Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വൈ സെഡ് എഫ് — ആർ ത്രി’യുമായി യമഹ

Yamaha YZF-R3

യമഹ മോട്ടോർ ഇന്ത്യയിൽ നിന്ന് പ്രീമിയം വിഭാഗത്തിൽപെട്ട പുതിയ 321 സി സി ബൈക്കായ ‘വൈ സെഡ് എഫ് — ആർ ത്രി’ വിൽപ്പനയ്ക്കെത്തി. ഡൽഹി ഷോറൂമിൽ 3.25 ലക്ഷം രൂപയാണു ബൈക്കിനു വില.

മികച്ച കരുത്തിന്റെയും ഭാരം കുറഞ്ഞ ബോഡിയുടെയും സംഗമത്തിലൂടെ തകർപ്പൻ കാഴ്ചപ്പൊലിമയ്ക്കൊപ്പം കിടയറ്റ പ്രകടനവും കാഴ്ചവയ്ക്കാൻ ‘വൈ സെഡ് എഫ് — ആർ ത്രി’ക്കാവുമെന്നു യമഹ അവകാശപ്പെട്ടു. പുത്തൻ എൻജിനും ഷാസി രൂപകൽപ്പനയുമായാണു യമഹ സൂപ്പർ ബൈക്ക് വിഭാഗത്തിൽ പുതിയ പോരാളിയെ പടയ്ക്കിറക്കുന്നത്.

വേഗം, കുതിപ്പ്, റോഡ് ഭേദമില്ലാത്ത പ്രകടനം തുടങ്ങിയ വിഭാഗങ്ങളിലൊക്കെ മികച്ച ഫലങ്ങൾ കൈവരിക്കാൻ ‘വൈ സെഡ് എഫ് — ആർ ത്രി’ സാക്ഷാത്കരിച്ച എൻജിനീയർമാരുടെ സംഘത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് യമഹ മോട്ടോർ ഇന്ത്യ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മസാകി അസാനൊ അഭിപ്രായപ്പെട്ടു. ബൈക്കുകളോടുള്ള സ്നേഹത്തിന്റെയും എൻജിനീയറിങ് വൈഭവത്തിന്റെയും അതുല്യ സംഗമമാണ് ‘വൈ സെഡ് എഫ് — ആർ ത്രി’ എന്നും അദ്ദേഹം വിലയിരുത്തുന്നു. വിദേശ നിർമിത (സി കെ ഡി) കിറ്റുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ സംയോജിപ്പിച്ചാവും ‘വൈ സെഡ് എഫ് — ആർ ത്രി’ നിരത്തിലെത്തുക. നിലവിൽ 250 മുതൽ 1000 സി സി വരെ എൻജിൻ ശേഷിയുള്ള സൂപ്പർ സ്പോർട്സ് വിഭാഗത്തിൽ ആയിരത്തോളം ബൈക്കുകളാണ് ഇന്ത്യയിലെ പ്രതിമാസ വിൽപ്പന. ഇതിൽ 20% വിഹിതമാണ് പുതിയ ബൈക്കിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന് യമഹ മോട്ടോർ ഇന്ത്യ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ അറിയിച്ചു.

ഇതോടെ സൂപ്പർ സ്പോർട്സ് വിഭാഗത്തിലെ പതാകവാഹക മോഡലായ ‘വൈ സെഡ് എഫ് — ആർ വൺ(998 സി സി) മുതൽ 125 സി സി എൻജിനുള്ള ‘വൈ സെഡ് എഫ് — ആർ 125’ വരെ യമഹ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. 599 സി സി എൻജിനുള്ള ‘വൈ സെഡ് എഫ് — ആർ സിക്സ്’, 249 സി സി എൻജിനുള്ള ‘വൈ സെഡ് എഫ് — ആർ ടു ഫൈവ്’, 150 സി സി എൻജിനോടെ എത്തുന്ന ‘വൈ സെഡ് എഫ് — ആർ വൺ ഫൈവ്’ എന്നിവയാണ് ഈ ശ്രേണിയിൽ ഇപ്പോൾ ഇന്ത്യയിലുള്ളത്. രാജ്യത്തെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴിയാണു യമഹ ‘വൈ സെഡ് എഫ് — ആർ ത്രി’ വിൽപ്പനയ്ക്കുണ്ടാവുക. റേസിങ് ബ്ലൂ, ബ്ലാക് ലൈറ്റ്നിങ് നിറങ്ങളിലാണു ബൈക്ക് ലഭിക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.