Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാന്റിൽ തകരാർ; ‘ഗോൾഫ്’ നിർമാണം നിലച്ചു

golf

സ്റ്റാംപിങ് പ്ലാന്റിലെ സാങ്കേതിക തകരാറുകൾ മൂലം ഹാച്ച്ബാക്കായ ‘ഗോൾഫി’ന്റെ ഉൽപ്പാദനം താൽക്കാലികമായി നിർത്താൻ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗൻ ഒരുങ്ങുന്നു. സാങ്കേതിക തകരാർ മൂലം വുൾഫ്സ്ബർഗിലെ പ്രധാന പ്ലാന്റിൽ നിന്നുള്ള ‘ഗോൾഫ്’ നിർമാണമാണു വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ മൂന്നു പ്രവൃത്തി ദിവസത്തേക്കു നിർത്തിവയ്ക്കാൻ ഫോക്സ്വാഗൻ നിർബന്ധിതരായത്. സ്റ്റാംപിങ് പ്ലാന്റിന്റെ എൻജിനുള്ളിലെ പിസ്റ്റൻ റോഡ് പൊട്ടിയതോടെയാണു ഫോക്സ്വാഗൻ ശ്രേണിയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ‘ഗോൾഫി’ന്റെ ഉൽപ്പാദനം താൽക്കാലികമായി നിലച്ചത്. ‘ഗോൾഫി’നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന നിർമാണ കേന്ദ്രവുമാണു വുൾഫ്സ്ബർഗിലേത്. സ്റ്റാംപിങ് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ കാർ ബോഡിയുടെ പാർശ്വത്തിലെ പാളികൾക്ക് ക്ഷാമം നേരിടുന്നുണ്ടെന്ന് ഫോക്സ്വാഗൻ സ്ഥിരീകരിച്ചു.

അറുപതിനായിരത്തോളം ജീവനക്കാരാണു ഫോക്സ്വാഗന്റെ വുൾഫ്സ്ബർഗ് ശാലയിൽ ജോലി ചെയ്യുന്നത്. പ്രതിദിനം 3,800 കാറുകൾ വരെ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയും ഈ ശാലയ്ക്കുണ്ട്. പ്രശ്നത്തെപ്പറ്റി ജീവനക്കാരെ അറിയിച്ചതായും ഫോക്സ്വാഗൻ വ്യക്തമാക്കി. അതേസമയം, ഇപ്പോൾ നേരിടുന്ന ഉൽപ്പാദന നഷ്ടം എപ്പോൾ നികത്താനാവുമെന്നു കമ്പനിക്കും വ്യക്തമായ ധാരണയില്ല. ‘ഗോൾഫ്’ ഉൽപ്പാദനത്തിൽ നേരിട്ട അപ്രതീക്ഷിത തടസ്സം യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്വാഗനു കനത്ത തിരിച്ചടിയാണ്. ഒരു മാസത്തോളം മുമ്പാണു രണ്ടു വാഹനഘടക നിർമാതാക്കളുമായുള്ള തർക്കത്തെ തുടർന്നു കമ്പനിയുടെ കാർ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നത്.

ഫോക്സ്വാഗനുമായുള്ള അഭിപ്രായഭിന്നത മൂലം വുൾഫ്സ്ബർഗ് ശാലയിലേക്കു യന്ത്രഘടകങ്ങൾ എത്തിച്ചു നൽകാൻ ഈ നിർമാതാക്കൾ വിസമ്മതിക്കുകയായിരുന്നു. യു എസില കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ വിവാദ സോഫ്റ്റ്വെയർ ഉപയോഗിച്ചെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അംഗീകരിച്ചത് ആഗോളതലത്തിൽ തന്നെ ഫോക്സ്വാഗനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ‘പുകമറ’ വിവാദം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നു കരകയറാൻ തീവ്രശ്രമം നടത്തുന്നതിനിടയിലാണു കമ്പനിക്ക് വുൾഫ്സ്ബർഗ് ശാലയിലെ ഉൽപ്പാദന നഷ്ടം പോലുള്ള പുതിയ വെല്ലുവിളികൾ കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്.

Your Rating: