Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറിനെ കാറാക്കാൻ ആക്സസറിക്കൂട്ടം

9471-car

കാർ കാറാകണമെങ്കിൽ ഷോറൂമിൽനിന്ന് ഇറങ്ങുന്നവഴി ആക്സസറി ‌ഷോപ്പിൽ ഒന്നു കയറിയിറങ്ങണമെന്നാണു സങ്കൽപം. ചന്തം കൂട്ടാനും സൗകര്യങ്ങൾ വർധിപ്പിക്കാനുമൊക്കെയുള്ള ഒട്ടേറെ ഉൽപന്നങ്ങൾ ആക്സസറി ഷോപ്പുകളിൽ ഇന്നു ലഭ്യമാണ്. ഷോറൂമുകളിലേതിനെക്കാൾ വിലക്കുറവും സിലക്‌ഷനും വാഗ്ദാനം ചെയ്താണ് ആക്സസറി ഷോപ്പുകൾ വാഹനങ്ങളെ കാത്തിരിക്കുന്നത്.

അതുകൊണ്ടുതന്നെ കാർ വിൽപന കേന്ദ്രങ്ങളെക്കാൾ കൂടുതൽ ആക്സസറി ഷോപ്പുകൾ പല നഗരങ്ങളിലും കാണാം. രൂപഭംഗിയിൽ പുതുമ കൊണ്ടുവരുന്ന മോഡിഫിക്കേഷൻ ആക്സസറികളും ഉപയോഗക്ഷമതയ്ക്കു മുൻതൂക്കം നൽകുന്ന യൂട്ടിലിറ്റി ആക്സസറികളും അടങ്ങുന്നതാണ് കാർ ആക്സസറി വിപണി. ഇതിൽ, യൂട്ടിലിറ്റി ആക്സസറികൾക്കാണ് ആവശ്യക്കാരേറെ.

car-perfume

പെർഫ്യൂം മുതൽ നാവിഗേഷൻ വരെ

∙ സുഗന്ധം പകരുന്ന പെർഫ്യൂം മുതൽ വാഹനത്തിനു വഴിതെളിക്കുന്ന നാവിഗേഷൻ സിസ്റ്റം വരെ ഉൾപ്പെടുന്നതാണ് കാർ ആക്സസറികൾ. നൂറു രൂപയിൽ തുടങ്ങി ലക്ഷങ്ങൾ വരെ വിലയുള്ള ഉൽപന്നങ്ങൾ ഇതിലുണ്ട്. ഗുണമേന്മ ഉറപ്പു നൽകുന്ന ബ്രാൻഡഡ് ഉൽപന്നങ്ങളോടാണ് ആളുകൾക്കു പ്രിയം. വ്യാജൻമാർ ഏറെ വിലസുന്ന വിപണിയാണെങ്കിലും വാറന്റി ഉറപ്പുവരുത്തി ആക്സസറികൾ വാങ്ങാൻ ഉപഭോക്താക്കൾ ശീലിച്ചുകഴിഞ്ഞു. വാഹനത്തിന്റെ വില അനുസരിച്ചാണ് ആക്സസറി വിലയുടെ കയറ്റിറക്കം. ബ്രാൻഡ് മൂല്യവും സൗകര്യങ്ങളും കൂടുന്നതനുസരിച്ചും വില കൂടും.പുതിയ വാഹനങ്ങളിൽ ഇൻബിൽറ്റ് ആയി ആക്സസറികൾ ഘടിപ്പിക്കുന്നതിനാൽ കാർ സ്റ്റീരിയോയ്ക്കും മറ്റും ആക്സസറി ഷോപ്പുകളിൽ കച്ചവടം കുറഞ്ഞു.

എന്നാൽ, അലോയ് വീലുകൾക്കും നാവിഗേഷൻ സംവിധാനത്തിനും കൂടുതൽ ആളുകൾ സമീപിക്കുന്നതു പുറത്തുള്ള ആക്സസറി ഷോപ്പുകളെയാണ്. മുൻപ് ആഡംബരമായി കണ്ടിരുന്ന അലോയ് വീലുകൾ ഇന്നു ചെറിയ വാഹനങ്ങളിൽ പോലും സർവസാധാരണമായതോടെ കൂടുതൽ സിലക്‌ഷൻ നൽകുന്ന ആക്സസറി ഷോപ്പുകളിലേക്ക് ആളുകളെത്തുന്നു. ഇൻബിൽറ്റ് നാവിഗേഷൻ സിസ്റ്റം ലഭിക്കാത്ത ചെറു കാറുകളിൽ ഇതു ഘടിപ്പിക്കാനും ആക്സസറി ഷോപ്പുകളിൽ സാധിക്കുന്നു. ഇഷ്ട നിറത്തിലും ഡിസൈനിലും നിർമിച്ചെടുക്കാമെന്നതിനാൽ സീറ്റ് കവറുകൾക്കും ആക്സസറി ഷോപ്പുകളിൽ വിൽപനയുണ്ട്. പാർക്കിങ് സെൻസറുകൾക്കും ആവശ്യക്കാരേറെ.

പുതുവഴി തുറന്ന് ‘വഴികാട്ടികൾ’

car-audio

∙ വാഹനങ്ങൾക്കു വഴികാട്ടാൻ ഒട്ടേറെ ആപ്പുകൾ മൊബൈൽ ഫോണിൽ ലഭ്യമാണെങ്കിലും നാവിഗേഷൻ സിസ്റ്റത്തിന് കാർ ആക്സസറി മാർക്കറ്റിൽ എന്നും ഡിമാൻഡുണ്ട്. 10,000 രൂപ മുതൽ 17,000 രൂപ വരെയുള്ള നാവിഗേഷൻ ഉപകരണം ചെറുകാറുകൾക്കും ഇടത്തരം വാഹനങ്ങൾക്കും ലഭ്യമാണ്. നാവിഗേഷനോടൊപ്പം സ്റ്റീരിയോയും വിഡിയോയും ഉൾപ്പെടുന്നവയ്ക്ക് 25,000 രൂപ മുതലാണു വില.

ബ്ലൂടൂത്ത് ഉപയോഗിച്ച് മിറർ ലിങ്ക് സംവിധാനത്തിലൂടെ മൊബൈൽ ഫോണിന്റെ സ്ക്രീൻ കാറിലെ ടച്ച് സ്ക്രീനിൽ പ്രവർത്തിപ്പിക്കാവുന്ന നാവിഗേഷൻ സിസ്റ്റം 50,000 രൂപ മുതൽ ലഭ്യമാണ്. നാവിഗേഷൻ സിസ്റ്റത്തിൽ ഇന്ത്യൻ നിർമിത മാപ് ഉപയോഗിക്കുന്ന ‘മാപ് മൈ ഇന്ത്യ’യും വിദേശ കമ്പനിയായ ഗാർമിനുമാണ് കൂടുതലായി വിറ്റഴിയുന്നത്. നാവിഗേഷൻ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മാപ് അപ്ഡേറ്റുകൾ സൗജന്യമായി ലഭിക്കുന്നവ തിരഞ്ഞെടുക്കുന്നതാവും ഉചിതം. അല്ലെങ്കിൽ അപ്ഡേറ്റുകൾക്കായി പിന്നീട് വീണ്ടും പണം മുടക്കേണ്ടി വരും.

വിദേശനിർമിതം വാഴുന്ന വിപണി


∙ കാർ ആക്സസറികളിൽ 90 ശതമാനവും വിദേശ നിർമിത ഉൽപന്നങ്ങളാണ്. ചൈന, തായ്‌വാൻ തുടങ്ങിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് അധികവും. മുൻപ് ഇറക്കുമതി ഉൽപന്നങ്ങൾ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നാണു വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ കേരള വിപണിക്കു വേണ്ടി കൊച്ചിയിലേക്ക് നേരിട്ടും ഇറക്കുമതിയുണ്ട്. മുന്തിയ ബ്രാൻഡുകളുടെ ഉൽപന്നങ്ങളെ കെട്ടിലും മട്ടിലും അനുകരിക്കുന്ന നാടൻ ഉൽപന്നങ്ങളും വിപണിയിൽ ലഭ്യമാണ്. മാറ്റ്സ് സപൈഡർ എന്ന കമ്പനിയുടെ ത്രിഡി ഫൂട് മാറ്റ് 6000 രൂപയ്ക്കു ലഭിക്കുമ്പോൾ 1500 രൂപ മുതൽ അതിനു സമാനമായ നാടൻ ഉൽപന്നങ്ങൾ ലഭിക്കും.

ബ്രാൻഡഡ് ഉൽപനങ്ങൾക്കു കമ്പനി വാറന്റി ലഭ്യമാണ്. വിലക്കുറവ് ആഗ്രഹിക്കുന്നവർക്കും ഗുണമേൻമയിൽ കോംപ്രമൈസിനു തയാറുള്ളവർക്കും നാടൻ ഉൽപന്നങ്ങൾ പരീക്ഷിക്കാം. കാർ സ്റ്റീരിയോയ്ക്കും മറ്റും വിൽപന പൊതുവെ കുറവാണെങ്കിലും മികച്ച ശബ്ദസംവിധാനം ഒരുക്കുന്ന ഹൈഎൻഡ് സ്റ്റീരിയോ ആവശ്യമുള്ളവർ ഇപ്പോഴും ആക്സസറി ഷോറൂമുകളെയാണു സമീപിക്കുന്നതെന്ന് കാർ ആക്സസറീസ് ആൻഡ് ഡിസ്ട്രിബൂട്ടേഴ്സ് ഫെഡറേഷൻ ഭാരവാഹി സിദ്ദീഖ് പൂവത്ത് പറയുന്നു. ഒരു ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. സ്പീക്കർ ജോഡിക്ക് പതിനായിരവും.

ഗട്ടറൊഴിയാതെ ആക്സസറി വിപണി

∙ പുതിയ വാഹനങ്ങളോടൊപ്പം പരമാവധി ആക്സസറികൾ വിറ്റ് ലാഭമുണ്ടാക്കുക എന്ന ബിസിനസ് തന്ത്രം ഷോറൂമുകൾ പയറ്റിത്തുടങ്ങിയതോടെ പഴയ കാറുകൾക്ക് ആവശ്യമായ ആക്സസറികളാണ് പുറത്തുള്ള ഷോപ്പുകളിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. പഴയ കാറുമായി എത്തുന്നവർ കൂടുതൽ പണം മുടക്കാൻ മടിക്കുന്നവരാണെന്നത് കടക്കാർക്കു തിരിച്ചടിയാകുന്നു. കൂടാതെ, മുൻനിര ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലെല്ലാം ഇപ്പോൾ കാർ ആക്സസറികൾക്കായി പ്രത്യേക വിഭാഗമുണ്ട്.

കാറിൽ ഘടിപ്പിക്കാൻ വിദഗ്ധരുടെ സഹായം ആവശ്യമില്ലാത്ത ഫുട് മാറ്റ്, പെർഫ്യൂം, മൊബൈൽ ഹോൾഡർ, ചാർജർ, മാഗ്‌നറ്റിക് കർട്ടൻ, ക്ലീനിങ് കിറ്റ് തുടങ്ങിയവ ഓൺലൈൻ വഴി വാങ്ങുന്നവരുടെ എണ്ണം കൂടിവരുന്നു. ഫോഗ് ലാംപ്, ഹോൺ, കൂളിങ് ഫിലിം തുടങ്ങിയവയുടെ ഉപയോഗത്തിൽ അധിക‍ൃതർ നിയന്ത്രണം ഏർപ്പെടുത്തിയതും ആക്സസറി വിപണിയെ ബാധിച്ചിട്ടുണ്ട്.

Your Rating: