Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെൻറിക് ഗ്രീൻ വോൾവോ കാഴ്സ് ആർ ആൻഡ് ഡി മേധാവി

Henrik Green – Senior Vice President, Sales & Production Planning and Customer Service Henrik Green

ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ആഡംബര കാർ നിർമാതാക്കളായ വോൾവോ കാഴ്സിന്റെ ഗവേഷണ, വികസന (ആർ ആൻഡ് ഡി) വിഭാഗം മേധാവിയായി ഹെൻറിക് ഗ്രീൻ നിയമിതനായി. നിലവിൽ കമ്പനിയുടെ ആർ ആൻഡ് ഡി വിഭാഗത്തെ നയിക്കുന്ന പീറ്റർ മെർടെൻസ് ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയിലേക്കു ചേക്കേറുന്ന ഒഴിവിലാണു പുതിയ നിയമനം. നിലവിൽ വോൾവോ കാഴ്സിൽ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് പ്രൊഡക്ഷൻ പ്ലാനിങ് ആൻഡ് കസ്റ്റമർ സർവീസ്) ആണു ഗ്രീൻ (43). 1996ലാണ് അദ്ദേഹം വോൾവോ കാഴ്സിൽ ചേർന്നത്.

പരിവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കുന്ന കമ്പനിക്കായി ആഗോളതലത്തിൽ സേവനമനഷ്ഠിക്കുന്ന മിടുക്കരായ എൻജിനീയർമാരെ നയിക്കാൻ തികച്ചും യോഗ്യനാണു ഹെൻറിക് ഗ്രീനെന്നു വോൾവോ കാഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഹാകൻ സാമുവൽസൺ അഭിപ്രായപ്പെട്ടു.  സാങ്കേതിക വികസന വിഭാഗം മേധാവിയായി ഡോ പീറ്റർ മെർടെൻസിനെ നിയമിച്ച കാര്യം കഴിഞ്ഞ മാസമാണ് ഔഡി പ്രഖ്യാപിച്ചത്. മെഴ്സീഡിസ് ബെൻസ് എ ജിക്കൊപ്പമാണു മെർടെൻസ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മാനേജ്മെന്റ്തലത്തിൽ വിവിധ തസ്തികകൾ വഹിച്ച ശേഷം 1996ൽ അദ്ദേഹം ബോണിൽ ടെഗറൊൺ ടെലിമാറ്റിക്സ് ജി എം ബി എച്ചിന്റെ ചീഫ് എക്സിക്യൂട്ടീവായി; ഡെയ്മ്ലർ ക്രൈസ്ലർ സർവീസസ് എ ജിയും ഡോയിച് ടെലികോം എ ജിയും ചേർന്നു രൂപീകരിച്ച സംയുക്ത സംരംഭമായിരുന്നു ടെഗറൊൺ. 

തുടർന്നു 2002ൽ മെർടെൻസ് ആദം ഒപെൽ എ ജിയിലെത്തി; ഇടത്തരം, വലിയ മോഡലുകളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. 2004ൽ ജനറൽ മോട്ടോഴ്സ് യൂറോപ്പിലും 2005ൽ ജനറൽ മോട്ടോഴ്സിൽ ആഗോളതലത്തിൽ തന്നെയും കോംപാക്ട് കാറുകളുടെ ചുമതലക്കാരനായി. ബ്രിട്ടീഷ് ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറിന്റെ മാനേജ്മെന്റ് ബോർഡിൽ 2010ൽ അദ്ദേഹം നിയമിതനായി; ജഗ്വാറിനും ലാൻഡ് റോവറിനും പുറമെ ബ്രാൻഡ് ഉടമകളായ ടാറ്റ മോട്ടോഴ്സ് ഗ്രൂപ്പിന്റെ തന്നെ കോർപറേറ്റ് ക്വാളിറ്റിയുടെ ചുമതല മെർടെൻസിനായിരുന്നു. 2011 മാർച്ച് മുതലാണ് ചൈനീസ് നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ കാർ കോർപറേഷനിൽ മെർടെൻസ് ഗവേഷണ, വികസന വിഭാഗങ്ങളുടെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റായി ചുമതലയേറ്റത്.  

Your Rating: