Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാന്റ് വികസനത്തിനൊരുങ്ങി യോകോഹാമ ടയേഴ്സ്

yokohama

ഇന്ത്യയിലെത്തി ആദ്യ വർഷം പൂർത്തിയാക്കുന്ന ജാപ്പനീസ് ടയർ നിർമാതാക്കളായ യോകോഹാമ വിപുലമായ വികസന പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നു. 300 കോടിയോളം രൂപ മുതൽമുടക്കിലാണു കമ്പനി ഹരിയാനയിലെ വല്ലഭ്ഗഢിൽ പുതിയ നിർമാണശാല സ്ഥാപിച്ചത്. ഈ ശാലയുടെ വികസനത്തിനും ഉൽപ്പാദനശേഷി വർധനയ്ക്കുമുള്ള പുതിയ നിക്ഷേപം അടുത്ത മാസം പ്രഖ്യാപിക്കുമെന്നാണു സൂചന. പ്ലാന്റ് വികസനം സംബന്ധിച്ച തീരുമാനം വർഷാവസാനത്തോടെ പ്രതീക്ഷിക്കാമെന്നു യോകോഹാമ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ സതോഷി ഫ്യുജിറ്റ്സു വെളിപ്പെടുത്തി. വല്ലഭ്ഗഢിൽ നിലവിലുള്ള ഉൽപ്പാദനശേഷി ഇരട്ടിയെങ്കിലുമായി ഉയർത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യാത്രാവാഹനങ്ങൾക്കുള്ള ഏഴു ലക്ഷം ടയറുകളാണു നിലവിൽ ഈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി. സ്ഥാപിത ശേഷിയും 80 ശതമാനത്തോളം യോകോഹാമ ഇന്ത്യ ഇപ്പോൾ തന്നെ വിനിയോഗിക്കുന്നുമുണ്ട്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന 5.50 ലക്ഷം ടയറുകൾക്കു പുറമെ മുന്തിയ എസ് യു വികൾക്കായി ഒന്നര ലക്ഷത്തോളം ടയറുകൾ കമ്പനി ഇറക്കുമതി ചെയ്യുന്നുമുണ്ട്. ഇന്ത്യയിലെ ടയർ വിൽപ്പനയിൽ 45 ശതമാനത്തോളം വളർച്ചയും യോകോഹാമ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 4.2 ലക്ഷം ടയർ വിറ്റത് ഇത്തവണ ആറര ലക്ഷം യൂണിറ്റായി ഉയർത്താനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ 500 കോടിയോളം രൂപയുടെ നിക്ഷേപമാണു യോകോഹാമ ലക്ഷ്യമിടുന്നത്. ഇതോടെ 2020ൽ ഉൽപ്പാദനശേഷി 30 ലക്ഷം യൂണിറ്റിലെത്തിക്കാനാണു കമ്പനിയുടെ പദ്ധതി. അതേസമയം ഇന്ത്യൻ വിപണിയിൽ നിലവിൽ സാന്നിധ്യമുള്ള വിഭാഗങ്ങൾക്കപ്പുറത്തേക്കു തൽക്കാലെ പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ആലോചിക്കുന്നുമില്ല. റീപ്ലേസ്മെന്റ് വിഭാഗത്തിൽ ഒരു ശതമാനത്തോടടുത്തു മാത്രം വിപണി വിഹിതമുള്ള യോകോഹാമ ഇന്ത്യയിലെ വാഹന നിർമാതാക്കൾക്ക് ആർക്കും ടയർ ലഭ്യമാക്കുന്നുമില്ല. എന്നാൽ ജപ്പാനിൽ നിന്നുള്ള കാർ നിർമാതാക്കളായ ടൊയോട്ടയും ഹോണ്ടയുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നു ഫ്യുജിറ്റ്സു പറയുന്നു.

നിലവിൽ ടൊയോട്ടയ്ക്കായി യോകോഹാമ ടയർ ഇറക്കുമതി ചെയ്തു നൽകുന്നുണ്ട്; എന്നാൽ വൈകാതെ ടൊയോട്ടയ്ക്കുള്ള ടയറുകൾ പ്രാദേശികമായി നിർമിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഫാക്ടറിയുടെ പ്രവർത്തനം പൂർണതോതിലാവുന്നതോടെ ഉൽപ്പാദനത്തിന്റെ 30% വാഹന നിർമാതാക്കൾക്കു നൽകാനാവുമെന്നാണു ഫ്യുജിറ്റ്സുവിന്റെ കണക്കുകൂട്ടൽ. നിലവിൽ ടയർ നിർമാണത്തിനുള്ള 20% ഘടകങ്ങൾ മാത്രമാണു യോകോഹാമ പ്രാദേശികമായി സമാഹരിക്കുന്നത്. നാലഞ്ചു വർഷത്തിനുള്ളിൽ 90% ഘടകങ്ങളും ഇന്ത്യയിൽ നിന്നു കണ്ടെത്താനാണു കമ്പനിയുടെ നീക്കം. ഇതോടെ ഉൽപ്പാദന ചെലവ് 20 ശതമാനമെങ്കിലും കുറയുമെന്നും ഫ്യുജിറ്റ്സു അവകാശപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.