Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചു ശ്രീധരന്റെ കൊച്ചു മെട്രോ

വിനോദ് നായർ
Illustration: Ajo Kaitharam Illustration: Ajo Kaitharam

ആദ്യത്തെ ട്രെയിൻ യാത്രയിൽ മെട്രോമാൻ ഇ ശ്രീധരന് ടിക്കറ്റ് വേണ്ടായിരുന്നു. ഇപ്പോഴും വേണ്ട ! ഒന്നാംക്ളാസിൽ പഠിക്കുമ്പോഴായിരുന്നു കൊച്ചു ശ്രീധരന്റെ ആദ്യ ട്രെയിൻ യാത്ര.  അന്നൊക്കെ ആറു വയസ്സുവരെ കുട്ടികൾക്ക് ട്രെയിനിൽ ടിക്കറ്റു വേണ്ട.

പാലക്കാട്ടെ അകിലാണമെന്ന ഗ്രാമത്തിലായിരുന്നു ശ്രീധരന്റെ വീട്.  മൂത്ത സഹോദരി നാരായണി ഓപ്പോൾ താമസിക്കുന്നത് പയ്യന്നൂരിൽ.  അച്ഛൻ പയ്യന്നൂർക്കു പോകുന്നതറിഞ്ഞ് ശ്രീധരനും കൂടെക്കൂടി..  ഓപ്പോളെ കാണാനെന്ന് അച്ഛനോടു പറഞ്ഞെങ്കിലും ട്രെയിൻ കാണാൻ എന്നതായിരുന്നു സത്യം. അച്ഛൻ പറഞ്ഞു.. പട്ടാമ്പി വരെ നടക്കണം.  കാലുവേദനിക്കുന്നു,  എടുക്കണം എന്നൊന്നും പറയരുത്. ടിക്കറ്റില്ലാത്തതിനാൽ നിനക്ക് ട്രെയിനിൽ സീറ്റും കിട്ടില്ല.  ശ്രീധരന് എല്ലാം സമ്മതം. 

യാത്രയുടെ തലേന്നു സന്ധ്യയ്ക്കു തന്നെ വീട്ടിൽ നിന്നു പുറപ്പെട്ടു.  നാലഞ്ചു കിലോമീറ്റർ നടന്ന് ഒരു ബന്ധുവീട്ടിലെത്തി അവിടെ താമസിച്ച് പിറ്റേന്നു പുലർച്ചെ എഴുന്നേറ്റ് പിന്നെയും നടന്നാണ് റയിൽവേ സ്റ്റേഷനിലെത്തിയത്.  ‍ഇതിലും കഷ്ടപ്പാടായിരുന്നു ട്രെയിനിൽ കയറിയപ്പോൾ. 

പട്ടാമ്പി സ്റ്റേഷനിൽ നിന്ന് രാവിലെ എഴിന് ചെന്നൈ – മംഗലാപുരം മെയിലിലാണ് കയറിയത്. അതിരാവിലെ ആവേശത്തോടെ ഒന്നും കഴിക്കാതെ ഇറങ്ങിയ കുട്ടിക്ക്  വൈകിട്ട് പയ്യന്നൂരിൽ ചെന്നിറങ്ങുന്നതുവരെ കുടിക്കാൻ വെള്ളം പോലും കിട്ടിയില്ല.  തീവണ്ടിയെപ്പോലെ വയറു നിറച്ചും തീയായിരുന്നു !  അന്ന് ട്രെയിനിൽ പാൻട്രി കാർ ഒന്നുമില്ല. റോഡിൽത്തന്നെ കാർ കാണാനില്ലാത്ത കാലം..

അച്ഛനെ സോപ്പിട്ട് ജനാലയോടു ചേർന്ന് ഇരിക്കാൻ കഷ്ടിച്ച് ഒരു പകുതി സീറ്റ് കിട്ടി.   എങ്കിലും ശ്രീധരന് മനസ്സു നിറയെ സന്തോഷമായിരുന്നു. അത്രയ്ക്ക് ഇഷ്ടപ്പെട്ടു ആദ്യ യാത്ര. രാത്രി അത്താഴം കഴിക്കുമ്പോൾ നാരായണി ഓപ്പോൾ വിശേഷം ചോദിച്ചു.. എങ്ങനെയുണ്ടെടാ തീവണ്ടി ? നല്ലതാ ഓപ്പോളേ, പക്ഷേ ഓടുമ്പോൾ കണ്ണടച്ചിരിക്കണം.  അതെന്താ ശ്രീധരാ ?

കണ്ണുതുറന്നാൽ രണ്ടു വശത്തുമുള്ള വീടുകളും മരങ്ങളും പശുക്കളുമൊക്കെ പിന്നോട്ട് ഓടുന്നതു പോലെ തോന്നും.  പേടിച്ചു തലകറങ്ങും.. എന്നായിരുന്നു ശ്രീധരന്റെ മറുപടി. 

കുട്ടികളെല്ലാം കളിപ്പന്തുണ്ടാക്കുമ്പോൾ ഇരുമ്പും തടിയും കൊണ്ട് ചക്രങ്ങളും വണ്ടികളും വീടുകളും ഉണ്ടാക്കിയായിരുന്നു അതുവരെ കൊച്ചു ശ്രീധരന്റെ കളി. പിന്നെ ആ കുട്ടി തീപ്പെട്ടികൾ കൊണ്ടു തീവണ്ടിയുണ്ടാക്കി കളിക്കാൻ തുടങ്ങി. അതായിരുന്നു കൊച്ചി മെട്രോയ്ക്കു മുമ്പ് ശ്രീധരന്റെ കൊച്ചു മെട്രോ !

പാലക്കാട് ബിഇഎം സ്കൂളിൽ ശ്രീധരന്റെ സഹപാഠിയായിരുന്നു ടി.എൻ. ശേഷൻ. പിൽക്കാലത്ത് തിരഞ്ഞെടുപ്പു കമ്മിഷണർ എന്ന പേരിൽ രാജ്യമെങ്ങും മൈലേജ് ഉണ്ടാക്കിയ ശേഷനായിരുന്നു അന്ന് സ്കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാർഥി. ആദ്യ പരീക്ഷയിൽത്തന്നെ ശേഷനെ ഓവർടേക്ക് ചെയ്ത് ശ്രീധരൻ മുന്നിലെത്തി.  പക്ഷേ എസ്എസ്എൽസി പരീക്ഷ വന്നപ്പോൾ ഒരു മാർക്കിന് ശേഷൻ ശ്രീധരന്റെ മുന്നിൽക്കയറി. അങ്ങനെ മൽസരിച്ചായിരുന്നു പഠനം. 

ശേഷൻ അന്ന് ആളൊരു ശോഷനായിരുന്നു എന്ന് ശ്രീധരൻ ഓർക്കുന്നു. ഇന്നത്തെപ്പോലെ തടിയൊന്നുമില്ല.  തീരെ മെലിഞ്ഞ കുട്ടി. അന്നൊക്കെ ടൈംപീസിലെ അലാമിനു പകരം തീവണ്ടിയുടെ കൂവൽ മതിയായിരുന്നു.  സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും ചായക്കടക്കാരൻ പ്രഭാകരേട്ടൻ സമോവറിനു തീപിടിപ്പിക്കുന്നതും നാരായണി ഓപ്പോൾ സന്ധ്യനാമം ചൊല്ലുന്നതും കുട്ടികൾ പഠിക്കാനിരിക്കുന്നതും അമ്പിസ്വാമി അമ്പലം തുറക്കുന്നതും ഒക്കെ തീവണ്ടിയുടെ സമയം നോക്കിയായിരുന്നു.

തീവണ്ടികളെല്ലാം കൃത്യസമയം പാലിച്ചിരുന്നു. ഇപ്പോൾ ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ ഓരോ മുറിയിലും ഒന്നിലധികം ക്ളോക്കുകളുണ്ട്. എന്നും പുലർച്ചെ നാലിന് എഴുന്നേൽക്കും.  ഒരു മണിക്കൂർ ഭാഗവതം വായിക്കും. രാത്രി കൃത്യം ഒമ്പതു മണിക്ക് ഉറങ്ങും. ഇന്ത്യയിൽ ഇ ശ്രീധരൻ എന്ന തീവണ്ടി മാത്രം ഒരിക്കലും വൈകിയോടാറില്ല.