Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ കാർ വാങ്ങുന്നതിന് മുമ്പ്

Buying a new car

ലോകത്തിലെ ഏറ്റവും വലിയ കാർ വിപണികളിലൊന്നാണ് ഇന്ത്യയുടേത്. ലോകത്തുള്ള ഒട്ടുമിക്ക വാഹന നിർമ്മാതാക്കളുടേയും കാറുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ പഴയപോലെ നേരെ ഷോറൂമുകളിലേയ്ക്ക് ചെന്ന് അവിടെക്കിടക്കുന്ന ഏതെങ്കിലും ഒരു കാർ സ്വന്തമാക്കാൻ ആരും മുതിരാറില്ല. പുതിയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ പറയുന്നത്. 

ബഡ്‌ജെറ്റ്

പുതിയ കാർ വാങ്ങാൻ തീരുമാനിച്ചാൽ ആദ്യം ചെയ്യേണ്ടത് എത്രയാണ് ബഡ്‌ജെറ്റ് എന്ന് തിരുമാനിക്കുകയാണ്. ബാങ്ക് ലോണിന്റെ സഹായത്തോടെയാണ് കാർ വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ മാസം എത്ര തുക ഇഎംഐക്കായി നീക്കിവെയ്ക്കാൻ സാധിക്കും എന്നതിന് അനുസരിച്ചായിരിക്കണം ലോൺ തുക തീരുമാനിക്കാൻ. കാർ വാങ്ങുമ്പോൾ ആദ്യം നല്കുന്ന തുക അഥവാ ഡൗൺ പേയ്‌മെന്റും വായ്പയെടുത്തിരിക്കുന്ന ബാങ്കിന് പ്രതിമാസം നല്കുന്ന ഇഎംഐയും  മാത്രമേ സാധാരണയായി ബജറ്റിൽ ഉൾപ്പെടാറുള്ളൂ എന്നാൽ കാറിനു വേണ്ടിവരുന്ന റണ്ണിങ് കോസ്റ്റിനെപ്പറ്റി (ഇന്ധനം, മെയിന്റനൻസ് ചെലവ്) ചിന്തിച്ചിട്ടുവേണം കാർ സ്വന്തമാക്കൻ ശ്രമിക്കാൻ. 

പെട്രോളോ ഡീസലോ?

പെട്രോൾ കാറാണോ ഡീസൽ കാറാണോ വാങ്ങേണ്ടതെന്ന് തീരുമാനിക്കുക. അധികം ഓട്ടമില്ലെങ്കിൽ പെട്രോൾ കാറുകൾ തന്നെയാകും അഭികാമ്യം. കാരണം ഒരു ലക്ഷം മുതൽ ഒന്നരലക്ഷം വരെ കൂടുതൽ കൊടുത്തുവാങ്ങുന്ന ഡീസൽ കാറുകൾക്ക് അധികം ഓട്ടമില്ലെങ്കിൽ വലിയ ലാഭമുണ്ടാകില്ല. 

ഹാച്ച്ബാക്കോ അതോ സെഡാനോ

മാരുതി 800 മാത്രം ഉൾപ്പെടുന്ന 'എ' സെഗ്‌മെന്റ് മുതൽ പ്രീമിയം ലക്ഷ്വറി കാറുകളുടെ 'ഡി' സെഗ്‌മെന്റ് വരെ നീളുന്ന വിവിധതരത്തിലുള്ള വാഹനങ്ങളുണ്ട്. ഇവയിൽത്തന്നെ ഹാച്ച് ബാക്ക്, സെഡാൻ, എസ് യുവി, എംയുവി എന്നീ വിഭാഗങ്ങൾ വേറെയും. അതുകൊണ്ട് എത് തരത്തിലുള്ള കാറാണ് വേണ്ടതെന്ന് ആദ്യമേ തീരുമാനിക്കുക. അഞ്ച് അംഗങ്ങളിൽ കൂടുതലുണ്ടെങ്കിൽ എസ് യു വികളോ എം യു വികളോ പരിഗണിക്കുകയായിരിക്കും നല്ലത്. കൂടാതെ ഏത് തരത്തിലുള്ള യാത്രകളാണ് കൂടുതലുള്ളത്, എന്നിങ്ങനെ എല്ലാ കാര്യവും പരിഗണിച്ചായിരിക്കണം സെഗ്മെന്റ് തിരഞ്ഞെടുക്കാൻ. 

ഏതു മോഡൽ?

ബഡ്‌ജെറ്റും സെഗ്മെന്റും തീരുമാനിച്ചാൽ ഏത് മോഡൽ കാറാണ് വേണ്ടതെന്ന് തീരുമാനിക്കാം. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് മോഡലുകളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തതിന് ശേഷം അവ തമ്മിൽ താരതമ്യം നടത്തുന്നത് നന്നായിരിക്കും. എഞ്ചിന്റെ കരുത്ത്, മൈലേജ്, ഡ്രൈവിങ് കംഫർട്ട്, പിൻസീറ്റ് യാത്രക്കാരുടെ കംഫർട്ട്, സുരക്ഷോപാധികൾ, സസ്‌പെൻഷന്റെ മികവ്, മൊത്തത്തിലുള്ള കുറവുകൾ എന്നിവ താരതമ്യം ചെയ്യണം. കൂടാതെ ആ മോഡലുകൾ ഉപയോഗിക്കുന്നവരോട് അഭിപ്രായം ചോദിക്കുന്നതും നന്നായിരിക്കും. കാരണം മൈലേജ്, അറ്റകുറ്റപ്പണി, ഡ്രൈവിങ് കംഫർട്ട് എന്നിവ സ്ഥിരമായി ഓടിക്കുന്നവർക്കേ കൃത്യമായി പറയാൻ കഴിയൂ. അതുകൊണ്ട് ആ ഫീഡ്ബാക്കുകൾകൂടി പരിഗണിച്ചേ കാർ തിരഞ്ഞെടുക്കാവും.

ഇനി ഡീലർഷിപ്പിലേക്ക്

ഏത് കാർ എന്ന് തീരുമാനിച്ചതിന് ശേഷം വേണം പുതിയ കാർ ബുക്ക് ചെയ്യാൻ ഡീലർഷിപ്പിനെ സമീപിക്കാൻ. ഓണം, വിഷു, ദീപാവലി, ക്രിസ്തുമസ് എന്നിങ്ങനെയുള്ള ഉത്സവകാലങ്ങളിൽ വാഹനം ബുക്ക് ചെയ്യുകയാണെങ്കിൽ ധാരാളം ഓഫറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. കാഷ് ഡിസ്‌കൗണ്ട്, ഫ്രീ ആക്‌സസറികൾ, ടാക്‌സ് ഇൻഷുറൻസ് ഫ്രീ, ഫ്രീ മെയിന്റനൻസ് പാക്കേജ് എന്നിങ്ങനെ പലതും ഉത്സവകാലത്തെ പ്രത്യേകതയാണ്. ഡിസംബറിൽ വാഹനം എടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. താരതമ്യേന ഡിസംബർ മാസത്തിൽ ഓഫറുകൾ കൂടുതലാണെങ്കിലും പിന്നീട് വിൽക്കുമ്പോൾ വില കുറയാൻ സാധ്യതയുണ്ട്. അതായത് 2014 ഡിസംബറിൽ വാങ്ങിച്ച വാഹനമാണെങ്കിലും റീസെയിൽ വില നോക്കുമ്പോൾ 2014 ഡിസംബർ എന്നല്ല 2014 എന്നതേ പരിഗണിക്കു. അതായത് 2014 ഡിസംബറും 2015 ജനവരിയും തമ്മിൽ ദിവസങ്ങളുടെ വ്യത്യാസമേയുള്ളൂവെങ്കിലും അത് വാഹനം മറിച്ചുവില്ക്കുമ്പോൾ പരിഗണിക്കപ്പെടുകയില്ല എന്നർഥം. അങ്ങനെ വാങ്ങിക്കുമ്പോൾ കിട്ടുന്ന ലാഭത്തിന്റെ വലിയൊരു ശതമാനം വിൽക്കുമ്പോൾ നഷ്ടമാകുന്നു.

ടെസ്റ്റ് ഡ്രൈവ് നിർബന്ധനം

വാങ്ങാനുദ്ദേശിക്കുന്ന കാറിനെപ്പറ്റി കാര്യമായി പഠിച്ചശേഷമാണ് നിങ്ങൾ ഡീലർഷിപ്പിൽ എത്തിയതെങ്കിലും ഇതുവരെ കേട്ടറിവുകൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാനായി പേഴ്‌സണൽ എക്‌സ്പീരിയൻസ് ആവശ്യമാണ്. ഇതിനായി കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യുക. ഡ്രൈവ് ചെയ്യുമ്പോൾ വീട്ടിലെ മറ്റ് അംഗങ്ങളെയും കൂട്ടി ടെസ്റ്റ് ഡ്രൈവിന് പോകുക കാരണം ഭാര്യ, മക്കൾ എന്നിവരുടേയും ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാമല്ലോ.

വാഹനത്തിന്റെ എല്ലാകാര്യങ്ങളും പരിഗണിച്ചതിന് ശേഷമേ വാഹനം തിരഞ്ഞെടുക്കാവും, കാരണം പിന്നീടൊരു തിരിച്ചുപോക്ക് സാധ്യമണ്.