Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽപിജി കാറുകൾ

LPG Cars

നാലു ലക്ഷം രൂപയിൽ താഴെ വിലവരുന്ന കാർ വാങ്ങാനാഗ്രഹിക്കുന്നു. നിലവിലുപയോഗിക്കുന്ന കാറിൽ എൽ പി ജി കിറ്റ് ഉള്ളതിനാൽ താൽപര്യം എൽ പി ജി മോഡൽ തന്നെ വാങ്ങാനാണ്. എൽ പി ജി മോഡലായി ഫാക്ടറിയിൽ നിന്നു ലഭിക്കുന്ന ഏതൊക്കെ കാറുകളുണ്ട് ഈ വിലയ്ക്ക് ? ഫാക്ടറി എൽ പി ജി വാങ്ങുന്നതു കൊണ്ടു പ്രയോജനമുണ്ടോ?

∙ എൽ പി ജി സാങ്കേതികത ഏറെ വികസിച്ച കാലമാണിത്. ഫാക്ടറിയിൽ നിന്നു ഘടിപ്പിച്ചു വന്നതായാലും വാങ്ങിയശേഷം ഘടിപ്പിക്കുന്നതായാലും ആധുനിക സാങ്കേതികത സ്വന്തമാക്കുക എന്നതാണ് മുഖ്യം. ഫാക്ടറി ഫിറ്റഡ് എൽ പി ജി കിറ്റിൻറെ വലിയ ഗുണം വാഹനത്തിൻറെ വാറൻറി നഷ്ടമാകാതെ എൽ പി ജി സൗകര്യം ലഭിക്കുമെന്നതാണ്. സെക്കൻഡ് ഹാൻഡ് കാറോ വാറൻറി കാലാവധി കഴിഞ്ഞ കാറോ ആണെങ്കിൽ എൽ പി ജി കിറ്റ് പുറത്തു നിന്നു ഘടിപ്പിക്കുന്നതുകൊണ്ട് കുഴപ്പമില്ല. അല്ലായെങ്കിൽ കമ്പനി എൽ പി ജി മോഡൽ വാങ്ങുന്നതാണ് സുരക്ഷിതം.

എൽ പി ജി കാറുകൾ യഥാർത്ഥത്തിൽ പെട്രോൾ കാറുകൾ തന്നെയാണ്. പെട്രോൾ എൻജിനിൽ എൽ പി ജി സാങ്കേതികത ഒരു കിറ്റായി കൂട്ടിച്ചേർക്കുന്നുവെന്നു മാത്രം. ഷെവർലെ സ്പാർക്, ടാറ്റാ ഇൻഡിക്ക സീറ്റ, ഹ്യുണ്ടേയ് സാൻട്രോ എന്നീ കാറുകൾ നാലു ലക്ഷം രൂപയിൽതാഴെ വിലയ്ക്ക് എൽ പി ജി മോഡലുകൾ നൽകുന്നുണ്ട്. ഇവയൊക്കെ ആധുനിക സാങ്കേതികത ഉപയോഗിക്കുന്ന എൽ പി ജി കാറുകളാണ്. സർവീസ് സൗകര്യവും എല്ലായിടത്തും ലഭിക്കും. താരതമ്യേന പെട്രോൾ കാറുകൾക്ക് തുല്യമായ അറ്റകുറ്റപ്പണിയേ വരുന്നുള്ളു. സുരക്ഷിതത്വത്തിൻറെ കാര്യത്തിൽ സംശയം വേണ്ടേ വേണ്ട. എല്ലാ സുരക്ഷാ ഏർപ്പാടുകളും നിയമപ്രകാരമുള്ള നിബന്ധനകളും പാലിക്കുന്നതിനു പുറമെ സുരക്ഷയ്ക്കായി കോ ഡ്രൈവർ സീറ്റിനടിയിൽ ഫയർ എക്സ്റ്റിങ്യൂഷർ പോലെയുള്ള അധിക സുരക്ഷാ പരിപാടികളുമുണ്ട്.

അടുത്ത തലമുറ എൽ പി ജി കിറ്റാണത്രെ പല നിർമാതാക്കളും ഇപ്പോഴേ തരുന്നത്. സാധാരണ കാണാറുള്ള വെഞ്ചുറി ടൈപ്പ് ഗ്യാസ് കിറ്റ് സ്വീക്വൻഷ്യൽ ഇൻജക്ഷൻ കിറ്റിനു വഴിമാറിയിരിക്കുന്നു. മിക്ക ഗ്യാസ് കാറുകളും പെട്രോളിൽ സ്റ്റാർട്ടായി എൽ പി ജിയിലേക്കു മാറുമ്പോൾ ഇപ്പോൾ സ്റ്റാർട്ടിങ് പോലും എൽ പി ജിയിലാണ്. ഗുണം ശക്തിയിൽ ചോർച്ചയില്ല, വെഞ്ചുറി ടൈപ്പ് കിറ്റുകളിലേതു പോലെ ജെർക്കിങ്ങും ബാക്ക് ഫയറിങ്ങുമില്ല, എല്ലാം സ്മൂത്ത്. മാത്രമല്ല പെട്രോളിൽ നിന്നു ഗ്യാസിലേക്കും മറിച്ചും മാറുമ്പോൾ അറിയുന്നതേയില്ല. ആകെയുള്ള വ്യത്യാസം ഗ്യാസിലേക്കു മാറിയാൽ പിക്കപ്പ് കൂടുതലാണെന്നതുമാത്രം. പിന്നെ ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടാകുമെന്നതും.

ഡാഷ്ബോർഡിലെ സ്വിച്ചാണ് എൽ പി ജിയിൽ നിന്നു പെട്രോളിലേക്കും മറിച്ചും മാറ്റാൻ സഹായിക്കുന്നത്. സ്റ്റിയറിങ്ങിനു സമീപത്താണ് ഈ സ്വിച്ച്. ഗ്യാസ് തീർന്നാൽ തനിയെ പെട്രോളിലേക്കുമാറുമെന്നു മാത്രമല്ല ടാങ്ക് കാലിയായിരിക്കേ സ്വിച്ച് ഗ്യാസ് മോഡിലേക്കിട്ടാൽ ഓഡിബിൾ, വിസിബിൾ മുന്നറിയിപ്പുകളും നൽകും.

എ ആർ എ എെ സർട്ടിഫിക്കേഷൻ ഗ്യാസ് മോഡലിനുമുണ്ട്. ഉദാഹരണത്തിന് ഷെവർലെ സ്പാർക്കിന് സർട്ടിഫിക്കേഷൻ പ്രകാരം 13.7 കീമിയാണ് ഗ്യാസിലെ ഇന്ധനക്ഷമത. ഒറ്റ ടാങ്ക് എൽ പി ജിയിൽ 355 കി മീ ഓടും. പെട്രോളും എൽ പി ജിയും ഫുൾ ടാങ്കാണെങ്കിൽ 1000 കിലോമീറ്റർ വരെ ഓടാം.

സ്പെയർ ടയറിൻറെ സ്ഥാനത്ത് ഫാക്ടറി ഫിറ്റഡ് എൽ പി ജി കാറുകളുടെ ടാങ്ക് വരുന്നതിനാൽ സ്പെയർ ടയർ ഡിക്കിയിലെ സാധനങ്ങൾ കയറ്റേണ്ട സ്ഥലത്തേക്ക് മാറും എന്നൊരു പ്രശ്നമുണ്ട്. പ്രായോഗികമായി ഡിക്കി ഇല്ലാതാകും.

എന്തായാലും ഗ്യാസിൽ തുമ്മലും ചീറ്റലും മൂക്കു പിഴിച്ചിലും നടത്തുന്ന കാറുകളുടെ കാലം കഴിഞ്ഞു. പെട്രോളിനെക്കാൾ അനുസരണയോടെ ഓടുന്ന ഗ്യാസ് കാറുകളാണിപ്പോൾ. കേരളത്തിൽ ഒട്ടുമിക്കയിടത്തും ഗ്യാസ് ഫില്ലിങ് സ്റ്റേഷനുകളുമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.