Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമഹയുടെ ‘എൻ മാക്സ്’ സ്കൂട്ടർ അടുത്ത വർഷം

Yamaha N Max Scooter Yamaha N-Max Scooter

മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്ന സ്കൂട്ടർ വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹയ്ക്കു പദ്ധതി. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ‘എൻ മാക്സ്’ ശ്രേണിയുടെ രൂപകൽപ്പനയ്ക്കുള്ള വ്യാപാര അവകാശം യമഹ മോട്ടോർ കമ്പനി ഉറപ്പാക്കി. 155 സി സി എൻജിനുള്ള ‘എൻ മാക്സ്’ അടുത്തുതന്നെ വിൽപ്പനയ്ക്കെത്തുമെന്നും ഇതോടെ ഉറപ്പായി.

പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ വിഭാഗത്തിൽ മികവു പുലർത്തിയിരുന്ന യമഹ ക്രമേണ സ്കൂട്ടറുകളിലേക്കും കമ്യൂട്ടർ വിഭാഗത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. കമ്യൂട്ടർ വിപണി പിടിക്കാനായി കമ്പനി 125 സി സി ബൈക്കായ ‘സല്യൂട്ടൊ’യുടെ പരിഷ്കരിച്ച പതിപ്പും പുറത്തിറക്കി.

സ്കൂട്ടർ വിഭാഗത്തിലാവട്ടെ നാലു മോഡലുകളാണു യമഹ നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്: ‘ഫാസിനൊ’, ‘ആൽഫ’, ‘റേ’, ‘റേ സീ’. കാഴ്ചപ്പകിട്ടേറിയ സ്കൂട്ടറുകൾ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണു യമഹ 113 സി സി എൻജിനുള്ള ‘ഫാസിനൊ’ പുറത്തിറക്കിയത്.

‘എൻ മാക്സി’ന്റെ അരങ്ങേറ്റ മോഡലിന് കരുത്തേകുക 155 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിനാവും; പരമാവധി 15 ബി എച്ച് പി കരുത്തും 14 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഗീയർ ഒഴിവാക്കി, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) സഹിതമാവും ‘എൻ മാക്സി’ന്റെ വരവ്. മിക്കവാറും അടുത്ത വർഷം പകുതിയോടെ ‘എൻ മാക്സ്’ വിൽപ്പനയ്ക്കെത്തുമെന്നാണു ലഭ്യമാവുന്ന സൂചന.

മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കും 13 ഇഞ്ച് വീലും സ്മോക്ക്ഡ് ഹെഡ്ലാംപുമൊക്കെയായി ആധുനിക കാലത്തിനു തികച്ചും യോജിച്ച രീതിയിലാണ് ‘എൻ മാക്സി’ന്റെ രൂപകൽപ്പന. ഇന്ത്യൻ ഇടപാടുകരുടെ പ്രതികരണം വിലയിരുത്താൻ ഫെബ്രുവരിയിൽ നടക്കുന്ന ‘2016 ഓട്ടോ എക്സ്പോ’യിൽ ഈ സ്കൂട്ടർ പ്രദർശിപ്പിക്കാനും യമഹയ്ക്കു പദ്ധതിയുണ്ട്.

രണ്ടു വർഷത്തിനകം ഇന്ത്യയിൽ 12 ലക്ഷം യൂണിറ്റിന്റെ വാർഷിക വിൽപ്പനയാണു യമഹ ലക്ഷ്യമിടുന്നത്; ഇതു യാഥാർഥ്യമാക്കാൻ അടുത്ത സാമ്പത്തിക വർഷം പുതിയ 100 സി സി മോട്ടോർ സൈക്കിളും കമ്പനി അവതരിപ്പിച്ചേക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.