Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂരജ്പൂരിൽ 4000 കിലോവാട്ട് സൗരോർജ പ്ലാന്റുമായി യമഹ

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് (ഐ വൈ എം) ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലുള്ള സൂരജ്പൂർ ശാലയിൽ 4000 കിലോവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിച്ചു. യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ് ചെയർമാൻ ഹിരൊവാകി ഫ്യുജിറ്റയും ഐ വൈ എം മാനേജിങ് ഡയറക്ടർ തകാഷി തെരബയാഷിയും ചേർന്നാണു സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പരിസ്ഥിതി സൗഹൃദ ഊർജ സ്രോതസുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഗ്രീൻ ഇന്ത്യ മിഷനു പിന്തുണ പ്രഖ്യാപിച്ചാണു കമ്പനിയുടെ ഈ നടപടി. സമ്പദ്വ്യവസ്ഥയും പ്രകൃതിയുമായി സന്തുലനം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കാത്ത ഹരിത നിർമാണം എന്ന ലക്ഷ്യം മുൻനിർത്തിയാണു യമഹയുടെ ഈ നടപടിയെന്ന് ഫ്യുജിറ്റ വിശദീകരിച്ചു.

പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളിൽ കമ്പനി മുമ്പും ഗണ്യമായ നിക്ഷേപം നടത്തിയിരുന്നു. ഊർജം സംരക്ഷിക്കുന്നതിനൊപ്പം സർക്കാർ പ്രഖ്യാപിച്ച ഗ്രീൻ ഇന്ത്യ മിഷനു പിന്തുണ പ്രഖ്യാപിക്കുന്നതുമാണു പുതിയ സൗരോർജ പ്ലാന്റെന്ന് ഫ്യുജിറ്റ അഭിപ്രായപ്പെട്ടു. ഇന്ധനങ്ങളുടെ ജ്വലനം കൂടാതെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു എന്നതാണു സൗരോർജ സെല്ലുകളുടെ പ്രധാന സവിശേഷത. പരമ്പരാഗത രീതിയിലുള്ള വൈദ്യുതി ഉൽപ്പാദനത്തിൽ ഇന്ധനങ്ങളുടെ ജ്വലനം മൂലം കാർബൺ ഡയോക്സൈഡ് സൃഷ്ടിക്കപ്പെടുമെന്നതാണു പരിസ്ഥിതി നേരിടുന്ന വെല്ലുവിളി. ഓരോ കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോഴും അര കിലോഗ്രാമോളം കാർബൺ ഡയോക്സൈഡാണ് അന്തരീക്ഷത്തിലെത്തുക. ഇതിനു പുറമെ ചലിക്കുന്ന യന്ത്രഭാഗങ്ങൾ ഇല്ലെന്നതിനാൽ സൗരോർജ പ്ലാന്റുകൾക്കു കാര്യമായ പരിപാലനം ആവശ്യമില്ല. നിശ്ശബ്ദമായി പ്രവർത്തിക്കുന്ന സൗരോർജ പ്ലാന്റുകൾക്ക് വൃത്തിയുമേറെയാണ്.

കാർബൺ ഡയോക്സൈഡിന്റെ ബഹിർഗമനം ഇല്ലെന്നതിനു പുറമെ പുനരുപയോഗ സാധ്യതയുമുള്ള സ്രോതസുമാണു സൗരോർജം. ആംപസ് സോളർ ആണ് ഐ വൈ എം ഇരുചക്രവാഹന നിർമാണശാലയിലെ സൗരോർജ പ്ലാന്റ് സ്ഥാപിച്ചത്; സൗരോർജ പ്ലാന്റിന്റെ പ്രവർത്തനവും പരിപാലനവും ഇതേ കമ്പനിയുടെ ചുമതലയിലാണ്. പരമാവധി 4000 കിലോവാട്ട് വരെ ശേഷിയുള്ള സൗരോർജ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ കാർബൺ ഡയോക്സൈഡ് ബഹിർഗമനത്തിൽ പ്രതിവർഷം 1.38 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവാണുണ്ടാവുകയെന്നു യമഹ അവകാശപ്പെട്ടു. പോരെങ്കിൽ പരമ്പരാഗത രീതിയിൽ ഇത്രയും വൈദ്യുതി ഉൽ പ്പാദിപ്പിക്കാൻ ഏകദേശം 10.20 ലക്ഷം ബാരൽ അസംസ്കൃത എണ്ണ ചെലവാകുന്നതും ലാഭിക്കാനാവും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.