Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ അല്ല, സ്റ്റാർ !

fast-track

ദിലീപിന്റെ പുത്തൻ ലാൻഡ് ക്രൂസർ കണ്ടപ്പോൾ സംവിധായകൻ ലാൽ ജോസിന് ഒരു മോഹം – ഈ വണ്ടിയിൽ ഇന്ത്യയൊന്നു ചുറ്റിയാലോ ? അതുകേട്ട പാടെ ദിലീപ് ഹരിശ്രീ അശോകനെ ഫോണ്‍ വിളിച്ചു – അശോകേട്ടാ, പഴയ തോക്ക് കൈയിലുണ്ടോ ? ഒരു ആവശ്യമുണ്ട്.. ലാൽ ജോസ് ഞെട്ടി.. ദീലീപേ, നമ്മൾക്ക് പിന്നെ പോകാം, കേട്ടോ.. ! പണ്ടൊരു മെറ്റഡോർ വാനിൽ ഭാരതപര്യടനം നടത്തിയതിന്റെ ഓർമയായിരുന്നു ദിലിപിന്റെ മനസ്സിൽ. കൊച്ചിൻ ഹരിശ്രീ മിമിക്രി ട്രൂപ്പിന്റെ ഒപ്പമായിരുന്നു ആ യാത്ര. ഹരിശ്രീ അശോകനും ജോർജും രമേഷ് കുറുമശ്ശേരിയുമൊക്കെയാണ് കറക്ക കമ്പനി.

ചമ്പൽക്കാടുകളിലൂടെ യാത്ര ചെയ്യണമെന്നു കേട്ടപ്പോൾ ഹരിശ്രീ അശോകന്‍ ഡൽഹിയിലെ മാർക്കറ്റിൽ നിന്ന് ഒരു തോക്കു വാങ്ങി. കൊള്ളക്കാർ വന്നാൽ നേരിടാം.മിമിക്രി സംഘം ഫരീദാബാദിലൂടെ യാത്ര ചെയ്യുന്നു. റോഡിന്റെ രണ്ടു വശവും കൃഷിയിടങ്ങളാണ്. സീതപ്പഴം പഴുത്തു കിടക്കുന്നതു കണ്ടപ്പോൾ എല്ലാവരും ചാടിയിറങ്ങി. കിട്ടാവുന്നിടത്തോളം പറിച്ചെടുത്തു വണ്ടിയിലിട്ടു. കുറെ ദൂരം മുന്നോട്ടു ചെന്നപ്പോൾ ഒരു സംഘം ആളുകൾ വണ്ടി തടഞ്ഞു. കൃഷിത്തോട്ടം ഉടമസ്ഥന്റെ ഗുണ്ടകളാണ്. എല്ലാവരുടെയും കൈയിൽ വടിവാളുണ്ട്. അവർക്കു വണ്ടി പരിശോധിക്കണം. പരിശോധിച്ചാൽ കുടുങ്ങിയതു തന്നെ. തോക്കുമായിരിക്കുന്ന ഹരിശ്രീ അശോകനെ ദിലീപും കൂട്ടുകാരും ചേർന്ന് പുറത്തേക്കു തള്ളിയിറക്കി. ഗുണ്ടകൾ വളഞ്ഞപ്പോൾ അശോകൻ വിറച്ചു കൊണ്ടു ചോദിച്ചു – ക്യാ.. ഹും. ! എന്നിട്ട് തോക്കെടുത്ത് ആകാശത്തേക്ക് രണ്ടു വെടി – ഠേ.. ഠേ.. ഗുണ്ടകൾ അത്രയും പ്രതീക്ഷിച്ചില്ല. അവർ നാലുപാടും ചിതറിയോടി. ഖാൻ മാർക്കറ്റിലെ കളിപ്പാട്ടക്കടയിൽ നിന്നു വാങ്ങിയ കളിത്തോക്കായിരുന്നു അത്. പൊട്ടാസ് വച്ചാൽ പൊട്ടും. പൊട്ടാസിന് ഇത്രയും ശബ്ദം കേൾക്കുന്നത് ആദ്യമായാണെന്ന് ദിലീപ് പറഞ്ഞപ്പോൾ ഹരിശ്രീ അശോകൻ പറഞ്ഞു.. അത് എന്റെ ചങ്കു പൊട്ടിയതാടാ.. ആ കളിത്തോക്കാണ് ദിലീപ് ചോദിച്ചത്... ലാൽ ജോസിനൊപ്പം പോകുമ്പോൾ വീണ്ടും ആവശ്യം വന്നാലോ..!

പണ്ടത്തെ തോക്ക് ഹരിശ്രീ അശോകന്റെ കസ്റ്റഡിയിൽ ഉണ്ടോയെന്നറിയില്ല. പക്ഷേ ദിലീപ് പഴയതൊന്നും ഉപേക്ഷിക്കാറില്ല. ആദ്യം വാങ്ങിയ മാരുതി കാർ ഇപ്പോഴും ഉണ്ട്. 1984 മോഡൽ സെക്കൻഡ് ഹാൻഡ് 800 കാർ ദിലീപിനു വിൽക്കുമ്പോൾ ഉടമ പറഞ്ഞു. ഇത് കാറല്ല, സ്റ്റാറാണ്. ഇത് ഓടിക്കുന്നവർക്ക് കൂടുതൽ വണ്ടികൾ കിട്ടും. എന്നാൽ ചേട്ടനെന്തിനാ വിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു – എന്റെ വീട്ടിലെ ഷെഡിൽ ഒരു വണ്ടിക്കേ സ്ഥലമുള്ളൂ.. ആ മാരുതി ഇപ്പോഴും നല്ല കണ്ടിഷനായി ദിലീപിന്റെ പോർച്ചിലുണ്ട്. ഇടയ്ക്ക് ഓടിക്കാറുമുണ്ട്.

പിന്നീട് വാങ്ങിയത് ഫോർഡ് എസ്കോർട്ട്. അത് ദിലീപിനെ കരയിപ്പിച്ച കാറാണ്. ചന്ദ്രനുദിക്കുന്ന ദിക്കിലിന്റെ ഷൂട്ടിങ് കഴിഞ്ഞ് രാത്രിയിൽ ബന്ദിപ്പൂർ കാടുകളിലുടെ മടങ്ങുകയായിരുന്നു. ഒരിടത്തു വച്ച് റോഡിന്റെ നടുവിൽ എന്തോ കണ്ട് ദിലീപ് ഡ്രൈവറോടു പറഞ്ഞു.. കല്ലാണെന്നു തോന്നുന്നു. സൂക്ഷിക്കണേ.. കല്ലല്ല സാർ, കാട്ടാനയുടെ പിണ്ടമാ.. !.. ഡ്രൈവർ വണ്ടി റേസ് ചെയ്തു വിട്ടു. കട കട കട എന്നൊരു ശബ്ദം,. കാറിന്റെ ബോണറ്റിൽ എന്തോ ഇടിച്ചതാണ്. പിന്നെയത് വണ്ടിയുടെ അടിഭാഗം മുഴുവൻ ഇടിച്ചു.. കുറച്ച് ഓടിക്കഴിഞ്ഞപ്പോൾ ഡാഷ് ബോർഡിലെ സ്ക്രീനിൽ ഡേഞ്ചർ ലൈറ്റ് തെളിഞ്ഞു. ഓയിൽ മുഴുവൻ ലീക്കായി. ഹെ‍ഡ്‌ലൈറ്റ് കെട്ടു. ഇലക്ട്രോണിക് സിസ്റ്റം ഇടിച്ചു പൊളിഞ്ഞതാണ്. കാടിന്റെ അതിർത്തിയിലെ ചെക്ക് പോസ്റ്റിലെത്തി വണ്ടി നിന്നു. സ്റ്റാർട്ട് ആവുന്നില്ല. ഡ്രൈവർ പറഞ്ഞു. സാറു പറഞ്ഞതാ ശരി. അതൊരു കരിങ്കല്ലായിരുന്നു. ആനപ്പിണ്ടമാണെന്നു വിചാരിച്ച് ഓടിച്ചതാ..

ദിലീപിന് കരയാൻ തോന്നി. പുതിയ വണ്ടിയാണ് തകർന്നു കിടക്കുന്നത്. അതുവഴി വന്ന ഒരു ലോറിക്കു കൈനീട്ടി. ലോറി ഡ്രൈവർക്കു വിശ്വാസം വരുന്നില്ല. സിനിമാനടൻ ദിലീപ് ! ലോറിയിൽ നിലമ്പൂരിൽ ഇറങ്ങി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലേക്ക്.ട്രക്കിൽ കയറ്റിയാണ് ആ കാർ വർക്‌ഷോപ്പിലെത്തിച്ചത്. ആ വണ്ടിയും വിൽക്കാൻ മനസ്സു വന്നില്ല.ദിലീപിന്റെ അച്ഛന് ഇഷ്ടം അംബാസ‍ഡർ ആയിരുന്നു. അച്ഛൻ ഇപ്പോഴില്ലെങ്കിലും ആ കാറും വീട്ടിലുണ്ട്. പോർച്ചിൽ മകന്റെ മാരുതി 800 ന്റെ തൊട്ടടുത്ത് !

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.