Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ ഒരു എൽ ബോർഡ് കൂടുതൽ

വിനോദ് നായർ
Illustration: Ajo Kaitharam Illustration: Ajo Kaitharam

കോട്ടയംകാർ ഞായറാഴ്ച രാവിലെ പള്ളിയിൽ പോകാൻ കാർ ഇറക്കുമ്പോൾ പതിവായി കാണാറുള്ള ഒരു പ്രശ്നമുണ്ട്. ഫ്രണ്ട്സീറ്റിൽ ആര് ഇരിക്കും ? അമ്മായിയമ്മയോ മരുമകളോ ?

ഒരു ഞായറാഴ്ച അമ്മായിയമ്മ ഫ്രണ്ടിൽ, അടുത്തയാഴ്ച മരുമകൾ..  ടേൺ വച്ചുള്ള ഈ പരിഹാരം പൊതുവേ പെൺകുട്ടികൾക്ക് ഇഷ്ടമാണ്. കാരണം തറവാട്ടിൽ രണ്ടു പേർക്കും തുല്യ സ്ഥാനമാണെന്ന തോന്നൽ കാണുന്നവർക്കു വന്നോളും.. 

പള്ളീലോട്ടു പോകുമ്പോൾ അമ്മായിയമ്മ. തിരിച്ചു വരുമ്പോൾ മരുമകൾ എന്നൊരു ഉടമ്പടി ചിലയിടത്തൊക്കെ ഉണ്ട്.  അമ്മായിയമ്മമാരുടെ  മാഫിയയുടെ പിന്തുണ ഇതിനാണ്.  കാരണം ഞായറാഴ്ച രാവിലെ പള്ളിമുറ്റത്തു വന്നിറങ്ങുന്നതേ എല്ലാവരും ശ്രദ്ധിക്കൂ. തിരിച്ചു പോരുമ്പോൾ ആര് എവിടെ ഇരുന്നാലെന്നാ.. !

ഈ പതിവുകളൊക്കെ തെറ്റിച്ച് ഇനി എല്ലാ ഞായറാഴ്ചയും റീത്താമ്മായി സ്കോഡ ഓടിക്കും. റീനു ചെറിയാൻ ബാക്ക്സീറ്റിൽ ഇരിക്കും. പ്രസാദ് ചെറിയാന്റെ കാര്യം കട്ടപ്പൊക. 

റീത്താമ്മായിയുടെ മകനാണ് പ്രസാദ് ചെറിയാൻ. പ്രസാദിന്റെ ഭാര്യ റീനു. 

സംഭവം ഇങ്ങനെയാണ്..

റീത്താമ്മായിയും റീനുവും ഒരുമിച്ച് കഴി‍ഞ്ഞ മാസം ഡ്രൈവിങ് ടെസ്റ്റിനു പോയി. റീത്താമ്മായി ടെസ്റ്റ് പാസായി. റീനു കമ്പിടിയിടിച്ച് തെറിപ്പിച്ച് ഔട്ടായി !  രണ്ടു മാസം മുമ്പ് വീട്ടുമുറ്റത്ത് പുതിയ സ്കോ‍ഡ വന്നു നിന്നതോടെയാണ് റീനുവിന് ഡ്രൈവിങ് പഠിക്കാൻ മോഹം തോന്നിയത്.  അതു കേട്ടപ്പോൾ റീത്താമ്മായിയും പറഞ്ഞു.. എനിക്കും പഠിക്കണം.

അങ്ങനെ അമ്മായിയമ്മയെയും മരുമകളെയും ഒരുമിച്ച് പ്രസാദ് ഡ്രൈവിങ് സ്കൂളിൽ ചേർത്തു.വാശിക്കായിരുന്നു പഠനം.  പക്ഷേ പഠിക്കുന്ന സമയത്തും ടെസ്റ്റിനു പോകുമ്പോഴും റീനുവായിരുന്നു മുന്നിൽ.   റീത്താമ്മായി പല കാര്യങ്ങളും വേണ്ടപ്പോൾ ചെയ്യാൻ മറക്കും.  ‌ തിരിയാൻ നേരം സിഗ്നൽ ഇടില്ല.   ബ്രേക്കിനു പകരം പലപ്പോഴും ചവിട്ടുന്നത് മരുമകളെ... ക്ളച്ച് ചവിട്ടാതെ ഗിയർ വലിച്ചൊടിക്കും. റീനു അങ്ങനെയല്ല. കുട്ടനാടൻ താറാവ് കായലിലൂടെ നീന്തി നടക്കുന്നതുപോലെ നല്ല ഒഴുക്കോടെ, ചേലോടെ കാറോടിക്കുമായിരുന്നു. 

എന്നിട്ടും ടെസ്റ്റ് പാസായത് റീത്താമ്മായി. ട്രെസ്റ്റിന് ചെന്നപ്പോൾ ഗ്രൗണ്ടിൽ എച്ച് എടുത്തു കാണിക്കാൻ ആദ്യം പേരു വിളിച്ചത് റീനുവിനെയാണ്. 

റീത്താമ്മായി നോക്കിനിൽക്കെ റീനു വണ്ടി ഒറ്റയടിക്ക്  എച്ചിന്റെ ഉള്ളിലൂടെ കൂളായി മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും ഓടിച്ചു. തീരാറായപ്പോൾ കമ്പിയിൽ ഒറ്റത്തട്ട് !

മോട്ടോർ വിയക്കിൾ ഇൻസ്പെക്ടർ നീട്ടി വിസിലടിച്ചു.. സ്റ്റോപ് !

എന്തുപറ്റി ? റീനു പറഞ്ഞു.. ഓടിച്ചു തീർന്നു ഒരു മണ്ടത്തരം കാണിച്ചു.  ചുണയുള്ള പെൺപിള്ളേർ കൂളായി എച്ച് എടുക്കുന്നത് ദേ വേണേൽ ഒന്നു കണ്ടോ  എന്ന മട്ടിൽ അമ്മായിയമ്മയെ ഒന്നു നോക്കി. അവിടെ ശ്രദ്ധ പാളി. കമ്പി ഇടിച്ചു തെറിപ്പിച്ചു. റീത്താമ്മായി വിറച്ചു വിറച്ചാണ് ടെസ്റ്റിന് കേറിയത്.  ആദ്യം ഒന്നു പേടിച്ചു. പിന്നെ കർത്താവേ എന്നു വിളിച്ച് എങ്ങനെയോ ഒപ്പിച്ചെടുത്തു.  വിജയ രഹസ്യം റീത്താമ്മായി വെളിപ്പെടുത്തി. 

ടെസ്റ്റിന്റെ തലേന്ന് വൈകുന്നേരം പള്ളിയിൽ പ്രാർഥിക്കാൻ ചെന്ന് മെഴുകുതിരി കൊളുത്തുമ്പോൾ വികാരിയച്ചൻ ഉപദേശിച്ചു.  റീത്താമ്മേ, 16 കമ്പികൾ കുത്തിവച്ചിട്ടുണ്ടാകും. ഓരോന്നും ഓരോ മെഴുകുതിരിക്കാലുകളാണെന്ന് വിചാരിച്ചോണം. അടുത്തെങ്ങും ചെന്നേക്കരുത്. കാറ്റടിച്ചാൽപ്പോലും മെഴുകുതിരി കെടും. കർത്താവു പിണങ്ങും. സൂക്ഷിച്ചോ !

എന്നിട്ടെന്താ ഈ ടെക്നിക് റീത്താമ്മായി റീനുവിനോടു പറയാതിരുന്നെ ?

റീത്താമ്മായി പറഞ്ഞു.. പണ്ടേ അവൾക്ക് ഒരെല്ലു കൂടുതലാ.. കുറച്ചുകാലം കൂടി ചില്ലിൽ എല്ലു വച്ച് ഓടിക്കട്ടെ. !