Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത കാർ വിപണി കീഴടക്കാൻ ഫോക്സ്‌വാഗൻ

volkswagen-car01

പത്തു വർഷത്തിനുള്ളിൽ വൈദ്യുത കാർ മേഖലയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയാണു ഫോക്സ്‌വാഗന്റെ ലക്ഷ്യമെന്നു ബ്രാൻഡ് മേധാവി ഹെർബർട്ട് ഡയസ്. ‘ഡീസൽഗേറ്റ്’ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മലിനീകരണ വിമുക്തമായ വാഹനങ്ങളിലേക്കു ശ്രദ്ധ തിരിക്കാനാണു ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ പദ്ധതി. 2025 ആകുമ്പോഴേക്ക് വൈദ്യുത വാഹന വിപണിയിൽ നേതൃസ്ഥാനം സ്വന്തമാക്കാനാണു ഫോക്സ്വാഗൻ ലക്ഷ്യമിടുന്നത്. പ്രതിവർഷം 10 ലക്ഷം വൈദ്യുത കാറുകളുടെ വിൽപ്പനയാണ് 2025ൽ ഫോക്സ്‌വാഗൻ പ്രതീക്ഷിക്കന്നത്. ഇതോടെ ഇലക്ട്രോ മൊബിലിറ്റി വിഭാഗത്തിൽ ആഗോളതലത്തിൽ നേതൃസ്ഥാനം സ്വന്തമാക്കാനും കമ്പനിക്കു കഴിയുമെന്നു ബ്രാൻഡിന്റെ ഭാവി പദ്ധതികൾ അനാവരണം ചെയ്ത ഡയസ് അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ വൈദ്യുത കാറുകളാവും ഫോക്സ്‌വാഗന്റെ മുഖമുദ്രയെന്നും ഫോക്സ്വാഗൻ ഗ്രൂപ്പിന്റെ വടക്കേ ജർമനിയിലെ വുൾഫ്സ്ബർഗിലുള്ള ആസ്ഥാനത്ത് ഡയസ് വെളിപ്പെടുത്തി.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ ഡീസൽ എൻജിനുകളിൽ നിരോധിത സോഫ്റ്റ്‌വയറിന്റെ സഹായം തേടിയതോടെയാണു ഫോക്സ്വാഗൻ പ്രതിസന്ധിയിലായത്. ‘ഡീസൽഗേറ്റ്’ വിവാദം പടർന്നതോടെ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയതായി 2015 സെപ്റ്റംബർ മധ്യത്തോടെ ഫോക്സ്‌വാഗൻ സ്ഥിരീകരിക്കുകയും ചെയ്തു. ലോകവ്യാപകമായി 1.10 കോടിയോളം വാഹനങ്ങളെ ബാധിച്ച ഈ പേരുദോഷത്തിൽ നിന്നു പുറത്തുകടക്കാനുള്ള തന്ത്രങ്ങളുടെ കൂടി ഭാഗമായാണു ഫോക്സ്‌വാഗൻ വൈദ്യുതവാഹന വിഭാഗത്തിലെ പ്രവർത്തനം വിപുലകരിക്കാൻ നടപടി തുടങ്ങിയത്. വമ്പൻ നിക്ഷേപത്തിനൊപ്പം വിപുലമായ നിർമാണസൗകര്യങ്ങളും വൈദ്യുത വാഹനങ്ങൾക്കായി ഏർപ്പെടുത്തുമെന്നാണു ഫോക്സ്വാഗന്റെ ഡയസിന്റെ വാഗ്ദാനം.
ഫോക്സ്വാഗൻ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയും കഴിഞ്ഞ വെള്ളിയാഴ്ച കമ്പനി പ്രഖ്യാപിച്ചിരുന്നു. 2020 ആകുമ്പോഴേക്ക് പ്രതിവർഷം 390 കോടി ഡോളർ ലാഭിക്കാനായി 30,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനാണു കമ്പനിയുടെ തീരുമാനം.

ഒപ്പം ഡിലിറ്റലൈസേഷൻ, സ്വയം ഓടുന്ന കാർ, വൈദ്യുത കാർ തുടങ്ങി ഭാവിയുടെ സാങ്കേതികവിദ്യകളിൽ ഫോക്സ്‌വാഗൻ വമ്പൻ നിക്ഷേപവും നടത്തുമെന്നാണു വാഗ്ദാനം. അടുത്ത 10 വർഷത്തിനകം വാഹന വ്യവസായത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിക്കുമെന്നാണു ഡയസിന്റെ നിലപാട്. പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്ക പെരുകുന്ന സാഹചര്യത്തിൽ അഞ്ചോ ആറോ വർഷത്തിനകം വൈദ്യുത കാറുകൾ വ്യാപകമാകുമെന്നും അദ്ദേഹം കരുതുന്നു. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വൈദ്യുത കാറുകളാണു മെച്ചമെന്നു വിലയിരുത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Your Rating: