Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസ് ശാല കയറ്റുമതി കൂടി ലക്ഷ്യമിട്ടെന്നു വോൾവോ

volvo-logo

യു എസിൽ സ്ഥാപിക്കുന്ന പുതിയ പ്ലാന്റിൽ നിന്നുള്ള ഉൽപ്പാദനത്തിൽ പകുതിയും കയറ്റുമതിക്കാവുമെന്നു ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ. കമ്പനി നോർത്ത് അമേരിക്കയിൽ സ്ഥാപിക്കുന്ന ആദ്യ നിർമാണശാല അടുത്ത വർഷത്തോടെ ഉൽപ്പാദനസജ്ജമാവുമെന്നാണു പ്രതീക്ഷയെന്നു വോൾവോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹാകൻ സാമുവൽസൻ അറിയിച്ചു. ഇടത്തരം സെഡാനായ ‘എസ് 60’ ആവും പുതിയ ശാലയിൽ നിന്ന് തുടക്കത്തിൽ പുറത്തിറങ്ങുക. രാജ്യാന്തരതലത്തിൽ വിപണനത്തിനുള്ള ലക്ഷ്യത്തോടെയാണു കമ്പനി യു എസിൽ നിർമാണശാല സ്ഥാപിക്കുന്നതെന്നും ഡെട്രോയ്റ്റ് രാജ്യാന്തര വാഹന പ്രദർശനത്തിനെത്തിയ സാമുവൽസൻ വ്യക്തമാക്കി.

പ്രാദേശിക വിപണിയിലെ വിൽപ്പനയ്ക്കായി മാത്രമല്ല വോൾവോ യു എസിൽ ശാല തുറക്കുന്നത്; മൊത്തം ഉൽപ്പാദനത്തിൽ പകുതിയോളം കയറ്റുമതിക്കായി നീക്കിവയ്ക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ ചൈനയിലും സ്വീഡനിലും നിർമാണശാലകളുണ്ടെങ്കിലും യു എസിൽ നിന്നും ഗണ്യമായ വാഹന കയറ്റുമതി നടത്തുമെന്ന തീരുമാനത്തിലാണ് വോൾവോ. യു എസിലെ നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിലപാടുകൾ വോൾവോയുടെ നയത്തെ സ്വാധീനിച്ചിട്ടില്ലെന്നും സാമുവൽസൻ വ്യക്തമാക്കി. യു എസിലെ നിർദിഷ്ട ശാലയുടെ ലക്ഷ്യങ്ങൾ കമ്പനി 2014ൽ തന്നെ നിർണയിച്ചതാണ്. അന്നു യു എസിലെ കാർ നിർമാണം മെക്സിക്കോയിലേക്കു മാറ്റുന്നതു മൂലമുള്ള തൊഴിൽ നഷ്ടം പോലെ ട്രംപ് ഉന്നയിക്കുന്ന പ്രശ്നങ്ങൾ നിലവിലില്ലായിരുന്നെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പ്രതിവർഷം ലക്ഷത്തോളം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാല യു എസിൽ സ്ഥാപിക്കുന്നതിനെ വിവേകപൂർവമായ തീരുമാനമെന്നും സാമുവൽസൻ വിശേഷിപ്പിച്ചു. വേതനം, കടത്തുകൂലി തുടങ്ങി പ്രവർത്തനചെലവ് സംബന്ധിച്ചു വിശദമായ കണക്കുകൂട്ടലുകൾക്കു ശേഷം മെക്സിക്കോയിലെ സാധ്യതകളും പരിഗണിച്ച ശേഷമാണു പുതിയ ശാലയ്ക്കായി വോൾവോ യു എസിനെ തന്നെ തിരഞ്ഞെടുത്തത്. അതേസമയം മെക്സിക്കോ തികച്ചും ആകർഷകമായതിനാലാണു പല നിർമാതാക്കളും ആ രാജ്യത്തേക്കു ചേക്കേറുന്നതെന്നു സാമുവൽസൻ അംഗീകരിച്ചു. എന്നാൽ വോൾവോയെ സംബന്ധിച്ചിടത്തോളം യു എസാണ് പ്രധാന വിപണി; മെക്സിക്കോ അല്ല. വാഹന ഉടമകളുടെ അടുത്തെത്തി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമമാണു കമ്പനി നടത്തുന്നത്. ഒപ്പം വാഹന വ്യാപാരികളോടുള്ള പ്രതിബദ്ധതയുടെ തെളിവു കൂടിയാണു പുതിയ ശാലയെന്നും സാമുവൽസൻ അവകാശപ്പെട്ടു. കഴിഞ്ഞ വർഷം 5.34 ലക്ഷം കാറുകളാണു വോൾവോ വിറ്റത്; ഇതിൽ 83,000 എണ്ണം വിറ്റഴിഞ്ഞതു യു എസിലാണ്.  

Your Rating: