Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയിൽ ബൈക്കിന് അടി തെറ്റാതിരിക്കാൻ

Rain

ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഗണ്യമായി കൂടുന്നത് മഴക്കാലത്താണ്. മഴയിൽ മിനുസമാകുന്ന റോഡ്, ‘രണ്ടുചക്ര’ത്തെ പലപ്പോഴും തകിടം മറിക്കുന്നു. ശ്രദ്ധാപൂർവമുള്ള റൈഡിങ് മാത്രമാണ് അപകടങ്ങളൊഴിവാക്കാൻ ഒരേയൊരു മാർഗം.

∙ മറ്റുള്ളവരുടെ ശ്രദ്ധ നേടുക

മഴയുള്ളപ്പോൾ നാം മറ്റുള്ളവരെ കാണുന്നതുപോലെ പ്രധാനമാണ് മറ്റു വാഹനയാത്രക്കാരുടെ ശ്രദ്ധയിൽ നാം പെടുക എന്നതും. അവ്യക്തമായ കാഴ്ചയ്ക്ക് കാരണമാകുന്ന മഴയിൽ, തിളങ്ങുന്ന നിറമുള്ള റെയ്ൻകോട്ടുകൾ ഉപയോഗിക്കുന്നത് നിങ്ങളെ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരുടെ കാഴ്ചയിൽപ്പെടാൻ അവസരമൊരുക്കും. ഫ്ളൂറസെൻറ് നിറങ്ങളിലുള്ള സ്റ്റിക്കറുകൾ ഹെൽമറ്റ്, ജാക്കറ്റ്, ബൈക്ക് എന്നിവയിൽ ഒട്ടിച്ചു പ്രയോജനം മെച്ചപ്പെടുത്താം.


∙ കനത്ത മഴയുള്ളപ്പോൾ ഹെഡ് ലൈറ്റ് ഡിം മോഡിൽ പ്രവർത്തിപ്പിക്കുക. ഇടത്തേക്കോ വലത്തേക്കോ തിരിയുമ്പോഴും ബഹുനിര റോഡുകളിൽ ലെയ്ൻ മാറുമ്പോഴും ഇൻഡിക്കേറ്ററുകൾ നിർബന്ധമായി ഉപയോഗിക്കണം. ഉപയോഗശേഷം ഇൻഡിക്കേറ്റർ ഓഫ് ചെയ്യാൻ മറക്കരുത്.

∙ സഡൻബ്രേക്കിങ് ശരിയല്ല

സഡൻബ്രേക്കിങ് പരമാവധി ഒഴിവാക്കുക. മുന്നിലെയും പിന്നിലെയും ബ്രേക്കുകൾ ഒറ്റയ്ക്കു പിടിക്കരുത്. ഇത് ടയർ ലോക്ക് ആകാനും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമറിയാനും ഇടയാക്കും. പിന്നിലെയും മുന്നിലെയും ബ്രേക്ക് പ്രയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതുവഴി മൊത്തം ബ്രേക്കിങ് ഫോഴ്സ് രണ്ട് ടയറുകളിലായി വീതിച്ചു നൽകി കൂടുതൽ ഗ്രിപ്പ് നേടാം.

∙ റോഡിലുള്ള മാർക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്ക് ഉപയോഗിക്കുമ്പോൾ ഏറെ സൂക്ഷിക്കണം. പെയിൻറ് ചെയ്ത ഭാഗത്ത് ഗ്രിപ്പ് തീരെയുണ്ടാവില്ല. അതുകൊണ്ടുതന്നെ ബൈക്ക് തെന്നി മറിയാൻ സാധ്യതയുണ്ട്.

∙ കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ

വെള്ളം കെട്ടി കിടക്കുന്ന റോഡിലൂടെ പോകുമ്പോൾ ഓർമിക്കുക– മൂടിയില്ലാത്ത മാൻ ഹോളുകൾ, ടെലിഫോൺ കേബിൾ കുഴികൾ, വൻ ഗട്ടറുകൾ എന്നിവയൊക്കെ വെള്ളക്കെട്ടിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവും. ചെളി നിറഞ്ഞതോ മിനുക്കമേറിയതോ പ്രതലത്തിൽ ഫസ്റ്റ്ഗീയർ ഉപയോഗിക്കുന്നതു ടയർ സ്കിഡ് ചെയ്യാൻ കാരണമാകും. സെക്കൻഡ്, തേർഡ് ഗീയറുകളിൽ ഓടിക്കുന്നതുവഴി ടയറുകളിൽ എത്തുന്ന ടോർക്ക് കുറച്ച്, മെച്ചപ്പെട്ട നിയന്ത്രണം നേടാം.

∙ റോഡിലുള്ള മാൻഹോളുകൾ, പാർക്കിങ് ഏരിയയിലും മറ്റും കയറാനും ഇറങ്ങാനുമുള്ള മെറ്റൽ പ്ലേറ്റുകൾ, റയിൽവേ ക്രോസുകൾ എന്നിവയിൽ കൂടി വാഹനം ഓടിക്കുമ്പോൾ വേഗം കുറയ്ക്കണം. റയിൽവേ ട്രാക്കിൽ പരമാവധി നേരെ തന്നെ ബൈക്ക് ഓടിച്ചു കയറ്റുക. ചെരിഞ്ഞുകയറിയാൽ ചക്രം പാളി ബൈക്ക് മറിയാൻ ഇടയാകും. റോഡിന്റെ കട്ടിങ്ങുകൾ ഏറെ സൂക്ഷിക്കുക. താഴ്ചയുള്ള റോഡരികിൽ ഇറങ്ങിയാലും ഉടൻ വെട്ടിച്ച് റോഡിലേക്ക് കയറാൻ ശ്രമിക്കരുത്. വേഗം കുറച്ച് സ്മൂത്തായ അരികിലൂടെ വേണം തിരികെ റോഡിൽ പ്രവേശിക്കാൻ.

∙ മെല്ലെപ്പോക്ക് സുരക്ഷിതം

മണിക്കൂറിൽ 50 കിലോമീറ്ററിലേറെ വേഗമെടുക്കരുത്. റോഡ് ഗ്രിപ്പ് താരതമ്യേന കുറവായതിനാൽ ബ്രേക്കിങ് അത്ര കാര്യക്ഷമമാകില്ല. അതിനാൽ മുന്നിലുള്ള വാഹനങ്ങളുമായി സാധാരണയിലും ഇരട്ടി അകലം പാലിക്കണം.

∙റോഡിന്റെ ഇടതുവശം ചേർന്ന് ബൈക്ക് ഓടിക്കുക. പ്രത്യേകിച്ച് ഹൈവേകളിൽ, പിന്നാലെയുള്ള വാഹനങ്ങൾക്ക് സുഖമായി ഓവർടേക്ക് ചെയ്യാനുള്ള ഇടം നൽകണം. വളവുകളിൽ നിലം പറ്റി വീശാതെ സാവധാനം വേണം തിരിയാൻ.

∙രാത്രിമഴയിൽ

ടയർത്രെഡുകൾ റോഡിലെ ജലാംശം തെറിപ്പിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണങ്ങിയ ഭാഗം റോഡിൽ ഒരു വരപോലെ രൂപപ്പെടും. ഇതിലൂടെ ബൈക്ക് ഓടിച്ചാൽ കൂടുതൽ റോഡ്ഗ്രിപ്പ് കിട്ടും. രാത്രി മഴയിൽ റോഡ് കാഴ്ച തീർത്ത് അവ്യക്തമായാൽ മുന്നിൽ പോകുന്ന ഫോർവീലറുകളുടെ ടെയ്ൽ ലാംപ് പിന്തുടർന്ന് ഓടിക്കുക.

Your Rating: