Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാവിലെ ഇന്ധനം നിറയ്ക്കൂ, പണം ലാഭിക്കൂ

fuel-pump

അതിരാവിലെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന  ‘പഴമക്കാർ’ ധാരാളം ഉണ്ടെങ്കിലും ന്യൂ ജനറേഷൻ ഇതിനെക്കുറിച്ചു കാര്യമായി ശ്രദ്ധിക്കാറൊന്നുമില്ല. പലരും ഇതിനെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ഇതിന്റെ ‘ലോജിക്’ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടുമില്ല. അതിരാവിലെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ, അന്തരീക്ഷ താപനില കുറവായതുകൊണ്ട്, ഇന്ധനത്തിന്റെ ഡെൻസിറ്റി അഥവാ സാന്ദ്രത താരതമ്യേന കൂടുതലാണ്. 

അതേസമയം, അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് ഉച്ചസമയത്തും മറ്റും, ഇന്ധനത്തിന്റെ ഡെൻസിറ്റി കുറയുന്നു. ചൂടിൽ ഇന്ധനത്തിന്റെ തൻമാത്രകൾ വികസിക്കുന്നു. തൻമൂലം ലഭിക്കുന്ന ഇന്ധനത്തിന്റെ തോത് ഒരൽപം കുറയുന്നു. പലപ്പോഴും ഈ ഏറ്റക്കുറച്ചിലുകൾ നിസ്സാരമാണെങ്കിലും സ്ഥിരമായി വലിയ തോതിൽ ഇന്ധനം ഫുൾ ടാങ്കിൽ നിറയ്ക്കുന്ന സാഹചര്യങ്ങളിലും മറ്റും ഇതു കണക്കിലെടുക്കാവുന്ന ഘടകമാകുന്നു.

അടുത്ത പ്രാവശ്യം പെട്രോൾ പമ്പ് സന്ദർശിക്കുമ്പോൾ ‘ഡിസ്പെൻസർ യൂണിറ്റിലെ’ ഡെൻസിറ്റി റീഡിങ്ങും വിലയോടും അളവിനോടുമൊപ്പം ശ്രദ്ധിക്കുക. മിക്കവാറും പെട്രോൾ പമ്പുകളിൽ, ഇന്ധനത്തിന്റെ ഗുണനിലവാരം ‘ചലഞ്ച്’ ചെയ്യുന്നതിനായി ഡെൻസിറ്റി നിർണയിക്കുവാൻ ഗുണഭോക്താക്കൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. 

ഡോ. ബി.മനോജ് കുമാർ, അസോ. പ്രഫസർ, എസ്‌സിഎംഎസ് എൻജി കോളജ്, കറുകുറ്റി