Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർസി ബുക്കിൽ പേരുമാറ്റാൻ

rc-book

കുറച്ചു നാളുകൾക്കു മുമ്പ് മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തയാണ്, മറ്റൊരാൾക്കു വിറ്റ വാഹനമുണ്ടാക്കിയ അപകടത്തിൽ മുൻ ഉടമ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധി. വാഹനത്തിന്റെ ആർസി ഉടമയുടെ പേരിന്റെ സ്ഥാനത്ത് മുൻ ഉടമയുടെ പേരു തന്നെയായതായിരുന്നു കാര്യം. വാഹനം വിൽക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് ആർസിയിലെ പേരുമാറ്റം. വിൽപന നടത്തിയ കാർ അപകടത്തിലോ കേസിലോ കുടുങ്ങി വീട്ടിൽ നോട്ടിസ് കിട്ടുമ്പോഴാണ് മിക്കവർക്കും കാര്യം പിടികിട്ടുന്നതുതന്നെ. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശവും മാറ്റി നൽകുവാൻ ശ്രദ്ധിക്കുക. വിൽക്കുന്നയാൾ ഉടമസ്ഥാവകാശം മാറിയിട്ടേ ആർ സി ബുക്ക് കൈമാറാവൂ. ആർസി ബുക്കിൽ പേരു മാറ്റാൻ ചെയ്യേണ്ടത് എന്തെല്ലാമാണെന്നു നോക്കാം.

ഒരു വാഹനം വിറ്റാൽ നിങ്ങളുടെ ഉത്തരവാദിത്തം തീർന്നു എന്നു കരുതരുത്. വാഹനം വാങ്ങുന്നയാളിൽനിന്ന് ഫോം 29 (notice of ownership) രണ്ടു കോപ്പി ഒപ്പിട്ടു വാങ്ങണം. അതിൽ ഒരു കോപ്പിക്കൊപ്പം ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷാഫോം (ഫോം 30), ഹൈപ്പോത്തിക്കേഷനുണ്ടെങ്കിൽ (വായ്പ) ആ സ്ഥാപനത്തിന്റെയോ വ്യക്തിയുടേയോ സമ്മതപത്രം, നിലവിലെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, മേൽവിലാസം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഫീസ് അടച്ച് ആർടിഒ ഓഫിസിൽ അപേക്ഷ കൊടുത്താൽ ഉടമസ്ഥാവകാശം മാറ്റി നൽകും. (ഫീസ് നിരക്ക്: കാറിന് 150 രൂപ, ഇരുചക്രവാഹനം 55രൂപ). അപേക്ഷ ഓൺലൈൻ വഴിയും സമർപ്പിക്കാം.

വാഹനം വിൽക്കുമ്പോൾ വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ ഉഭയകക്ഷി കരാർ ഉണ്ടാക്കുമെങ്കിലും മോട്ടോർ വാഹന വകുപ്പ് നിയമത്തിൽ ഇങ്ങനെയൊരു കരാറിനു നിലനിൽപ്പില്ല. വാഹനത്തിന്റെ പേരിൽ എന്തെങ്കിലും കേസ് ഉണ്ടായാൽ നിയമ നടപടിക്രമങ്ങൾ ആർസി ബുക്കിൽ സൂചിപ്പിച്ചിട്ടുള്ള ഉടമ നേരിടേണ്ടിവരും.

വാഹനത്തിന്റെ റജിട്രേഷൻ സർട്ടിഫിക്കറ്റിൽ പേരുമാറ്റി 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റിലെയും പേരുമാറ്റേണ്ടതാണ്. അല്ലെങ്കിൽ പരിരക്ഷ ലഭിക്കുകയില്ല.

ഉടമയുടെ മരണ ശേഷം പേരുമാറ്റാൻ

വാഹന ഉടമയുടെ മരണശേഷം അനന്തരാവകാശിയുടെ പേരിലേക്കു വാഹനത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനായി മരണം നടന്നു മൂന്നു മാസത്തിനുള്ളിൽ അപേക്ഷിക്കേണ്ടതാണ്. അതിനായി ഫോറം 31 (Application and intimation of transfer of ownership ), റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, അനന്തരവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നവ സഹിതം റ‍ജിസ്ട്രേഷൻ അധികാരിക്കു സമർപ്പിച്ചാൽ മതി. ആവശ്യമായ അന്വേഷണത്തിനു ശേഷം വാഹത്തിന്റെ പേരു മാറ്റിക്കിട്ടും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.