Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിയാന ശാല വികസിപ്പിക്കാൻ യോകൊഹാമ ടയേഴ്സ്

Yokohama Tyres

വിപണി വിഹിതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജാപ്പനീസ് ടയർ നിർമാതാക്കളായ യോകൊഹാമ ടയേഴ്സ് ഇന്ത്യയിലെ ഉൽപ്പാദനശേഷി വർധിപ്പിക്കുന്നു. ഹരിയാനയിലെ നിർമാണശാലയുടെ ശേഷി ഉയർത്തുന്നതു സംബന്ധിച്ച സാധ്യതാ പഠനത്തിനും കമ്പനി തുടക്കമിട്ടു.

കഴിഞ്ഞ നവംബറിലാണു 300 കോടി രൂപ ചെലവിൽ സ്ഥാപിച്ച ബഹാദുർഗഢ് ശാലയിൽ നിന്നു യോകൊഹാമ ടയേഴ്സ് വാണിജ്യാടിസ്ഥാനത്തിലുള്ള ടയർ ഉൽപ്പാദനം ആരംഭിച്ചത്. നിലവിൽ ശാലയുടെ ഒന്നാംഘട്ടമാണു പ്രവർത്തനക്ഷമമായതെന്നും രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ സാധ്യതാപഠനമാണ് ആരംഭിച്ചതെന്നും യോകൊഹാമ ഇന്ത്യ ജനറൽ മാനേജർ സഞ്ജയ് ചാറ്റർജി വെളിപ്പെടുത്തി.

മൊത്തം 25 ഏക്കർ സ്ഥലത്താണു ബഹാദുർഗഢ് ശാല പ്രവർത്തിക്കുന്നത്. നാലു ഘട്ടമായി നടത്തുന്ന വികസനം പൂർത്തിയാകുന്നതോടെ ശാലയുടെ പ്രതിദിന ഉൽപ്പാദന ശേഷി ഇപ്പോഴത്തെ 2,000 ടയറിൽ നിന്ന് എണ്ണായിരത്തോളം എണ്ണമായി വർധിപ്പിക്കാനാവും.

ആഭ്യന്തര റബർ വ്യവസായ മേഖല പ്രതിവർഷം എട്ടു മുതൽ 10% വരെ വളർച്ച കൈവരിക്കുന്നതാണു യോകൊഹാമ ടയേഴ്സിനെ ഉൽപ്പാദനശേഷി ഉയർത്താൻ പ്രേരിപ്പിക്കുന്നത്. കൂടുതൽ ടയറുകൾ നിർമിച്ചു വിൽക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ ടയർ വിപണിയിലെ വിഹിതവും ക്രമമായി വർധിപ്പിക്കാനാവുമെന്നു കമ്പനി കണക്കുകൂട്ടുന്നു.

ഇന്ത്യയിൽ റീപ്ലേസ്മെന്റ് ടയറുകളുടെ വിപണി എട്ടു മുതൽ 10% വരെ വളർച്ച നേടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കൊല്ലത്തെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 40% വളർച്ച നേടാനാവുമെന്നാണു യോകൊഹാമ ടയേഴ്സിന്റെ പ്രതീക്ഷ. ഇന്ത്യയ്ക്കായി ഇന്ത്യയിൽ നിർമിച്ചതു കൊണ്ടാണു കമ്പനിയുടെ എർത്ത് വൺ ടയർ മികച്ച സ്വീകാര്യത കൈവരിച്ചതെന്നും ചാറ്റർജി അഭിപ്രായപ്പെട്ടു.

ശാല പൂർണതോതിൽ വികസിപ്പിച്ചു സാധ്യമായ ഉൽപ്പാദന ശേഷി മുഴുവൻ പ്രയോജനപ്പെടുത്താനാണു യോകൊഹാമ ടയേഴ്സിന്റെ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ 2,000 ടയറുകളാണു ദിവസവും ശാലയിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇത് പ്രതിദിനം 8,000 ടയറിലെത്തിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് ചാറ്റർജി അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.