Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനക്ഷമത കൂട്ടാം ഡ്രൈവിങ് രീതിയിലൂടെ

mileage-tips

പരസ്യത്തിൽ പറയുന്നതോ അതിലൽപ്പം കൂടുതലോ മൈലേജ് നൽകാൻ മിക്ക കാറുകൾക്കും കഴിവുണ്ട്. ഇതു പ്രധാനമായും ഡ്രൈവിങ് രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. കാറുകളിൽ സാങ്കേതിക പരിഷ്കാരങ്ങളൊന്നും വരുത്താതെ ഡ്രൈവിങ് രീതിയിലൂടെ മൈലേജ് കൂട്ടാൻ സാധിക്കും

∙ ടയറിൽ എപ്പോഴും ആവശ്യത്തിനു മർദത്തിൽ കാറ്റുണ്ടെന്ന് ഉറപ്പു വരുത്തുക.
∙ കൃത്യമായ കാലയളവിൽ സർവീസിങ്ങും ഫിൽറ്റർ മാറ്റവും. കൂടുതൽ പൊടിയുള്ള സാഹചര്യമാണെങ്കിൽ എയർ ഫിൽറ്റർ കമ്പനി പറയുന്ന കാലയളവിലും നേരത്തേ മാറാം.
∙ ക്രമേണ വേഗം ആർജിക്കുകയും അനുക്രമമായി വേഗം കുറയ്ക്കുകയും ചെയ്യുന്ന ഡ്രൈവിങ് ശൈലി സ്വായത്തമാക്കുക
∙ എൻജിൻ വേഗം കൂടുതൽ ഉയരുന്നതിനു മുൻപ് ഉയർന്ന ഗീയറിലേയ്ക്കു മാറുക
∙ദൂരയാത്രകളിൽ കഴിവതും 50-60 കിലോമീറ്റർ പരിധിയിൽ ഓടിക്കുക
∙ ഒരു മിനിറ്റിലേറെ നിർത്തേണ്ടതുണ്ടെങ്കിൽ (മിക്ക ട്രാഫിക് ലൈറ്റിനും ടൈമർ ഡിസ്പ്ലേ ഉണ്ടല്ലോ) എൻജിൻ ഓഫാക്കാം.
∙ എസിയുടെ ഉപയോഗം കഴിവതും ആവശ്യത്തിനുമാത്രം ആക്കുക.
∙ ചെറു യാത്രകളല്ലാത്തവ മുൻകൂട്ടി പ്ലാൻ ചെയ്യുക. ചെന്നെത്തുന്ന സ്ഥലം പരിചിതമാണെങ്കിൽ എവിടെ പാർക്ക് ചെയ്യണമെന്നു നേരത്തേ തീരുമാനിക്കുക.
∙ കഴിവതും 50-60 കിലോമീറ്റർ വേഗത്തിൽ പരമാവധി ഉയർന്ന ഗീയറിൽ (4.5 ഗീയറുകൾ) ഭൂരിഭാഗം സമയവും ഓടിക്കുക എന്നതായിരിക്കണം കൂടുതൽ മൈലേജ് ആഗ്രഹിക്കുന്ന ആളിന്റെ ലക്ഷ്യം
∙ ശാന്തമായ മാനസികാവസ്ഥയിലുള്ള ഡ്രൈവിങ് ആണ്. ഉയർന്ന മൈലേജിന് അടിസ്ഥാനം പെട്ടെന്നുള്ള വേഗമെടുക്കൽ, അടിക്കടിയുള്ള ബ്രേക്കിങ്ങും ഗീയർ മാറ്റലും ക്ലച്ച് സ്ലിപ്പ് ചെയ്തുള്ള (ഹാഫ് ക്ലച്ച്) നിരങ്ങൽ ഇവയെല്ലാം മൈലേജ് കുറയാൻ കാരണമാകും. കാറോടിക്കുമ്പോൾ മുൻപിൽ ഉയർന്നു വരുന്ന സാഹചര്യങ്ങളോട് അവസാന നിമിഷം പ്രതികരിക്കാൻ കാത്തിരിക്കരുത്.

എസിയും മൈലേജും

മൈലേജ് കുറയ്ക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്ന ഒന്നാണ് എസിയുടെ ഉപയോഗം. കടുത്ത വേനലിൽ എസി ഉപയോഗം വേണ്ടെന്നുവച്ച് മൈലേജ് കൂട്ടാൻ ശ്രമിക്കുന്ന കടും കൈ ആരും ചെയ്യാനിടയില്ല. എന്നാൽ ഏതു നേരവും എസി ഉപയോഗിക്കുന്ന രീതിയ്ക്കു മാറ്റം വരുത്താൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. അതിരാവിലെയും സന്ധ്യമയങ്ങിക്കഴിഞ്ഞുമുള്ള യാത്രകളിൽ, പ്രത്യേകിച്ച് ചെറിയ ദൂരങ്ങൾക്ക് എസി ഒഴിവാക്കാം. എന്നാൽ ദൂരയാത്രകളിൽ എസി ഓഫ് ചെയ്തു കാറിന്റെ ഗ്ലാസ് താഴ്ത്തി വച്ച് ഉയർന്ന വേഗത്തിൽ ഓടിച്ചാൽ പ്രയോജനമില്ല. വായു പ്രതിരോധം മൂലം ഇന്ധനനഷ്ടം കൂടും. അതിലും ഭേദം ഗ്ലാസുകൾ ഉർത്തിവച്ച് എസി ഉപയോഗിച്ചുകൊണ്ട് മിതമായ വേഗത്തിൽ ഓടിക്കുന്നതാണ്.

ഓട്ടത്തിൽ മാത്രമല്ല പാർക്ക് ചെയ്യുമ്പോൾ പോലും ഇന്ധനനഷ്ടം ഉണ്ടാകാനിടയുണ്ട്. ഉദാഹരണത്തിന്, ഇടുങ്ങിയ സ്ഥലങ്ങളിലോ തിരക്കുള്ള പ്രദേശങ്ങളിലോ ഒക്കെ പാർക്ക് ചെയ്യുമ്പോൾ അൽപം ബുദ്ധിമുട്ടിയാണെങ്കിലും മുന്നിലേക്കിറങ്ങി പോകാൻ പാകത്തിന് പാർക്ക് ചെയ്യണം. അല്ലെങ്കിൽ തിരിച്ചുപോകാൻ സമയത്ത് ഏറെ നേരം റിവേഴ്സിലും ഫസ്റ്റിലുമായി അങ്ങോട്ടുമിങ്ങോട്ടും നിരങ്ങേണ്ടിവന്നേക്കും. ഓടി ചൂടായി വന്ന കാറിൽ ഈ അഭ്യാസങ്ങൾ കാണിക്കേണ്ടിവരുമ്പോൾ ആവശ്യമാകുന്നതിന്റെ ഇരട്ടി ഇന്ധനം തണുത്തുകിടക്കുന്ന കാർ സ്റ്റാർട്ടപ്പ് ആക്കിയാലുടൻ വേണ്ടിവരുന്നു. കാര്യക്ഷമമായ പ്രവർത്തനത്തിനുള്ള താപനില ആർജിക്കാൻ താമസം വരുന്ന ഡീസൽ കാറുകൾക്ക് ഇതു കൂടുതൽ ബാധകമാണ്.

ചെലവു കുറഞ്ഞ ഡ്രൈവിങ്!

ആധുനിക പെട്രോൾ, ഡീസൽ കാറുകളിലെല്ലാം ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ് നിയന്ത്രിക്കുന്നത് ഫ്യൂവൽ ഇൻജക്ഷനാണ്. ഓടിക്കുന്ന ആൾ ആക്സിലറേറ്ററിൽ നിന്നു പെട്ടെന്നു പൂർണമായും കാലെടുത്താൽ ത്രോട്ടിൽ വാൽവ് അടയും. തൽസമയം എൻജിനിലെ വാക്വം പെട്ടെന്നു കൂടുന്ന അവസ്ഥ സംജാതമാകുന്നു. ഓവർ റൺ എന്നു പറയുന്ന ഈ സ്ഥിതി തിരിച്ചറിയുന്ന കൺട്രോൾ യൂണിറ്റ് എല്ലാ ഇൻജക്ടറുകളും ഉടൻ അടയ്ക്കും. ബാക്ക്ഫയർ എന്ന അനിയന്ത്രിത ഇഗ്നീഷൻ തടയാനാണിത്. ഈ പ്രവർത്തനം കാറോടിക്കുന്ന ആൾക്ക് മൈലേജ് മെച്ചപ്പെടുത്താൻ ഉപയോഗിക്കാം. അൽപം ദൂരെ കാർ നിർത്തേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ (ഉദാ: ട്രാഫിക് സിഗ്നൽ ചുവപ്പായി മാറുന്നു) ആക്സിലേറേറ്ററിൽ നിന്നു പെട്ടെന്നു കാലെടുക്കുക.

കാർ ഓടിവന്ന ചലനശക്തികൊണ്ടു ഗീയറിൽത്തന്നെ ഉരുണ്ടു നീങ്ങിക്കൊള്ളും. നിർത്താനുള്ള സ്ഥലമെത്തുമ്പോൾ മാത്രം ബ്രേക്ക് ചെയ്തു കാർ ന്യൂട്രലിലാക്കിയാൽ മതി. എങ്കിൽ പിന്നെ ആദ്യമേ ന്യൂട്രലിലിട്ട് ഉരുണ്ടു നീങ്ങിയാൽ പോരേ എന്നു സംശയം തോന്നാം. ന്യൂട്രലിലിടുമ്പോൾ കൺട്രോൾ യൂണിറ്റ് ഐഡ്‌ലിങ് സ്ഥിതിയിൽ എൻജിൻ പ്രവർത്തിപ്പിക്കും. അതായത്, ചെറിയ അളവിൽ ഇന്ധനം നൽകിക്കൊണ്ടിരിക്കും. ആദ്യം പറഞ്ഞ രീതിയിൽ (ഇതിന് കോസ്റ്റിങ് എന്നു പറയും) ഇന്ധനം ഒട്ടും ഉപയോഗിക്കുന്നില്ല. ഹൈവേയിലും ക്രമേണയുള്ള ഇറക്കങ്ങളിലും കാണാവുന്ന ദൂരം തടസ്സമൊന്നുമില്ലെങ്കിൽ കോസ്റ്റിങ് പരീക്ഷിക്കാം. വേഗം 60 കിലോമീറ്ററെത്തുമ്പോൾ തുടങ്ങി 40 കിലോമീറ്റർ വരെ പോവുക. 40 കിലോമീറ്റർ എത്തുമ്പോൾ പതുക്കെ ആക്സിലറേറ്റർ ഉപയോഗിച്ച് 60 കിലോമീറ്ററിലേക്ക് എത്തുക.

Your Rating: