുതിയ മൂന്നു മുതൽ അഞ്ചു വരെ മോഡലുകൾ കമ്പനി ഇന്ത്യയിലെത്തിക്കും. നിലവിലുള്ളവയുടെ പുതുവകഭേദങ്ങൾ ഇതിനു പുറമെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ഇന്ത്യയിലെ ഡീലർഷിപ്പുകളുടെ എണ്ണം 20 ആയി ഉയർത്താനും വോൾവോ ലക്ഷ്യമിടുന്നുണ്ട്. ജർമൻ എതിരാളികളോടു കിട പിടിക്കുന്ന മോഡൽ ശ്രേണിയും വിപണന ശൃംഖലയുമാണു വോൾവോയുടെ മോഹം. വിലയിലും ബ്രാൻഡ് മൂല്യത്തിലുമൊക്കെ ജർമൻ നിർമാതാക്കൾക്കു ശക്തമായ വെല്ലുവിളി ഉയർത്താൻ കഴിയുമെന്നും വോൾവോ ഇന്ത്യ കരുതുന്നു.

അടുത്തയിടെയാണു വോൾവോ ‘എസ് 60’ സെഡാന്റെ ‘ടി സിക്സ്’ വകഭേദം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചത്. ഇതിനു പുറമെ ലക്ഷ്വറി ഹാച്ച്ബാക്കായ ‘വി 40’, ‘വി 40 ക്രോസ് കൺട്രി’, ലക്ഷ്വറി എസ് യു വിയായ ‘എക്സ് സി 60’, എസ് യു വിയായ ‘എക്സ് സി 90’ എന്നിവയും കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.