Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ‍് ബ്ളോക്ക് ബസ്റ്റർ ചലച്ചിത്രം !

വിനോദ് നായർ
coffee-break

നേരംതെറ്റി പൂരം വന്നതുപോലെ തോന്നി സത്യൻ അന്തിക്കാടിന്...   അത്രേം ആൾക്കൂട്ടം തൃശൂർ റോഡിൽ.  വണ്ടികൾ ബ്ളോക്കായി കിടക്കുന്നു. ആചാരവെടി പോലെ ചിലരുടെ ഹോണടി. ആകെ ബഹളം. 

അന്തിക്കാട് ഗ്രാമത്തിൽ നിന്ന് തൃശൂരിനുള്ള പ്രൈവറ്റ് ബസിൽ ഇരിക്കുകയായിരുന്നു സത്യൻ.  സത്യൻ അന്ന് സൂപ്പർ ഹിറ്റ് സംവിധായകൻ ആയിട്ടില്ല.  കാർ വാങ്ങാൻ പാങ്ങില്ല. അതുകൊണ്ട് ബസിലാണ് യാത്രകളെല്ലാം.

നാടോടിക്കാറ്റ് റിലീസ് ചെയ്ത സമയം. നാട്ടിൽ ടിവിയും ഇന്റർനെറ്റുമില്ല.  സ്വന്തം സിനിമയുടെ കലക്ഷൻ അറിയണമെങ്കിൽ ചെന്നൈയിലുള്ള നിർമാതാവിനെ ഫോൺ ചെയ്യണം.  അന്തിക്കാട്ടെ വീട്ടിൽ ഫോണില്ല.  16 പോസ്റ്റ് ഇട്ടാലേ വീട്ടിൽ വരെ ഫോൺ കിട്ടൂ. തൃശൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ മുകളിലൊരു എസ്‍ടിഡി ബൂത്തുണ്ട്. അവിടെ ചെന്നാൽ ഫോൺ ചെയ്യാം. അതിനുള്ള യാത്രയാണ്. 

നേരം കുറെ കഴിഞ്ഞിട്ടും ബസ് അനങ്ങുന്നില്ല.  കണ്ടക്ടറോടു ചോദിച്ചു: ആക്സിഡന്റ് വല്ലതും... ?

നോക്കീട്ടു വരാമെന്നു പറഞ്ഞ് കാഷ്ബാഗും കക്ഷത്തിൽ വച്ച് കണ്ടക്ടർ ഇറങ്ങിപ്പോയി.

യാത്രക്കാർ ബഹളം തുടങ്ങി. സത്യനും ദേഷ്യം വന്നു: ഏതെങ്കിലും ഈർക്കിലി പാർട്ടികളുടെ പ്രകടനമായിരിക്കും. 

അതുകേട്ട് അടുത്തിരുന്ന യാത്രക്കാരന്റെ കമന്റ്... എല്ലാത്തിനെയും മുക്കാലിയിൽകെട്ടി അടിച്ചിട്ട് ആൻഡമാൻസിലേക്കു നാടുകടത്തണം. പണ്ട് ശക്തൻ തമ്പുരാൻ ചെയ്തതുപോലെ.. 

ശക്തൻ തമ്പുരാൻ അങ്ങനെ ചെയ്തോ..!  ഹിസ്റ്ററിക്ക് മാർക്കു കുറവായതുകൊണ്ട് സത്യനും അക്കാര്യത്തിൽ അത്ര ഉറപ്പില്ല. ചെയ്തുകാണുമായിരിക്കും..

കുറച്ചു കഴിഞ്ഞപ്പോൾ കണ്ടക്ടർ വിയർത്തു കുളിച്ചു കയറി വന്നു....  ബസ് ഉടനെയെങ്ങും പോകില്ല. രാംദാസ് തീയറ്ററിൽ പുതിയ സിനിമ വിട്ടതിന്റെ തിരക്കാണ്.. തൃശൂരെ ശവികളെല്ലാം തീയറ്ററിന്റെ മുന്നിലുണ്ട്. അത്യാവശ്യക്കാർ ഇറങ്ങി നടന്നു പൊയ്ക്കോ..

യാത്രക്കാരിൽ ആരോ ചോദിച്ചു.. ഏതു സിനിമ ?

നാടോടിക്കാറ്റ് എന്നോ മറ്റോ ആണ് പേര്. മോഹൻലാലെന്നോ സത്യൻ അന്തിക്കാടെന്നോ ഒക്കെ പറയുന്നുണ്ട്. ആരായാലും കൊള്ളാം. നമ്മുടെ കാറ്റു പോയി ! – കണ്ടക്ടർക്കു ദേഷ്യം വന്നു. 

അടുത്ത സീറ്റിലിരുന്ന കക്ഷി സത്യൻ അന്തിക്കാടിനോടു ചോദിച്ചു..  മോഹൻലാലെന്നു കേട്ടിട്ടുണ്ട്. ആരാ ഈ സത്യൻ ? 

സത്യൻ ആണയിട്ടു..  സത്യത്തിൽ എനിക്കറിയില്ല. 

എന്നിട്ട് പിൻസീറ്റിലിരുന്ന ആളോടു ചോദിച്ചു.. നിങ്ങൾക്കറിയാമോ ?

അയാളും വാ പൊളിച്ചു.. ഇല്ല.

ആശ്വാസമായി.. ! റോഡ് ബ്ളോക്കാക്കിയതിനു പിന്നിലെ വില്ലൻ താനാണെന്ന് ആർക്കും അറിയില്ല.. !

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..  റോഡ് ബളോക്കാക്കിയ നാടോടിക്കാറ്റ് എന്ന ഈ സിനിമ സംവിധാനം ചെയ്തത് ഈ ഞാനാണ്..  എന്ന് ഉറക്കെ വിളിച്ചു പറയാൻ സത്യനു മോഹം തോന്നി.   പറഞ്ഞാൽ പൊല്ലാപ്പായാലോ ! 

സത്യൻ സ്വയം പറഞ്ഞു..  ധൃതി വയ്ക്കേണ്ട, എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ബസേ..