Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ടി വിറ്റോളൂ, പക്ഷേ ശ്രദ്ധ വേണം

Second Hand Cars

ഇരുചക്ര വാഹന എക്സ്ചേഞ്ച് മേളയിൽ വാഹനം വിറ്റയാൾ‌ അപകട നഷ്ടപരിഹാര കേസിൽ ഒന്നാം പ്രതിയായി 6,35,000 രൂപയും പലിശയും നൽകാൻ നഷ്ട പരിഹാരം നൽകാൻ കോടതി വിധിച്ച വാർത്ത നാം വായിച്ചറിഞ്ഞതാണ്. വാഹനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജാഗ്രത പുലർത്തിയില്ലെങ്കിൽ പിന്നീടു പുലിവാലു പിടിക്കേണ്ടി വരുമെന്നാണ് ഈ കാര്യം ഓർമിപ്പിക്കുന്നത്. വാഹനം വിൽക്കുമ്പോൾ, വിൽപനക്കത്ത് എഴുതി റവന്യു സ്റ്റാംപിൽ ഒപ്പിട്ടു വാങ്ങിയിട്ടുണ്ടല്ലോ എന്നൊക്കെ ആശ്വസിച്ചിരിക്കാൻ വരട്ടെ, അതൊന്നും മോട്ടോർ വാഹന നിയമത്തിനു ബാധകമല്ല. വാഹനം ഇടനിലക്കാർ വാങ്ങി വിൽക്കാൻ തുടങ്ങിയതോടെ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പവും ചില കേസുകളിൽ തട്ടിപ്പും ഉണ്ടെന്നാണു പരാതി.

വാഹനക്കൈമാറ്റം നടക്കുമ്പോൾ തന്നെ ആർടിഒ രേഖകളിലും ആർസി ബുക്കിലും ആവശ്യമായ മാറ്റം വരുത്തണമെന്നാണ് നിയമം. ഇക്കാര്യം ഗൗരവത്തിലെടുക്കാതെ മറ്റു രീതിയിൽ കരാറെഴുതി വാഹനം കൈമാറുന്നവരാണു പിന്നീട് പുലിവാലു പിടിക്കാറുള്ളത്. സംസ്‌ഥാനത്തിനകത്തു വാഹനക്കൈമാറ്റം നടക്കുമ്പോൾ 29-ാം നമ്പർ ഫോം രണ്ടെണ്ണവും 30-ാം നമ്പർ ഫോം ഒരെണ്ണവും പാർട്ട് രണ്ട് എന്ന ഫോമും പൂരിപ്പിച്ചു ആർടി ഓഫിസിൽ സമർപ്പിച്ചാൽ രേഖകളിൽ വേണ്ട മാറ്റം വരുത്തിക്കിട്ടും.

വാഹനം വിൽക്കുന്നയാൾക്കുള്ളതാണ് 29–ാം നമ്പർ ഫോം. ഉടമസ്ഥാവകാശം മാറ്റിക്കിട്ടുന്നതിനുള്ള ഫോമാണിത്. ഇതു പൂരിപ്പിച്ച ശേഷം വിൽക്കുന്നയാൾ തന്റെ വാഹനം ഏത് ആർടിഒയുടെ പരിധിയിലാണോ റജിസ്റ്റർ െചയ്തിരിക്കുന്നത് ആ ആർടിഒ ഓഫിസിൽ നൽകണം. ഇതിൽ വാങ്ങുന്നയാളുടെ ഒപ്പും വേണം. മറ്റൊരെണ്ണം വാഹനം വാങ്ങുന്നയാൾക്കു നൽകണം.

അയാൾ ഏത് ആർടിഒ ഓഫിസ് പരിധിയിലാണോ വാഹനം റജിസ്റ്റർ ചെയ്യാൻ‍ ഉദ്ദേശിക്കുന്നത് അവിടെ 29ാം നമ്പർ ഫോമും 30ാം നമ്പർ ഫോമും പൂരിപ്പിച്ചു നൽകണം. ഒപ്പം ആർസി ബുക്ക്, നികുതി അടച്ച രേഖ, ഇൻഷുറൻസ് പ്രീമിയം അടച്ചതിന്റെ രേഖ എന്നിവ സമർപ്പിക്കണം. ഏഴു ദിവസത്തിനകം ആർസി ബുക്കിൽ ഉടമയുടെ പേര് മാറ്റിക്കിട്ടും.