Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനം വെള്ളത്തിലാകാതെ

chennai-flood-1

കാലവർഷം ചൂടിൽനിന്ന് ആശ്വാസം നൽകുമെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നു, ഒട്ടേറെ വാഹനങ്ങളെ കുഴപ്പത്തിലുമാക്കുന്നു. നിങ്ങളുടെ പ്രദേശം വെള്ളക്കെട്ടുള്ളതാണെങ്കിൽ വാഹനം വെള്ളത്തിൽ മുങ്ങി എൻജിൻ ഓഫായി പോകാതിരിക്കാനും കൂടുതൽ നഷ്ടങ്ങൾ ഒഴിവാക്കാനുമായി ചില കാര്യങ്ങൾ ശ്രദ്ധിക്കുക: 

1. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തായിപ്പോയ വാഹനം സ്റ്റാർട്ട് ചെയ്യാതിരിക്കുക. വാഹനം സ്റ്റാർട്ട് ചെയ്യാതെ വെള്ളക്കെട്ടിൽനിന്നു നീക്കം ചെയ്യുക.

2. അപാർട്‌മെന്റിന്റെ ബേസ്‌മെന്റിലായാൽപ്പോലും വാഹനം വെള്ളക്കെട്ടിലാണെങ്കിൽ സ്റ്റാർട്ട് ചെയ്യരുത്. ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിന്റെ സഹായം തേടുക. 

3. വാഹനം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വിഭാഗത്തിൽപ്പെട്ടതാണെങ്കിൽ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം വലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽനിന്നുയർത്തി വേണം വലിക്കാൻ അല്ലെങ്കിൽ എടി ഗിയർ ബോക്‌സ് തകരാറിലാകും. 

4. മറ്റ് വാഹനങ്ങൾ വെള്ളക്കെട്ട് കടക്കുന്നതു കണ്ട് നിങ്ങളും അതിനു ശ്രമിക്കരുത്. ഓരോ വാഹനത്തിലെയും ഫിൽറ്റർ/സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നാൽ എൻജിൻ ഓഫാകും. വെള്ളക്കെട്ട് ഭാഗത്ത് വാഹനം ഓഫായാൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ഗാരേജിന്റെ സഹായം തേടുക, ഇൻഷുറൻസ് കമ്പനിക്കാരെയും വിവരം അറിയിക്കുക.

കനത്ത മഴയും വെള്ളക്കെട്ടും ആരുടെയും നിയന്ത്രണത്തിലുള്ളതല്ല. നല്ലൊരു മോട്ടോർ വാഹന ഇൻഷുറൻസ് ഉണ്ടെങ്കിൽ സാമ്പത്തിക നഷ്ടം ഒഴിവാക്കാം. ആഡ്-ഓൺ ഇൻഷുറൻസ് കവർ വാങ്ങി അധിക സംരക്ഷണം ഉറപ്പിക്കുന്നതാണ് അഭികാമ്യം. വളരെ കുറഞ്ഞ ചെലവിൽ നിലവിലെ ഇൻഷുറൻസിനൊപ്പം ഇത് കൂട്ടിച്ചേർക്കാം. ആഡ്-ഓണിൽ എൻജിൻ പ്രൊട്ടക്റ്റർ/ഹൈഡ്രോലിക് ലോക്ക് കവർ തുടങ്ങിയവയെല്ലാം കവർ ചെയ്യാം.

വാഹനത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ കൂടുതൽ നഷ്ടമുണ്ടാകാതിരിക്കാൻ ഉടനെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക. ഏറ്റവും അടുത്ത വർക്‌ഷോപ്പിലും ഉടൻ വിവരം അറിയിക്കണം. ഇൻഷുറൻസ് കമ്പനിയിൽ നിന്നുതന്നെ വർക‌്ഷോപ്പുകളുടെ ലിസ്റ്റ് ലഭിക്കും.

പരീക്ഷണ ഘട്ടങ്ങളിൽ നിങ്ങളെ സാമ്പത്തിക നഷ്ടത്തിൽനിന്നു രക്ഷിക്കാൻ ഇൻഷുറൻസ് കമ്പനിക്കു മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട് വാഹന ഇൻഷുറൻസും മറ്റ് ആസ്തികളിലെ ഇൻഷുറൻസും തെരഞ്ഞെടുക്കുമ്പോൾ ശരിയായ വിവരങ്ങൾ അറിയാൻ ശ്രദ്ധിക്കുക.അവസാനമായി, എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത്, സുരക്ഷിതമായി വാഹനം ഓടിക്കുക എന്നതു തന്നെയാണ്. 

∙ വിവരങ്ങൾക്കു കടപ്പാട്: കെ.ജി. കൃഷ്ണമൂർത്തി റാവു, എംഡി, സിഇഒ, ഫ്യൂച്ചർ ജെനറെലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്