Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുകമറ’: വെബ്സൈറ്റ് വഴിയും സാന്നിധ്യം കണ്ടെത്താം

Volkswagen

കാറുകളിൽ വിവാദ സോഫ്റ്റ്​വെയറിന്റെ സാന്നിധ്യമുണ്ടോ എന്നു കണ്ടെത്താൻ കമ്പനിയുടെ വെബ്സൈറ്റിൽ സംവിധാനമൊരുക്കിയതായി ‘പുകമറ’ വിവാദത്തിൽ കുടുങ്ങിയ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്​വാഗൻ. ഫോക്സ്​വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ വെബ്സൈറ്റിലും സമാന സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

യു എസിൽ നിലവിലുള്ള കർശനമായ മലിനീകരണ നിയന്ത്രണ പരിശോധനയിൽ വിജയിക്കാൻ ഡീസൽ എൻജിനുള്ള കാറുകളിൽ സോഫ്റ്റ്​വെയർ സംവിധാനം ഏർപ്പെടുത്തിയെന്നാണു ഫോക്സ്​വാഗൻ ഗ്രൂപ്പിനെതിരായ പ്രധാന ആരോപണം. ജർമനിയിലെ ഉടമകൾക്ക് www.volkswagen.de/info എന്ന വെബ്സൈറ്റ് സന്ദർശിച്ച് കാറിന്റെ സീരിയൽ നമ്പർ നൽകിയാൽ വാഹനം ‘പുകമറ വിവാദ’ത്തിൽപെട്ടിട്ടുണ്ടോ എന്ന കണ്ടെത്താനാവും. ഔഡി ഉപയോക്താക്കളാവട്ടെ www.audi.de എന്ന വെബ്സൈറ്റ് സന്ദർശിച്ചു വേണം കാറിലെ വിവാദ സോഫ്റ്റ്​വെയറിന്റെ സാന്നിധ്യം കണ്ടെത്താൻ. പോരെങ്കിൽ അടുത്തുതന്നെ ഈ സൗകര്യം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കാനും ഫോക്സ്​വാഗനു പദ്ധതിയുണ്ട്; പുതിയ ‘സെർച്ച് ടൂൾ’ ക്രമേണ വിവിധ ദേശീയ സൈറ്റുകളിലും ലഭ്യമാവുമെന്നു കമ്പനി അറിയിച്ചു. അതുപോലെ കാറിൽ വിവാദ സോഫ്റ്റ്​വെയർ സാന്നിധ്യമുണ്ടോ എന്നു കണ്ടെത്താനുള്ള സംവിധാനം ആഗോളതലത്തിൽ ലഭ്യമാക്കുമെന്ന് ഔഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനു പുറമെ ഡീലർഷിപ്പുകൾ സന്ദർശിച്ചും സോഫ്റ്റ്​വെയറിന്റെ സാന്നിധ്യം ഉറപ്പാക്കാമെന്നു ഫോക്സ്​വാഗനും ഔഡിയും അറിയിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള നിർദേശം ഈ മാസം തന്നെ തയാറാവുമെന്നും ഫോക്സ്​വാഗൻ ഉറപ്പു നൽകുന്നു.

ഫോക്സ്​വാഗന്റെ ഉടമസ്ഥതയിലുള്ള പന്ത്രണ്ടോളം ബ്രാൻഡുകളിലായി ആകെ 1.10 കോടി ഡീസൽ വാഹനങ്ങളിൽ ‘പുകമറ’ സോഫ്റ്റ്​വെയർ ഇടംപിടിച്ചിട്ടുണ്ടെന്നാണു കണക്കാക്കുന്നത്. ഫോക്സ്​വാഗൻ നിർമിച്ചു വിറ്റ 50 ലക്ഷം കാറുകൾക്കു പുറമെ 21 ലക്ഷം ഔഡികളിലും 12 ലക്ഷം സ്കോഡകളിലും വിവാദ സോഫ്റ്റ്​വെയറിന്റെ സാന്നിധ്യം സംശയിക്കുന്നു. കൂടാതെ ഫോക്സ്​വാഗന്റെ തന്നെ 18 ലക്ഷത്തോളം വാണിജ്യ വാഹനങ്ങളും ‘പുകമറ’യുടെ നിഴലിലാണ്. ഒപ്പം സ്പെയിനിലെ ഉപസ്ഥാപനമായ സീറ്റിന്റെ ഏഴു ലക്ഷത്തോളം വാഹനങ്ങളിലും ‘പുകമറ’ സോഫ്റ്റ്​വെയർ ഇടംപിടിച്ചിട്ടുണ്ടത്രെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.