Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനത്തിന്റെ നിറം സംരക്ഷിക്കാം ഈസിയായി

Bird droppings on car

പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ മൂർച്ചയുള്ള വസ്തുക്കൾ കൊണ്ടു വരയുന്നത് പലരുടെയും ഹോബിയാണ്. ബോഡിയുടെ ഒരു ചെറിയ ഭാഗം പെയിന്റടിക്കാൻ പോലും വലിയ ചെലവാണുള്ളതെന്ന് അറിഞ്ഞോ അറിയാതെയോ ഈ നശീകരണം. ഇതു മാത്രമല്ല പെയിന്റ് ചീത്തയാകാനുള്ള വഴി. അബദ്ധത്തിൽ തുളുമ്പുന്ന ഇന്ധനം, നഖം കൊണ്ടുള്ള എഴുത്തുകൾ, പക്ഷിക്കാഷ്ഠം തുടങ്ങിയവയെല്ലാം ദീർഘകാലം നീണ്ടുനിൽക്കുന്ന കറകളും പോറലുകളും തുരുമ്പു പോലും വരുത്തിയേക്കാം.

കാർ പെയിന്റിന് കേടു വരുത്തുന്ന ഘടകങ്ങളും അവ എങ്ങനെ ഒഴിവാക്കണമെന്നതു സംബന്ധിച്ച് ഫോഡ് ഏഷ്യ പസഫിക്, വെഹിക്കിൾ ഓപ്പറേഷൻസ് മാനുഫാക്ചറിങ് എഞ്ചിനീയറിങ്, പെയിന്റ് വിഭാഗം ചീഫ് എൻജിനീയർ റിച്ചാർഡ് ബർട്ട് മുന്നോട്ടു വയ്ക്കുന്ന ചില നിർദേശങ്ങളും:

പക്ഷിക്കാഷ്ഠം
പക്ഷിക്കാഷ്ഠം വൃത്തിയില്ലാത്തതാണെന്ന് മാത്രമല്ല, ഇവയ്ക്ക് കാറിന്റെ പെയിന്റ് പ്രതലത്തിൽ കാര്യമായ കേടുപാടുണ്ടാക്കാനും കഴിയും. പഴങ്ങളും വിത്തുകളും ചിലപ്പോൾ മണ്ണും വരെ അകത്താക്കുന്നതിനാൽ ഇവ അമ്ലസ്വഭാവമുള്ളവയാണ്. ഇവയ്ക്ക് പെയിന്റിൽ കറ വരുത്താനും നിറം മങ്ങിക്കാനും തിളക്കമില്ലാതാക്കാനും കഴിയും.

∙ ടിപ്: കാഷ്ഠം വീണ ഭാഗത്ത് വാഷ് സൊല്യൂഷൻ സ്‌പ്രേ ചെയ്ത ശേഷം മൈക്രോ ഫൈബർ തുണി കൊണ്ട് സാവധാനത്തിൽ തുടച്ചു നീക്കുക. പരക്കാതിരിക്കുന്നതിന് ഒപ്പിയെടുക്കുന്ന രീതി അവലംബിക്കുക.

ചതഞ്ഞരഞ്ഞ കീടങ്ങൾ
കീടങ്ങൾ ചെറുതാണെങ്കിൽ പോലും കാറിന്റെ പെയിന്റ് പ്രതലങ്ങൾക്ക് കാര്യമായ കേടുപാടുണ്ടാക്കാൻ ഇവയ്ക്ക് കഴിയും. ഇവ അമ്ലസ്വഭാവമുള്ളവയാണ്. കൃത്യമായും വൈകാതെയും ഇവയെ നീക്കം ചെയ്തില്ലെങ്കിൽ, പിന്നീട് ബുദ്ധിമുട്ടാകും.

∙ ടിപ്: കുറച്ച് ബഗ് ആന്റ് ടാർ റിമൂവർ, സോഫ്റ്റ് വാഷ് ക്ലോത്ത്, എൽബോ ഗ്രീസ് എന്നിവ കൊണ്ട് ഇവയെ വേഗത്തിൽ നീക്കം ചെയ്യാവുന്നതേയുള്ളൂ.

തുളുമ്പിയ ഇന്ധനം
ഇന്ധനം നിറയ്ക്കുമ്പോൾ ഒരു തുള്ളി പോലും പാഴാകരുതെന്നാണ് ഭൂരിപക്ഷം പേരുടെയും ആഗ്രഹം. എന്നാൽ വക്കു വരെ നിറയ്ക്കാനുള്ള ശ്രമത്തിൽ ഇന്ധനം തുളുമ്പി കാറിന്റെ പ്രതലത്തിൽ പരക്കാനുള്ള സാധ്യത ഏറെയാണ്. ഇത് കൃത്യമായി തുടച്ചു നീക്കിയില്ലെങ്കിൽ പെയിന്റിന്റെ മേൽകോട്ടിലേക്കിറങ്ങി തിളക്കം നഷ്ടപ്പെടുത്തും. ഇതുമൂലമുണ്ടാകുന്ന കറ നീക്കം ചെയ്യാനും വളരെ ബുദ്ധിമുട്ടാണ്.

∙ ടിപ്: ഇന്ധന ലീക്ക് കൊണ്ട് ടാങ്ക് മൂടിയ്ക്ക് സമീപമുണ്ടാകുന്ന തവിട്ടുനിറം ഒഴിവാക്കാൻ കഴിയുന്നത്ര വേഗം മൈക്രോഫൈബർ തുണി കൊണ്ട് തുടച്ചു നീക്കുക. കുറച്ച് ഇൻസ്റ്റന്റ് ഡീറ്റെയ്‌ലർ ഉപയോഗിക്കുന്നതും നല്ലതാണ്.

കല്ലിൻ കഷണങ്ങൾ
കല്ലിൻ കഷണങ്ങൾ, ചരൽക്കഷണങ്ങൾ, കല്ലിൻ ചില്ലുകൾ എന്നിവയെല്ലാം റോഡിൽ എവിടെയുമുണ്ടാകും. ഇവ തെറിച്ച് നിങ്ങളുടെ കാറിൽ പതിക്കും. പെയിന്റിന്റെ മേൽപ്പാളിയിൽ ചിന്നലുണ്ടാക്കാനും ചിലപ്പോൾ മറ്റ് തലങ്ങളിൽ കേടുപാടുണ്ടാക്കാനും ഇവയ്ക്ക് കഴിയും. കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാൻ പെയിന്റിന് പിന്നീട് കഴിഞ്ഞെന്നു വരില്ല.

∙ ടിപ്: എത്രയും വേഗം പ്രതിവിധി തേടുന്നതാണ് തുരുമ്പ് ഒഴിവാക്കാൻ ഉചിതമായ മാർഗം.

വിരലടയാളങ്ങൾ
പൊടി പിടിച്ച കാറിന്റെ പ്രതലത്തിൽ തമാശകളും മറ്റെന്തെങ്കിലുമൊക്കെ വരച്ചിടുന്നത് പൊതുവെയുള്ള ശീലമാണ്. നിഷ്‌കളങ്കമായ ഈ പ്രവൃത്തി കാറിന്റെ പെയിന്റിന് കോട്ടം വരുത്തുമെന്ന് നമുക്കറിയില്ല. വിരലിന്റെ ഈ ചലനം സാൻഡ്‌പേപ്പറിന് തുല്യമാണ്. അഴുക്കും പൊടിയുമെല്ലാം പെയിന്റിൽ പതിഞ്ഞ്, പൊടി പോയാലും അടയാളങ്ങൾ അവശേഷിപ്പിക്കും.

∙ ടിപ്: എളുപ്പത്തിലുള്ള മാർഗം ഇങ്ങനെ ചെയ്യാതിരിക്കലാണ്, എന്നാലും അത് സംഭവിച്ചേക്കാം. ദിവസവും കാർ തുടച്ചു വൃത്തിയാക്കുന്നതിലൂടെ പൊടി ഒഴിവാക്കാം. ചെറു പോറലുകൾ നീക്കാൻ കുറച്ചു പോളിഷ് മതി. അതിനുമുമ്പ് കാർ കഴുകാൻ മറക്കരുത്.

ചാരം
മോശമായ അന്തരീക്ഷത്തിൽനിന്നു ചാരവും പൊടിയുമെല്ലാം നിങ്ങളുടെ കാറിൽ പതിച്ചേക്കാം. പലരും ഇത് ഉടനെ കഴുകി നീക്കം ചെയ്യാനാണ് മുതിരുക. ചാരവുമായി വെള്ളം മിശ്രണം ചെയ്യുന്നത് കാറിന്റെ തിളക്കം മങ്ങിക്കുന്ന ക്ഷാരസ്വഭാവത്തിലാണ് കലാശിക്കുക.

∙ ടിപ്: പുറത്ത് പാർക്ക് ചെയ്യുമ്പോൾ കാർ മൂടിയിടുന്നതാണ് എളുപ്പമാർഗം. ചാരം ഡസ്റ്റർ ഉപയോഗിച്ച് നീക്കം ചെയ്യുക.

വൃത്തിയില്ലാത്ത കഴുകൽ ഉപകരണങ്ങൾ
നിങ്ങൾ എത്ര തവണ കാർ കഴുകിയാലും ഉപയോഗിക്കുന്നത് വൃത്തിയില്ലാത്ത സാധനങ്ങളാണെങ്കിൽ ഇവയ്ക്ക്, കാറിന്റെ പെയിന്റിൽ സ്ഥിരമായ കേടുപാടുണ്ടാക്കാനാകും. ഏറ്റവും മികച്ചതും മൃദുവായതുമായ മൈക്രോഫൈബർ തുണിയോ സ്‌പോഞ്ചോ ആകട്ടെ, ഇവ താഴെ വീഴുന്ന മാത്രയിൽ പൊടിയും മണ്ണും അഴുക്കും പിടിച്ചെടുക്കുന്നു. ഇത് പൂർണമായും കഴുകി വൃത്തിയാക്കാൻ കഴിയില്ല. ഇവ ഉപയോഗിച്ച് കാർ കഴുകുന്നത് തുടരുകയാണെങ്കിൽ പോറലുകളും പാടുകളുമാകും ഫലം.

∙ ടിപ്: കഴുകുന്നതിനുള്ള തുണിയോ സ്‌പോഞ്ചോ താഴെ വീഴുകയാണെങ്കിൽ, പുതിയതൊരെണ്ണമെടുക്കുക. എപ്പോഴും അധികമായി ഒന്നോ രണ്ടോ എണ്ണം കരുതുന്നത് ഗുണകരമായിരിക്കും. കരസ്പർശമേൽക്കാത്ത കഴുകൽ സാധ്യമാകുമെങ്കിൽ അതായിരിക്കും കൂടുതൽ നന്ന്. അഴുക്കിന്റെയും പൊടിയുടെയും നേരിയ അംശങ്ങൾ പോലും നീക്കം ചെയ്യാൻ ഇത്തരത്തിലുള്ള കഴുകലിന് സാധിക്കും.