Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവരെ തോൽപിക്കാനാവുമോ ക്വിഡിന് ?

cars

ഇന്ത്യൻ നിരത്തിലെ ജനപ്രിയ വാഹനം എന്ന ചോദ്യത്തിന് കൊച്ചുകുട്ടിയും ഉത്തരം പറയും ഓൾട്ടോ എന്ന്. ദശകത്തിലേറെയായി ഇന്ത്യൻ വാഹനവിൽപനയിലെ പ്രധാനിയായി തുടരുന്ന ഓൾട്ടോയ്ക്ക് വെല്ലുവിളി ഉയർത്തിയ വാഹനങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല.

എല്ലാക്കാലത്തും മാരുതിയുടെ പ്രധാന എതിരാളികളായിരുന്ന ഹ്യുണ്ടേയ് ഫ്ല്യൂയിഡിക്ക് സുന്ദരി ഇയോണിനെ പുറത്തിറക്കിയെങ്കിലും ഓൾട്ടോയുടെ ഒന്നാം സ്ഥാനത്തിന് കാര്യമായ ഇളക്കമൊന്നും സംഭവിച്ചില്ല.‌ ‌എന്നാൽ റെനോ ക്വിഡ് ഓൾട്ടോയ്ക്ക് പാരയാകുമെന്നാണ് വിലയിരുത്തൽ. മികച്ച മൈലേജും സ്റ്റൈലുമായി എത്തുന്ന ക്വിഡും സെഗ്‌മെന്റിലേ പ്രധാനികളുമായി താരതമ്യം.

പുറംഭാഗം

സെഗ്‌മെന്റിലെ ഏറ്റവും ബോൾഡായ ഡിസൈൻ ഏതെന്നു ചോദിച്ചാൽ റിനോ ക്വിഡ് എന്ന് നിസ്സംശയം പറയാം. ക്രോസ്ഹാച്ചുകളിൽ കാണുന്ന എസ് യു വി ലുക്ക് റെനോ എൻ‌ട്രിലെവലിലേയ്ക്കും എത്തിച്ചിരിക്കുന്നു. ഭേദപ്പെട്ട ഡിസൈനാണ് ഓൾട്ടോ 800 ന്, അധികം ആർഭാ‍ടങ്ങളൊന്നും തന്നെയില്ല. പുറത്തിറങ്ങിയ കാലം മുതലേ യുവാക്കളെ ആകർഷിക്കുന്ന ചെറു സുന്ദരിയാണ് ഇയോൺ.

സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറൻസായ 180എംഎമാണ് ക്വിഡിന്. മാരുതി 800ൽ അത് 160 എംഎമ്മും, ഇയോണിൽ അത് 170 എംഎമ്മും. നീളവും വീതിയും ക്വിഡിന് തന്നെയാണ് കൂടുതൽ. 3679 എംഎം നീളവും 3395എംഎം വീതിയും 1478 എംഎം പൊക്കവുമുള്ളപ്പോൾ ഇയോണാണ് പൊക്കക്കാരൻ 3495 എംഎം നീളവും 1550എംഎം വീതിയും 1500എംഎം നീളവുമുണ്ട് ഇയോണിന്. മാരുതി 800നാകട്ടെ 3395 എംഎം നീളവും 1490എംഎം വീതിയും 1475 എംഎം പൊക്കവുമുണ്ട്. 155/80 ആർ 13 ഇഞ്ച് വീലുകളാണ് ക്വിഡിൽ. ഇയോണിൽ 155/70ആർ 13 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. ഓൾട്ടോയിൽ 145/80ആർ 12 ഇഞ്ച് വീലുകളും.

ഉൾഭാഗം

ഫീച്ചറുകളാൽ സമ്പന്നമാണ് ക്വിഡിന്റെ ഉള്‍വശം, പലതും സെഗ്‌മെന്റിൽ തന്നെ ആദ്യം. റേഡിയോ, സിഡി പ്ലെയർ, ഓക്സ്, ബ്ലൂടൂത്ത് എന്നിവയൊടു കൂടിയ ഏഴ് ഇഞ്ച് ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് ക്വി‍ഡിൽ. കൂടാതെ കൂടിയ വകഭേദത്തിൽ കീലെസ് എൻട്രിയുമുണ്ട്. മുന്നിലും പിന്നിലും ഭേദപ്പെട്ട സ്ഥലവുമുണ്ട്.

ഇന്റീരിയറിന്റെ കാര്യത്തിൽ അത്രമോശമൊന്നുമല്ല ഇയോൺ. ഫ്ല്യൂയിഡിക്ക് ടച്ചുള്ള ഇന്റീരിയർ ഉപഭോക്താക്കളെ ആകർഷിക്കും. ഇയോണും ക്വിഡുമായി താരതമ്യം ചെയ്യുമ്പോൾ അത്ര സ്റ്റൈലിഷെന്നു പറയാനാവില്ല ഓൾ‌‍ട്ടോയുടെ ഇന്റീരിയർ. മാരുതി അവരുടെ പരമ്പരാഗത ശൈലിയിൽ തന്നെ ഇന്റീരിയറിന് നൽകിയപ്പോൾ മറ്റ് രണ്ട് കാറുകൾ‌ യുവാക്കളെ ആകർഷിക്കാനായി ഇന്റീരിയർ സ്പോർട്ടിയും സ്റ്റൈലിഷുമാക്കി.

എഞ്ചിൻ

ക്വിഡിൽ 799സിസിയുള്ള എഞ്ചിനാണ്. 3 സിലിണ്ടർ എഞ്ചിന്‍ 5678 ആർപിഎമ്മിൽ 53 ബിഎച്ച്പി കരുത്തും 4386 ആർപിഎമ്മിൽ 72 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്.

രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ടെന്നതാണ് ഇയോണിന്റെ പ്രത്യേകത. അതിൽ 814 സിസി എഞ്ചിൻ 5500 ആർപിഎമ്മിൽ 55 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 74.5 എൻഎം ടോർക്കും നൽകുന്നിണ്ട്. രണ്ടാമത്തെ എഞ്ചിൻ 998 സിസിയാണ്. 6200 ആർപിഎമ്മിൽ 68 ബിഎച്ച്പി കരുത്തും 3500 ആർപിഎമ്മിൽ 94 എൻഎം ടോർക്കും‍.

താരതമ്യേന കുറഞ്ഞ കരുത്താണ് ഓൾട്ടോ 800 ഉൽപാദിപ്പിക്കുന്നത്. എന്നാൽ കരുത്തുകൂടിയ വകഭേതമായ ഓൾട്ടോ കെ10, ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ വകഭേദവും ഓൾട്ടോയ്ക്കുണ്ട്. ഓൾ‌ട്ടോ 800ന്റെ 796സിസി ശേഷിയുള്ള എൻജിന്‍ 6000 ആർപിഎമ്മിൽ 47 ബിഎച്ച്പി കരുത്തും 3500 ആർപിഎമ്മില്‍ 69 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നുണ്ട്. കെ10 ഉം ഓട്ടോമാറ്റിക്ക് മാനുവൽ ട്രാൻമിഷൻ ഉപയോഗിക്കുന്ന മോഡലും 998 സിസി കപ്പാസിറ്റിയുള്ള എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 6000 ആർപിഎമ്മിൽ 67 ബിഎച്ച്പി കരുത്തും 3500 ആർ‌പിഎമ്മിൽ 90 എന്‍എം ടോർക്കും നൽകുന്നതാണ് ഓൾട്ടോ കെ10ന്റേയും എ ജി എസിന്റേയും എഞ്ചിൻ.

മൈലേജിന്റെ കാര്യത്തിൽ ക്വിഡ് എല്ലാവരേയും കടത്തിവെട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലിറ്ററിന് 25.17 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത് അതേ സമയം ഇയോണിന് 20.3 കീമിയുടെ ഓൾട്ടോയ്ക്ക് 22.74 കീമിയും മൈലേജ് ലഭിക്കുമെന്ന് ഹ്യുണ്ടായ്യും മാരുതിയും പറയുന്നു.

സെഗ്‌മെന്റിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ക്വിഡ് എന്ന് നിസംശയം പറയാം. എൻ‌ട്രി ലെവലിൽ കാണാത്ത പലഫീച്ചറുകളും ക്വിഡിലുണ്ട്, കൂടാതെ മികച്ച മൈലേജ് എന്ന വജ്രായുധവും. എന്നാൽ ഓൾട്ടോയും ഇയോണും മുന്നിൽ നിന്ന് നയിക്കുന്ന സെഗ്‌മെന്റിലേയ്ക്കുള്ള പ്രവേശനം അത്ര എളുപ്പമാകാൻ സാധ്യതയില്ല. കൂടാതെ സെയിൽ ആന്റ് സർവീസ് നെറ്റുവർക്കുകളുടെ അഭാവം ക്വിഡിന്റെ വിൽപനയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന കാര്യമാണ്.

വില (കൊച്ചി എക്സ് ഷോറൂം)

റെനോ ക്വിഡ്- 2.72 ലക്ഷം മുതൽ 3.68 ലക്ഷം വരെ

മാരുതി ഓള്‍ട്ടോ- 2.67 ലക്ഷം മുതൽ 4.23 ലക്ഷം വരെ

ഹ്യുണ്ടേയ് ഇയോൺ- 3.14 ലക്ഷം മുതൽ 4.33 ലക്ഷം രൂപ വരെ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.