Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമഹയുടെ ആർ ത്രി ബൈക്ക് ഓഫ് ദ ഇയർ

yahama-r3-testride-9 Yamaha R3

ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ഇരുചക്രവാഹനങ്ങൾക്കുള്ള പരമോന്നത ബഹുമതിയായി വാഴ്ത്തപ്പെടുന്ന ‘ഇന്ത്യൻ മോട്ടോർ സൈക്കിൾ ഓഫ് ദ് ഇയർ’(ഐ മോടി) പുരസ്കാരം ജാപ്പനീസ് നിർമാതാക്കളായ യമഹയുടെ ‘വൈ സെഡ് എഫ് — ആർ ത്രി’ സ്വന്തമാക്കി. രാജ്യത്തെ മുൻനിര ഓട്ടമൊബീൽ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരും വ്യവസായ പ്രമുഖരും ഉൾപ്പെടുന്ന വിധി നിർണയ സമിതി ഇത് എട്ടാം തവണയാണ് ‘ഐ മോടി’ പുരസ്കാരം പ്രഖ്യാപിക്കുന്നത്.ഡൽഹിയിൽ നടന്ന വർണാഭമായ ചടങ്ങിൽ ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ രഘുപതി സിംഘാനയയും പുരസ്കാര നിർണയ സമിതി ചെയർമാനും ‘ബൈക്ക് ഇന്ത്യ’ എഡിറ്ററുമായ ആസ്പി ഭത്തേനയും ചേർന്നാണ് ‘2016 ഐ മോടി’ യമഹയ്ക്കു സമ്മാനിച്ചത്.

honda cbr 600 CBR 650

കടന്നു പോയ വർഷത്തിനിടെ വിൽപ്പനയ്ക്കെത്തിയ ഇരുചക്രവാഹനങ്ങളിൽ നിന്നാണ് സമിതി അന്തിമ ഘട്ടത്തിൽ മത്സരിക്കുന്ന മൂന്നു മോഡലുകൾ തിരഞ്ഞെടുത്തത്. യമഹ ‘വൈ സെഡ് എഫ് — ആർ ത്രി’ക്കു പുറമെ ഹോണ്ട ‘സി ബി ആർ 650 എഫ്’, ബെനെല്ലി ‘ടി എൻ ടി 300’ എന്നിവയും അവസാന റൗണ്ടിലെത്തി. വില, ഇന്ധനക്ഷമത, രൂപകൽപ്പന, യാത്രാസുഖം, സുരക്ഷിതത്വം, പ്രകടനക്ഷമത, പ്രായോഗികത, സാങ്കേതിക മികവ് എന്നിവയ്ക്കൊപ്പം ഇന്ത്യൻ സാഹചര്യങ്ങളോടുള്ള പൊരുത്തവും പരിഗണിച്ചായിരുന്നു ‘ഐ മോടി’യുടെ വിധിയെഴുത്ത്. ഓട്ടമൊബീൽ പത്രപ്രവർത്തന മേഖലയിലെ പ്രമുഖരായ രാഹുൽ ഘോഷ് (ഓട്ടോ ടുഡൈ), അരൂപ് ദാസ്, ജാറെദ് സോളമൻ (ഇരുവരും ഓട്ടോ എക്സ്), ആസ്പി ഭത്തേന, അനിൻദ സർദാർ (ഇരുവരും ബൈക്ക് ഇന്ത്യ), അഭിനവ് മിശ്ര (ബി ബി സി ടോപ് ഗീയർ), ശിരീഷ് ചന്ദ്രൻ, ഔസേപ്പ് ചാക്കോ (ഇരുവരും ഇവൊ ഇന്ത്യ), പാബ്ലോ ചാറ്റർജി (മാൻസ് വേൾഡ്), കാർത്തിക് വാരെ(മോട്ടോറിങ് വേൾഡ്), ശുഭബ്രത മർമർ, ഹാലി പ്രഭാകർ(ഇരുവരും ഓവർഡ്രൈവ്) എന്നിവരായിരുന്നു വിധി നിർണയ സമിതിയിൽ.

yahama-r3-testride-8 Yamaha R3

കഠിനമായ പോരാട്ടത്തിനൊടുവിലാണു യമഹ ‘ഐ മോടി’ സ്വന്തമാക്കിയതെന്ന് ഭത്തേന വിശദീകരിച്ചു. മത്സരരംഗത്തുണ്ടായിരുന്ന പല മോഡലുകൾക്കും നിർമാതാക്കൾ ഈടാക്കുന്ന അമിത വിലയാണു വിനയായതെന്നും അദ്ദേഹം വെളിപ്പെടുത്തി. പോയിന്റ് നിലയിൽ നേരിയ വ്യത്യാസമാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ നിർണയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സനിൽ നിന്നുള്ള ‘സ്ട്രീറ്റ് 750’ ആണ് ‘ഐ മോടി’ പുരസ്കാരത്തിന് അർഹതമായത്. റോയൽ എൻഫീൽഡ് ‘കോണ്ടിനെന്റൽ ജി ടി’ (2014), കെ ടി എം ‘200 ഡ്യൂക്ക്’ (2013), ഹോണ്ട ‘സി ബി ആർ 250 ആർ’ (2012) എന്നിവയാണ് അതിനു മുമ്പ് ഈ പുരസ്കാരത്തിന് അർഹത നേടിയവർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.