Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടയർ മാറുന്നതിന് മുമ്പ് ശ്രദ്ധിക്കു

Remove/ Install Wheel Nut

ഒരു കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അല്ലെങ്കിൽ ഘടകം ഏതാണ്? എൻജിൻ മുതൽ ഒന്നേയെന്ന് ഉത്തരം തുടങ്ങും. ഏറ്റവും ഒടുവിലായിരിക്കും ടയറിനെ പരിഗണിക്കുക. കാരണം എൻജിൻ ഉൾപ്പെടെയുള്ള ഘടകങ്ങൾ ഉണ്ടെങ്കിലല്ലേ ഓടാൻ പറ്റൂ എന്ന തത്വമാണ് മിക്കവരും ഉന്നയിക്കുക. എന്നാൽ എൻ‍ജിനോളം തന്നെ പരിഗണന നൽകേണ്ട ഘടകമാണ് ടയർ. കാരണം 200 ഉം 300 ഉം ബി എച്ച് പി കരുത്തുള്ള എൻ‍ജിനും കൊണ്ട് പായുമ്പോൾ ടയർ മോശമായാൽ എങ്ങനെ റോഡിൽ പിടിച്ചു നിൽക്കും. അതോടിക്കുന്നവരുടെ ജീവന് എന്തു ഗ്യാരന്റി നൽകാനാകും. ഇക്കാര്യങ്ങളൊന്നും മിക്കവരും ആലോചിക്കാൻ മിനക്കെടാറില്ല. ത്രെഡ് തീർന്ന് നൂലു വെളിയിൽ വന്നിട്ടും ഈ ടയർ ഇനിയും ഓടും എന്നു പറയുന്ന വിദ്വാന്മാരാണ് നമ്മുടെ ഇടയിലുള്ളത്. ടയറിന്റെ കണ്ടീഷൻ അറിയാതെ നിരത്ത് റേസ്ട്രാക്കാക്കി പായുമ്പോൾ ഓർക്കുക, യാത്രയുടെ അന്ത്യത്തിൽ മുഴങ്ങുന്നത് ചിലപ്പോൾ നിലവിളി ശബ്ദമായിരിക്കും. അതുകൊണ്ട് ടയർ വാങ്ങുന്നതു മുതൽ ടയർ പരിചരണത്തിൽ വരെ കാര്യമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അക്കാര്യങ്ങളെന്തൊക്കെയെന്നു നോക്കാം.

ഏതു ടയർ വാങ്ങണം

ഇക്കാര്യത്തിൽ ആർക്കുമൊരു സംശയവും വരാൻ ഇടയില്ല. ലളിതമായ കാര്യമാണിത്. ടയർ കടയിൽ ചെന്ന് കാറേതാണെന്നു പറയുന്നു. അറിയാവുന്ന അല്ലെങ്കിൽ ആരെങ്കിലും നല്ലതെന്നു പറഞ്ഞ ഒരു കമ്പനിയുടെ ടയർ വാങ്ങുന്നു. കഴിവതും വില കുറവുള്ളതും ലൈഫ് കൂടുതലുള്ളതുമായിരിക്കും. വാങ്ങാൻ നോക്കുക. ഭൂരിപക്ഷം പേരുടെയും ടയർ സെലക്ഷൻ ഈ രീതിയിലാണെന്നതാണു വാസ്തവം. ഇങ്ങനെ ടയർ വാങ്ങുന്നതുകൊണ്ട് എന്താണു ഗുണം. സമയലാഭമോ പണലാഭമോ? എന്നാൽ ഇതുകൊണ്ട് ദോഷം മാത്രമേയുണ്ടാകുകയുള്ളൂ. അതുകൊണ്ട് ഇനി ടയർ വാങ്ങുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം.

കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം

ഒന്നാമതായി ടയർ എപ്പോൾ മാറണമെന്നതാണ് അറിയേണ്ടത്. ട്രെഡ് തീർന്നു നൂലു പുറത്തു വരുമ്പോഴല്ല, അതറിയാനുള്ള അടയാളം നിർമാതാക്കൾ തന്നെ ടയറിൽ നൽകിയിട്ടുണ്ട്. ടയർ വാങ്ങുമ്പോൾ നല്ല ബ്രാൻഡ് നോക്കി വാങ്ങുക. അതും അംഗീകൃത ഡീലർമാരുടെയടുത്തുനിന്ന് വാങ്ങുമ്പോൾ ബില്ല് വാങ്ങാൻ മറക്കരുത്. കാരണം പ്രമുഖ ബ്രാൻഡുകൾ അവരുടെ ടയറിനു വാറന്റി നൽകുന്നുണ്ട് മറ്റൊന്ന് ഐ എസ് ഐ മാർക്കാണ്. ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്കനുസൃതമാണെന്നുള്ള ഐ എസ് ഐ മാർക്കുള്ള ടയർ മാത്രമേ വാങ്ങാവൂ. ഐ എസ് ഐ മാർക്കില്ലാത്ത വിലകുറഞ്ഞ ചൈനീസ് ടയറുകൾ അടക്കുമുള്ളവയുടെ പുറകേ പോകരുത് എന്ന് സാരം. ടയർ വാങ്ങുന്നതിനു മുൻപ് കാറിന്റെ ഉപയോഗം കൂടുതൽ എവിടെയാണെന്നു ചിന്തിക്കുക. എന്നിട്ടതിനുസരിച്ചുള്ളവ വേണം തിരഞ്ഞെടുക്കേണ്ടത്. ഹൈവേയാത്ര കൂടുതൽ ഉള്ളവർക്കു പെർഫോമൻസും കംഫർട്ടും കൂടുതൽ ലഭിക്കുന്ന ടയറുകളാണുത്തമം. ഇവയ്ക്ക് വിലയും കൂടുതലായിരിക്കും. എന്നാൽ സിറ്റി ഡ്രൈവ് കൂടുതലുള്ളവർക്ക് മൈലേജ് കൂടുതൽ ലഭിക്കുന്ന ടയറുകൾ തന്നെയാണുത്തമം.

ടയറിന്റെ ആയുസ്

മറ്റൊന്ന് ടയറിന്റെ ആയുസ്സാണ്. മുപ്പത്തി അയ്യായിരം കിലോമീറ്ററാണ് ഒരു ടയറിന്റെ ആയുസ് എന്നു കരുതി പത്തുവർഷം കൊണ്ട് മുപ്പത്തി അയ്യായിരം കിലോമീറ്റർ ഓടാമെന്നു കരുതേണ്ട. ഓടിയാലും ഇല്ലെങ്കിലും അഞ്ചുവർഷമാണ് ടയറിനു നിർമ്മാതാക്കൾ നൽകുന്ന ആയുസ്. അതുകൊണ്ട് ടയർ വാങ്ങുമ്പോൾ ടയറിന്റെ വശത്തിലെഴുതിയിരിക്കുന്ന (സൈഡ് വാൾ) ടയർ നിർമിച്ച തീയതി നോക്കണം. പഴയ സ്റ്റോക്ക് വാങ്ങി അമളിപറ്റരുത്

പല കാലാവസ്ഥക്കനുസരിച്ചുള്ള ടയറുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഏറ്റവും യോജിക്കുന്നത് ഓൾവെതർ ടയറുകളാണ്. ഇതിൽ തന്നെ പല ട്രെഡിലുള്ള ടയറുകളുണ്ട്. വിഷേപ്പ്, അസ്സിമട്രിക്കൽ, പെർഫോമൻസ്, എന്നിങ്ങനെ. ടയർ അപ്സൈസ് ചെയ്യുന്ന ലുക്ക്സിനു പ്രാധാന്യം നൽകുന്നവരാണ് വിഷേപ്പ് ടയറുകൾ കൂടുതലായും വാങ്ങുന്നത്. എന്നാൽ ഈ ടയറുകൾ കൂടുതൽ ശബ്ദമുള്ളവ ആയിരിക്കുമെന്ന കാര്യം മറക്കണ്ട. വേഗതയെ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് പെർഫോമൻസ് ടയറുകൾ. സോഫ്റ്റ് കോമ്പൗണ്ട് മെറ്റീരിയലുകൊണ്ട് നിർമ്മിച്ചതാകയാൽ ഇതിന് ആയുസ് കുറവായിരിക്കും.

ടയർ പാറ്റേൺ ശ്രദ്ധിക്കണം

മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം ടയർ പാറ്റേണിലാണ്. ചില വാഹനങ്ങളിൽ നാലു ടയറും നാലു കമ്പനികളുടേതായിരിക്കും. കഴിവതും നാലു ടയറും ഒരേ കമ്പനിയുടേതു തന്നെയായിരിക്കണം. ഇനി ഒരേ കമ്പനിയുടെ കട്ടിയില്ലെങ്കിലും ടയർ പാറ്റേൺ ഒന്നു തന്നെയായിരിക്കണം. അതും ഒരു ആക്സിലിലെ രണ്ടെണ്ണം ഒരുപോലെ തന്നെയായിരിക്കണം. ഇല്ലെങ്കിൽ ഓട്ടത്തിൽ സൈഡ് വലിവ് അനുഭവപ്പെടാം. ചിലപ്പോൾ എല്ലാ ടയറും മാറേണ്ടതായി വരണമെന്നില്ല. മുൻവീൽ ഡ്രൈവ് വാഹനങ്ങളിൽ മുൻ ടയറുകൾക്കും പിൻവീൽ വാഹനങ്ങളിൽ പിൻ ടയറുകൾക്കുമായിരിക്കും കൂടുതൽ തേയ്മാനം സംഭവിക്കുക. നമ്മുടെ നാട്ടിൽ പുതിയ രണ്ടു ടയർ വാങ്ങിയാൽ അതു മുന്നിലിടുന്നതാണു പതിവ്. എന്നാൽ‌ പുതിയ ടയറുകൾ പിന്നിലിടുന്നതാണ് അഭികാമ്യം. കാരണം സ്റ്റെബിലിറ്റിക്കും റോഡ് പിടിത്തത്തിനും സേഫ്ടിക്കും ഇതാണ് നല്ലത്. ഓർക്കുക ടയർ മാറുമ്പോൾ സൈസ് ഒരിക്കലും മാറരുത്.

അയ്യായിരം കിലോമീറ്റർ കഴിയുമ്പോഴും ടയറുകൾ സ്ഥാനമാറ്റം ചെയ്യുക

ഓരോ അയ്യായിരം കിലോമീറ്റർ കഴിയുമ്പോഴും ടയറുകൾ സ്ഥാനമാറ്റം ചെയ്യുന്നത്. (റൊട്ടേറ്റു ചെയ്യുന്നത്) ടയറിന്റെ ആയുസും പെർഫോമൻസും നിലനിർത്താൻ സഹായിക്കും. ടയർ റൊട്ടേറ്റു ചെയ്യുന്നതോടൊപ്പം വീൽ അലൈയ്ൻമെന്റും ബാലൻസിങ്ങും നടത്തിയിരിക്കണം. മറ്റൊരു പ്രാധാനകാര്യം ടയറിന്റെ വശത്തെഴുതിയിരിക്കുന്ന ലോഡ് ഇൻജക്സും മാക്സിമം സ്പീഡുമാണ്. ഓരോ ടയറിനും അതിനു വഹിക്കാവുന്ന ഭാരവും കറങ്ങാവുന്ന സ്പീഡും കുറിച്ചിട്ടുണ്ടാകും. ഇതിൽ ലോഡ് ഇൻഡക്സിനേക്കാളും പ്രധാനം അതിന്റെ മാക്സിമം സ്പീഡിനു തന്നെയാണ്. ഇതു മനസിലാക്കി ഡ്രൈവു ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു പ്രത്യേകിച്ചു പറഞ്ഞു തരേണ്ടതില്ലല്ലോ.