Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുകമറ’: എൻജിൻമാറ്റ നടപടി ജനുവരി മുതലെന്നു ഫോക്സ്​വാഗൻ

Volkswagen Logo

‘പുകമറ’ വിവാദത്തിൽപെട്ട കാറുകൾ തിരിച്ചുവിളിച്ചുള്ള പരിശോധന പുതുവർഷത്തിൽ ആരംഭിക്കുമെന്നു ജർമൻ നിർമാതാക്കളായ ഫോക്സ്​വാഗൻ. അടുത്ത വർഷം അവസാനത്തോടെ പരിഹാര നടപടികൾ പൂർത്തിയാക്കാനാവുമെന്നും കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.

ലക്ഷ്യമിട്ടതു പോലെ കാര്യങ്ങൾ പുരോഗമിച്ചാൽ കാറുകളുടെ പരിശോധന ജനുവരിയിൽ തുടങ്ങുമെന്നു ഫോക്സ്​വാഗൻ ചീഫ് എക്സിക്യൂട്ടീവ് മത്തിയാസ് മ്യുള്ളർ അറിയിച്ചു. വർഷാവസാനത്തിനു മുമ്പു തന്നെ പരിശോധനയും പരിഹാര നടപടികളും പൂർത്തിയാക്കാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

യു എസിൽ പ്രാബല്യത്തിലുള്ള കർശന മലിനീകരണ നിർണയ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയെന്നായിരുന്നു യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്​വാഗന്റെ കുമ്പസാരം. തുടർന്നു പരിശോധന വിജയിക്കാനായി നിയമവിരുദ്ധമായ, ‘പുകമറ’ സോഫ്റ്റ്​വെയറിന്റെ സാന്നിധ്യം സംശയിക്കുന്ന 1.10 കോടിയോളം ഡീസൽ എൻജിനുകൾ മാറ്റിനൽകുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത്രയേറെ എൻജിനുകൾ മാറ്റിനൽകാൻ 650 കോടി ഡോളർ(42,686 കോടിയോളം രൂപ) ചെലവിടേണ്ടി വരുമെന്നാണു കമ്പനിയുടെ കണക്ക്.

അതേസമയം കമ്പനിയുടെ പ്രതിച്ഛായ തകർക്കുകയും കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയും ചെയ്ത ‘പുകമറ’ സോഫ്റ്റ്​വെയറിനെപറ്റി ഏതാനും ജീവനക്കാർക്കു മാത്രമായിരുന്നു അറിവെന്നു മ്യുള്ളർ അഭിപ്രായപ്പെട്ടു. തന്റെ മുൻഗാമിയായ മാർട്ടിൻ വിന്റർകോണിന് ഡീസൽ എൻജിനുകളിൽ കാട്ടിയ കൃത്രിമത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നെന്ന തരത്തിലുള്ള പ്രചാരണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്തായാലും കാര്യക്ഷമത കൈവരിക്കാനായി ഫോക്സ്​വാഗൻ വലിപ്പം കുറയ്ക്കുകയും കേന്ദ്രീകൃത രീതിയിലുള്ള പ്രവർത്തനം പരിമിതപ്പെടുത്തുകയും വേണമെന്നു മ്യുള്ളർ കരുതുന്നു. കമ്പനിക്കായി ഓരോ ബ്രാൻഡും മോഡലും നൽകുന്ന സംഭാവനയും കൃത്യമായി വിലയിരുത്തപ്പെടണം; ഈ വിഷയത്തിൽ ‘ബ്യുഗാട്ടി’യെ അദ്ദേഹം പേരെടുത്തു പരാമർശിക്കുന്നുമുണ്ട്. വിപ്ലവത്തിലുപരി പരിണാമത്തിലൂടെ മാത്രമേ ഫോക്സ്​വാഗനെ ശരിയായ പാതയിൽ തിരിച്ചെത്തിക്കാൻ കഴിയൂ എന്നാണു മ്യുള്ളറുടെ വിലയിരുത്തൽ. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കമ്പനി തിളക്കം തിരിച്ചുപിടിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ഫോക്സ്​വാഗന്റെ ഘടനയെ ഉടച്ചുവാർക്കാനുള്ള അവസരമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കമ്പനിയുടെ ഭാരം കുറയ്ക്കാനും കേന്ദ്രീകൃത രീതികൾ മാറ്റാനും ബ്രാൻഡുകൾക്കു കൂടുതൽ ഉത്തരവാദിത്തം കൈമാറാനുമൊക്കെയുള്ള സമയമാണിതെന്നും മ്യുള്ളർ കരുതുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.