Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിന്റർകോണിനെ 2018 വരെ നിലനിർത്താൻ ഫോക്സ്​വാഗൻ

Martin Winterkorn (left) and Ferdinand Piech Martin Winterkorn (left) and Ferdinand Piech

കമ്പനി ചീഫ് എക്സിക്യൂട്ടീവായ മാർട്ടിൻ വിന്റർകോണിന്റെ കരാർ 2018 വരെ ദീർഘിപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്​വാഗൻ ആലോചിക്കുന്നു. വിന്റർകോണിനോടു ചെയർമാൻ ഫെർഡിനൻഡ് പീച്ചിനുള്ള താൽപര്യക്കുറവിനെ പൂർണമായും അവഗണിച്ചാണു കമ്പനിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ നിലപാട് സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.

വിന്റർകോണിന്റെ നിലവിലുള്ള നിയമന കാലാവധി അടുത്ത വർഷം അവസാനിക്കാനിരിക്കെയാണ് 20 അംഗ മേൽനോട്ട ബോർഡ് ഈ വിഷയത്തിൽ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജർമൻ കാർ നിർമാണ ഗ്രൂപ്പായ ഫോക്സ്​വാഗൻ തന്ത്രപരമായി തന്നെ പൊളിച്ചെഴുത്തിനു തുനിയുന്ന പശ്ചാത്തലത്തിലാണ് വിന്റർകോണിന്റെ കരാർ ദീർഘിപ്പിക്കുന്നതു സംബന്ധിച്ച ബോർഡിൽ ഔപചാരിക വോട്ടെടുപ്പ് നടക്കുന്നത്. ലാഭക്ഷമത വർധിപ്പിക്കാനായി വിന്റർകോൺ ഫോക്സ്​വാഗന്റെ കോർപറേറ്റ് ഘടന വികേന്ദ്രീകരിച്ചു നാലു ഹോൾഡിങ് കമ്പനികൾ രൂപീകരിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണു വിന്റർകോണും ഫെർഡിനൻഡ് പീച്ചുമായുള്ള അഭിപ്രായഭിന്നത തുറന്ന പോരിലെത്തിയത്. തുടർന്ന് വിന്റർകോണിനെ വിമർശിച്ചതിന്റെ പേരിൽ ബോർഡ് അംഗങ്ങളുമായി ഏറ്റുമുട്ടേണ്ടിവന്നതോടെ ജർമൻ വാഹനവ്യവസായ ലോകത്തെതന്നെ തലതൊട്ടപ്പനായ പീച്ചിനു ചെയർമാൻ പദവി ഒഴിയേണ്ടിയും വന്നു.

ഫോക്സ്​വാഗൻ എ ജി ബോർഡ് ചെയർമാൻ സ്ഥാനം പീച്ച്(78) രാജി വച്ചെന്നായിരുന്നു കമ്പനിയുടെ ഔപചാരിക പ്രഖ്യാപനം. പീച്ചിന്റെ ഭാര്യയായ ഉർസുലയും ബോർഡിലെ അംഗത്വം രാജിവച്ചതായി ഫോക്സ്​വാഗൻ അറിയിച്ചു. ഒപ്പം കമ്പനിയുടെ ഇടക്കാല ചെയർമാനായി ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ ഡപ്യൂട്ടിയായ ബെർത്തോൾഡ് ഹ്യൂബറിനെ നിയോഗിക്കുകയും ചെയ്തു.

പീച്ച് സ്ഥാനമൊഴിഞ്ഞു മാസങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിനു മുഴുവൻ സമയ പിൻഗാമിയെ കണ്ടെത്താൻ ഫോക്സ്​വാഗനു കഴിഞ്ഞിട്ടില്ല. മുൻ യൂണിയൻ മേധാവിയായിരുന്ന ബെർത്തോൾഡ് ഹ്യൂബറിനെ താൽക്കാലികമായി ഏൽപ്പിച്ച ചെയർമാൻ പദവി കമ്പനി ഇതുവരെ പരിഷ്കരിച്ചിട്ടില്ല. സി ഇ ഒയും ചെയർമാനുമായി അകൽച്ചയിലാണെന്ന തരത്തിൽ പ്രമുഖ ജർമൻ വാരികയിൽ വാർത്തവന്നതോടെയായിരുന്നു പീച്ച് — വിന്റർകോൺ ബന്ധം വഷളായത്. ഇതോടെ കമ്പനിയിൽ ആർക്കാണു മേധാവിത്തമെന്നു തെളിയിക്കാനുള്ള മത്സരവും കടുത്തു.

വിന്റർകോണിനെപ്പറ്റിയുള്ള പീച്ചിന്റെ വിലയിരുത്തൽ ബോർഡിലെ മറ്റ് അംഗങ്ങൾ പൂർണമായും തള്ളിയതോടെയാണു ചെയർമാന്റെ നില പരുങ്ങലിലായത്. ഇതോടെ പീച്ച് അടക്കം ആറംഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി വിന്റർകോണിനെ പ്രകീർത്തിച്ചു പ്രസ്താവനയുമിറക്കി. ഫോക്സ്​വാഗനു ലഭിക്കാവുന്ന ഏറ്റവും മികച്ച ചീഫ് എക്സിക്യൂട്ടീവ് ആണു വിന്റർകോൺ(67) എന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ. 2007 മുതൽ സി ഇ ഒ സ്ഥാനത്തു തുടരുന്ന വിന്റർകോണിനു ഫോക്സ്​വാഗനിലെ സ്വാധീനമേറെയുള്ള എംപ്ലോയീ കൗൺസിലിന്റെയും പിന്തുണയുണ്ട്. പോരെങ്കിൽ വിന്റർകോണിനെപ്പറ്റി പീച്ച് നടത്തിയതു വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന നിലപാടിലായിരുന്നു ബന്ധുവായ വുൾഫ്ഗാങ് പോർഷെ. ഫോക്സ്​വാഗന്റെ ഭൂരിഭാഗം ഓഹരികൾ പീച്ച്, പോർഷെ കുടുംബങ്ങളുടെ ഉടമസ്ഥതയിലാണ്.

കമ്പനിയുടെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കിയതിന്റെ പെരുമ പേറുന്ന പീച്ച് 1993 മുതൽ 2002 വരെ ഫോക്സ്​വാഗന്റെ സി ഇ ഒയായിരുന്നു. ചെക്ക് കാർ നിർമാതാക്കളായ സ്കോഡയെയും ആഡംബര ബ്രാൻഡുകളായ ബെന്റ്ലി, ബ്യുഗാറ്റി, ലംബോർഗ്നി എന്നിവയെയും ഫോക്സ്​വാഗന്റെ കുടക്കീഴിലെത്തിച്ചതും പീച്ച് തന്നെ. പോർഷെ സ്ഥാപകനും ‘ഫോക്സ്​വാഗൻ ബീറ്റിലി’ന്റെ സൃഷ്ടാവുമായ ഫെർഡിനൻഡ് പോർഷെയുടെ ചെറുമകനുമായ പീച്ച് മുമ്പ് പോർഷെയ്ക്കു പുറമെ ഔഡി മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.