Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീറാം ബൈക്കിഷ്ടരാമൻ !

വിനോദ് നായർ
Sreeram Sreeram IAS

മൂന്നാറിലെ ഭൂമിയോ ബാംഗ്ളൂരിലെ നായയോ ? ഇതിൽ ആരെ ഉടൻ എറ്റെടുക്കണമെന്ന കാര്യത്തിൽ അന്നത്തെ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന് സംശയമേ തോന്നിയില്ല.  കാറെടുത്ത് നേരെ വിട്ടു ബാംഗ്ളൂരിലേക്ക്. അവിടെ ഉടമസ്ഥർ തെരുവിൽ  ഉപേക്ഷിച്ച രണ്ടു ലാബ്രഡോർ നായ്ക്കൾ. ഒരാൾ സുന്ദരനും ആരോഗ്യവാനുമാണ്. രണ്ടാമന്റെ കാലിൽ ഒരു വലിയ വ്രണമുണ്ട്. മുടന്തിയേ നടക്കൂ. ശ്രീറാം ഏറ്റെടുത്തത് രണ്ടാമത്തെയാളെയാണ്. കാരണം മുറിവേൽക്കുന്നവരുടെ സബ് കലക്ടറും ഉപേക്ഷിക്കപ്പെടുന്നവരുടെ ഡോക്ടറുമാണ് ശ്രീറാം..!

കൊച്ചിയിലെ വീട്ടിനടുത്തു നിന്നൊരു ലാബ്രഡോറിനെ വിലയ്ക്കു വാങ്ങുന്നതിനെക്കാൾ ശ്രീറാമിന് ഇഷ്ടം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നായയെത്തേടി ബാംഗ്ളൂർക്ക് പോകുന്നതാണ്. ആ നായക്കുട്ടി ഇപ്പോൾ ശ്രീറാമിന്റെ കൊച്ചിയിലെ വീട്ടിലുണ്ട്.  സമയത്തു ചികിൽസയും ശുശ്രൂഷയും കിട്ടിയതോടെ ആളു മിടുക്കനായി.  വീട്ടിൽ അതിക്രമിച്ചു കടക്കുന്നവർക്കു നേരെ കുരച്ചു ചാടും, വേണ്ടിവന്നാൽ കടിക്കും ! അവന്റെ പേര് റേ രണ്ടാമൻ !

എന്തുകൊണ്ട് രണ്ടാമൻ ? ഇതിനു മുമ്പ് മറ്റൊരു നായ്ക്കുട്ടിയെ ദത്തെടുക്കാൻ പോയെങ്കിലും കിട്ടിയില്ല.  അവന് ഇടാൻ വച്ച പേരാണ് റേ. അതുകൊണ്ട് പിന്നെ കിട്ടിയവൻ റേ രണ്ടാമൻ !

ബൈക്കുകളും കാറും രണ്ടു വീതമുണ്ട് ശ്രീറാമിന്.  ബുള്ളറ്റും പൾസറും ഡസ്റ്ററും ജീപ്പും.  ഏറ്റവും ഇഷ്ടം ബുള്ളറ്റിനോട്. 

ദേവികുളത്ത് ജോലി ചെയ്യുമ്പോൾ ശ്രീറാമിന്റെ ഓഫിസിനു തൊട്ടു മുന്നിൽ കമ്പം തേനി ദേശീയപാതയാണ്.  കമ്പം റോഡിലൂടെ ധനുഷ്കോടി വരെ ബുള്ളറ്റോടിക്കാനായിരുന്നു അന്നത്തെ കമ്പം !  ചില ദിവസം രാവിലെ ഓഫീസും കടന്ന് കുറെ ദൂരം മുന്നോട്ടുപോയി യുടേൺ എടുത്ത് തിരിച്ച് വരാറുമുണ്ട്.  അങ്ങനെ പോയാൽ ധനുഷ്കോടിയിലെത്തിയേനെ.

ശ്രീറാമിനെ ത്രില്ലടിച്ച ബൈക്ക് യാത്ര ലഡാക്കിലേക്കായിരുന്നു.  ബൈക്കിങ് ഇഷ്ടമുള്ളവർ മിസ്സ് ചെയ്യാൻ പാടില്ലാത്ത 1700 കിലോമീറ്റർ യാത്ര. അതിൽ 700 കിലോ മീറ്റർ ഓഫ് റോഡിങ്. ബുള്ളറ്റിൽ ഏഴു ദിവസം കൊണ്ടാണ് ലഡാക്കിൽ എത്തിയത്. 

അടുത്ത മോഹവും ഹിമാലയമാണ്.  ഹിമാചൽപ്രദേശിലെ സ്പിതി താഴ് വരയിലേക്കുള്ള യാത്ര ബൈക്ക് റൈഡർമാർക്കു പ്രകൃതിയുടെ വെല്ലുവിളിയാണ്. ആ വിളി കേൾക്കാൻ ഒരുങ്ങുകയാണ് ശ്രീറാം. 

ആദ്യമായി ബൈക്ക് ചോദിച്ചിട്ടും കിട്ടാതെ വന്നപ്പോൾ വീട്ടിൽ കുറെ ദിവസം നിരാഹാരസമരം കിടന്നിട്ടുണ്ട് ശ്രീറാം.  ഒടുവിൽ ഒരു ഗ്ളാസ് നാരങ്ങാ വെള്ളവും പുതിയ ബൈക്കിന്റെ കീയും കൊടുത്താണ് അച്ഛനും അമ്മയും സമരം ഒത്തുതീർപ്പാക്കിയത്. 

ഇന്നായിരുന്നെങ്കിൽ  അച്ഛൻ പി. ആർ. വെങ്കിട്ടരാമന് മകൻ ഒരു പുസ്തകംകൊടുത്തേനെ, സെ‍ൻ ആൻഡ് ദ് ആർട് ഓഫ് മോട്ടോർ സൈക്കിൾ മെയിന്റെനൻസ്. അച്ഛനും മകനും കൂടി ഒരുമിച്ചുള്ള ബൈക്ക് യാത്രയുടെ കഥ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിനു പഠിക്കുമ്പോൾ‌ ശ്രീറാമിന്റെ നേതൃത്വത്തിൽ‌ ഒരു സംഘം യുവ ഡോക്ടർമാർ ബൈക്കിൽ നൈറ്റ് റൈഡിനുപോകുമായിരുന്നു. മെഡിക്കൽ കോളജിൽ നിന്ന് പൊന്മുടിക്കുള്ള റോഡും ചാക്കയിൽ നിന്ന് എയർപോർട്ടിലേക്കുള്ള റോഡുമൊക്കെ ഏതു രാത്രിയിലും കാണാപ്പാഠമാണ്. ഏറ്റവും ഇഷ്ടം കോവളം റോഡാണ്. ആ റോഡിൽ നാലു വളവുകൾ. അത് വളയ്ക്കാനാണ് മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ കുരിശുകൾ വളയ്ക്കുന്നതിനെക്കാൾ എളുപ്പം !

അന്നൊക്കെ എന്തെല്ലാം പാടായിരുന്നു, രാത്രി ബൈക്ക് ഓടിക്കണം, തിരിച്ചുവന്ന് റാഗ് ചെയ്യണം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജൂനിയേഴ്സിനെല്ലാം ശ്രീറാമേട്ടൻ റാഗ് ചെയ്യുന്നതായിരുന്നു ഇഷ്ടം. പെൺകുട്ടികൾക്കു മാത്രമല്ല, ആൺകുട്ടികൾക്കും! അതൊരു സൈക്കോളജിക്കൽ റാഗിങ് ആണെന്ന് അവർ പറയും. റാഗ് ചെയ്യപ്പെടുന്നവരുടെ മനസ്സിൽ മുറിവുണ്ടാകില്ല  !

പഠിക്കുന്ന കാലത്ത് ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിനും ഓവർ‌ സ്പീഡിങ്ങിനും പലതവണ പൊലീസ് പിടിച്ചിട്ടുണ്ട്. സബ് കലക്ടറായതിനു ശേഷമോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും പറയാതെ ഒരു ചിരിയുടെ അതിർത്തിയിൽക്കൊണ്ടു ബൈക്ക് നിർത്തുന്നു ശ്രീറാം !