Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലത്ത് വാഹനം എങ്ങനെ സംരക്ഷിക്കാം

rain-care

മണ്‍സൂൺ എത്തിക്കഴിഞ്ഞു. കൊടുംചൂടിൽനിന്ന് പെട്ടെന്ന് കാലാവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം ജീവജാലങ്ങളെ മാത്രമല്ല ബാധിക്കുക. വാഹനങ്ങൾക്കും മൺസൂൺ രോഗപീഡകളുടെ കാലമാണ്. സ്വന്തം സുരക്ഷയ്ക്കും വാഹനത്തിന്റെ ഈടിനും ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾ ഇനിയും വൈകിക്കേണ്ട. ഇരു ചക്രമായാലും നാലു ചക്രമായാലും മഴയ്ക്കുവേണ്ടി തയാറെടുത്തേ പറ്റൂ. മഴയത്തുള്ള ബ്രേക്ക്ഡൗണുകൾ കൂടുതൽ ദുരിതമുണ്ടാക്കുമെന്ന് ഓർക്കുക; ചെറിയ അപകടങ്ങൾ വലിയ ദുരന്തമാകാമെന്നും.

വൈപ്പർ: മഴയത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ഘടകങ്ങളിലൊന്നാണ് വൈപ്പർ. വാഹനത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന ഘടകവും ഒരുപക്ഷേ വൈപ്പറുകൾ തന്നെയാകും. ‌ഭൂരിഭാഗം കാറുകളുടെ ൈവപ്പറുകളും മാറ്റിവയ്ക്കേണ്ട കാലാവധി കഴിഞ്ഞാലും ‍ഞെരുങ്ങിയും കരഞ്ഞുമാണ് ഓടുന്നത്. വൈപ്പറുകൾ ഉപയോഗശൂന്യമാകാൻ ഒരുപാട് ഉപയോഗിക്കണമെന്നൊന്നുമില്ല. ഉപയോഗിച്ചില്ലെങ്കിൽപ്പോലും റബർ പെട്ടെന്ന് ഉപയോഗശൂന്യമാകും. മഴക്കാലമെത്തുമ്പോൾ പുതിയ വൈപ്പർ ഇടുന്നതായിരിക്കും നല്ലത്. 

ഹെഡ്‌ലൈറ്റ്: മഴയുള്ള രാത്രികളിൽ കാറിൽ യാത്ര ചെയ്യുമ്പോൾ‍ പെട്ടെന്നായിരിക്കും ഹെഡ്‍ലൈറ്റ് ഫ്യൂസ് ആകുന്നത്. അതുകൊണ്ടുതന്നെ ഹെഡ്‌ലൈറ്റിന്റെ കാര്യക്ഷമത ഇടയ്ക്കൊന്നു പരിശോധിക്കണം. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ഹെഡ്‍‌ലൈറ്റ് മാറ്റുന്നതും നന്നായിരിക്കും. 

ഇലക്ട്രിക്കൽ പാർട്സ്: വാഹനത്തിലെ ഇലക്ട്രിക്കൽ സംവിധാനം മഴക്കാലത്ത് പണിമുടക്കാനുള്ള സാധ്യത ഏറെയാണ്. വൈപ്പറും ഹെ‍ഡ്‌ലൈറ്റും തുടങ്ങി പ്രധാനപ്പെട്ട പാർട്സുകൾ പണി മുടക്കിയാൽ മഴയത്ത് പെട്ടുപോയതു തന്നെ. വൈപ്പറും പാർക്ക് ലാംപും ഏതാണ്ട് സ്ഥിരമായിത്തന്നെ ഉപയോഗിക്കേണ്ടിവരുന്ന സമയമായതിനാൽ ബാറ്ററി ഉൾപ്പെടെയുള്ള ഘടകങ്ങൾക്ക് ജോലിഭാരമേറും.  ബാറ്ററി, ഓൾട്ടർനേറ്റർ, സ്റ്റാർട്ടർ, ഇൻഡിക്കേറ്റർ –ബ്രേക്ക് – പാർക്ക് – റിവേഴ്സ് – ഹെഡ് ലാംപുകൾ, വയറിങ്, ഹോൺ എന്നിവയെല്ലാം പരിശോധിപ്പിച്ച് മോശമായ ഘടകങ്ങൾ മാറ്റിവയ്പ്പിക്കുക. ഫോഗ് ലാപുകൾ മഴക്കാലത്ത് സുരക്ഷ കൂട്ടും. റിയർവിൻഡോ ഡീഫോഗർ പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കുക.

ടയറുകൾ: വാഹനത്തി‌‌ലെ സുപ്രധാനമായ ഘടകമാണ്. എല്ലാക്കാലത്തും ടയറുകൾക്ക് കാര്യക്ഷമത ആവശ്യമാണ്. മഴയുള്ളപ്പോൾ ടയറുകൾ നന്നല്ലെങ്കിൽ വാഹനം തെന്നി നീങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. ബ്രേക്ക് മികച്ച സ്ഥിതിയിലാണെങ്കിൽപ്പോലും ടയറുകൾ മോശമാണെങ്കിൽ അപകടമുണ്ടാകാം. മഴയ്ക്കു മുമ്പേ ടയറുകൾ പരിശോധിക്കുക. തേഞ്ഞു തീരാറായ ടയർ മാറ്റിയിടുക. ട്യൂബ് ഉപയോഗിക്കുന്ന ടയറുകളാണെങ്കിൽ അതിൽ ഒന്നിലധികം പങ്ചറുകളുണ്ടെങ്കിൽ അതും മാറ്റുന്നത് നല്ലതാണ്. ടയർ മർദ്ദം കൃത്യമാക്കുന്നതും അത്യാവശ്യമാണ് കാരണം അമിതമർദ്ദമുള്ള ടയറുകൾ അപകടകാരികളായേക്കാം.

ബ്രേക്ക്: നിർബന്ധമായും ബ്രേക്ക് പരിശോധന നടത്തുക. ലൈനറുകളും പാഡും മോശമാണെങ്കിൽ മാറുക. റബർ ഘടകങ്ങൾ നിർബന്ധമായും മാറുന്നതും ഫ്ളൂയിഡ് ‘ടോപ് അപ് ചെയ്യുന്നതും നല്ലതാണ്. എബിഎസ് ബ്രേക്കുള്ള കാറുകളുടെ ഗുണം അറിയുന്നത് മഴക്കാലത്തായിരിക്കും. ഇവ മറ്റുള്ളവയെക്കാൾ മികച്ച നിയന്ത്രണം നൽകും. 

മറ്റു ഭാഗങ്ങൾ: എൻജിൻ, സസ്പെൻഷൻ, ഗിയർബോക്സ്, സ്റ്റിയറിങ് എന്നീ ഘടകങ്ങളെല്ലാം പരിശോധിപ്പിക്കുന്നത് നന്നായിരിക്കും. നാലുചക്ര വാഹനങ്ങളാണെങ്കിൽ വൈപ്പർ മാറ്റിയിടുന്നത് നല്ലതാണ്. കൊടുംചൂടിൽ അതിന്റെ മികവ് നശിച്ചുകാണും. മറ്റു റബർ ഘടകങ്ങളും ബീഡിങ്ങുകളും മറ്റും നല്ല സ്ഥിതിയിലാണോ എന്നു പരിശോധിപ്പിക്കുക. അല്ലെങ്കിൽ വാഹനത്തിനുള്ളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്.

വാട്ടർ പ്രൂഫിങ്, റസ്റ്റ് പ്രൂഫിങ്: വെള്ളം തുടർച്ചായി പതിക്കുന്നത് വാഹനത്തിന്റെ ബോഡിക്ക് നാശനഷ്ടമുണ്ടാക്കിയേക്കും. പെയിന്റ് നഷ്ടമായ ഭാഗങ്ങൾ എത്രയും പെട്ടെന്ന് ടച്ച് ചെയ്യിക്കുക. മൂന്നു കൊല്ലത്തിനു മേൽ പഴക്കമുള്ളതാണെങ്കിൽ കാറിന്റെ ഉൾവശത്തിനും അടിഭാഗത്തിനും റസ്റ്റ് പ്രൂഫ് പെയിന്റിങ് നടത്തുന്നത് നന്നായിരിക്കും. കൂടാതെ, മഴ നനഞ്ഞുവന്ന വാഹനം നനവോടെ മൂടിയിടരുത്. ഇത് പെയിന്റ് ഫിനിഷ് നശിപ്പിക്കും, തുരുമ്പിനെ ക്ഷണിച്ചു വരുത്തും. കഴിയുന്നതും നനയാത്തയിടത്ത് പാർക്ക് ചെയ്യുന്നത് നന്നായിരിക്കും.