Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാജിക് ഓഫ് ലവ് !

വിനോദ് നായർ
Author Details
gopinath-muthukad Illustration: Ajo

നാടെവിടെയെന്ന് ചോദിച്ചാൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പറയും.. കാട്, തോട്, റോഡ്, മുതുകാട് ! നിലമ്പൂരിൽ നിന്ന് 20 കിലോമീറ്റർ കവളമുക്കട്ട എന്ന ഗ്രാമം. കാടാണ്. കാടിനരികിലൊരു തോട്. തോടിനപ്പുറം കാളവണ്ടികൾ സങ്കടപ്പെട്ട് യാത്ര ചെയ്യുന്ന മൺറോഡ്. അതിനപ്പുറം മുതുകാടിന്റെ വീട്.

പണ്ടത്തെ കഥയാണ്. എൽഎൽബിക്കു പഠിക്കാൻ വിട്ട മകൻ മാജിക് തലയ്ക്കു പിടിച്ച്, പഠിത്തം നിർത്തി തിരിച്ചു വീട്ടിൽ വന്നപ്പോൾ അച്ഛൻ പറഞ്ഞു.. ഗോപീ, ഇനി നിന്റെ ജീവിതം ശരിക്കും ഗോപി...വീട്ടിൽ ദാരിദ്ര്യമാണ്. ഗോപിനാഥ് എന്നും രാവിലെ എഴുന്നേറ്റ് വീട്ടിൽ നിന്നിറങ്ങും. മാജിക് പ്രോഗ്രാം ബുക്കിങ് തേടിയാണ് യാത്രകൾ. അമ്പലപ്പറമ്പിലും പള്ളിമുറ്റത്തും അമ്പതു പൈസയ്ക്ക് ടിക്കറ്റ് വിറ്റ് മാജിക് ഷോ നടത്തി ജീവിതം ഇങ്ങനെ മുന്നോട്ട്..

ഫൈൻ ആർട്സ് സൊസൈറ്റികളും പരിപാടി ബുക്കിങ് ഏജൻസികളും കൂടുതലുള്ളത് കോട്ടയം മുതൽ‌ തിരുവനന്തപുരം വരെയാണ്. നിലമ്പൂരിൽ നിന്ന് രാത്രിയുള്ള കെഎസ്ആർടിസി ഫാസ്റ്റിൽ കയറി കിടന്നാൽ രാവിലെ കോട്ടയത്ത് ബസ് സ്റ്റാൻഡിൽ ഇറങ്ങാം. ഒരു ട്രങ്ക് പെട്ടിയിൽ മാജിക്കിനുള്ള ഉപകരണങ്ങളും ഡ്രസും. അതും തലയിൽ വച്ച് കോട്ടയം റയിൽവേ സ്റ്റേഷൻ വരെ നടക്കും. റയിൽവേ സ്റ്റേഷനിലെ കുളിമുറിയിലാണ് കുളിയും വേഷംമാറലുമൊക്കെ. പിന്നെ പരിപാടിക്കു ബുക്കിങ് കിട്ടാൻ നാടാകെ അലച്ചിൽ.
അങ്ങനെ നടന്നു നടന്ന് കൈയിൽ കുറച്ച് കാശു വന്നപ്പോൾ ഒരു മോഹം. മാജിക് ട്രൂപ്പിന് സഞ്ചരിക്കാൻ ഒരു വണ്ടി വേണം. കുറഞ്ഞ വിലയ്ക്ക് ഒരു ബസ് ഒത്തുകിട്ടി. പൈസ തികയാത്തതുകൊണ്ട് ബസിന്റെ ആർസി ബുക്ക് കോഴിക്കോട്ടെ ഒരു സേട്ടുവിന് പണയം വച്ച് ബ്ളേ‍ഡ് പലിശയ്ക്ക് പണം വാങ്ങി.

അതൊരു പഴഞ്ചൻ ബസായിരുന്നു. ദിവസവും വർക്‌ഷോപ്പിലാണ്. ഒരു ദിവസം ടയർ പങ്ച്റാണെങ്കിൽ പിറ്റേന്ന് ബ്രേക്ക് ഡൗൺ. ഒടുവിൽ ബസ് ഓടാതെ വന്നപ്പോൾ തിരിച്ചടവു മുടങ്ങി. സേട്ടുവിന്റെ ഗുണ്ടകൾ കാട് അരിച്ചുപെറുക്കി, മുതുകാടിനെ പിടിക്കാൻ.
അന്ന് വീട്ടിൽ വന്ന മുതുകാട് അമ്മയോടു പറഞ്ഞു.. അമ്മേ, ഞാൻ തോറ്റു പോയി. അച്ഛനോട് കുറച്ച് പൈസ വാങ്ങിച്ചു തരണം. സേട്ടു എന്നെ കൊല്ലും. അമ്മ കൈയൊഴിഞ്ഞു.. നീ തന്നെ ചോദിച്ചോളൂ..സന്ധ്യയ്ക്ക് ഉത്തരത്തിൽ കൈയും വച്ച് അച്ഛൻ നിൽക്കുന്നു. തോളിൽ ഒരു തോർത്തുണ്ട്. പാടത്തെ പണി കഴിഞ്ഞ് കയറി വന്നതാണ്. ഉടലിൽ കഷ്ടപ്പാടിന്റെ വിയർപ്പു മണികളുണ്ട്.
അച്ഛാ..മൈൻഡ് ചെയ്യുന്നില്ല. ‍മകൻ വിക്കി വിക്കി കാര്യം പറഞ്ഞു. തിരിഞ്ഞു നോക്കാതെ അച്ഛന്റെ മറുപടി.. നിന്റെ മുടിഞ്ഞ മാജിക്. ഒറ്റപ്പൈസ ഞാൻ തരില്ല.

ഇനി ആത്മഹത്യയല്ലാതെ വഴിയില്ല. വീട്ടിൽ കറന്റില്ല. അടുത്ത കവലയിലെ 11 കെവി വൈദ്യുതി പോസ്റ്റിൽ വലിഞ്ഞു കയറി. ഷോക്കടിക്കുംമുമ്പ് ഒരു കൂട്ടുകാരൻ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു. അയാൾ കൈയോടെ പിടിച്ചിറക്കി, മുതുകാടിനെ തിരിച്ചു വീട്ടിൽ കൊണ്ടാക്കി. അച്ഛൻ ഒന്നും പറഞ്ഞില്ല. ഇനി കുഴപ്പം കാണിക്കാതിരിക്കാൻ അമ്മ മകനെ മുറിയിലിട്ടു പൂട്ടി.ആ രാത്രിയിൽ ഉറങ്ങാതെ കിടക്കെ മനസ്സിൽ ഓർമകൾ നിറഞ്ഞു. എത്ര സ്നേഹമുള്ള ആളായിരുന്നു അച്ഛൻ. വീട്ടിലെ പറമ്പിന്റെ അരികിൽ ഒരു കുളം. കുട്ടിക്കാലത്ത് അച്ഛനും മകനും കൂടി കുളത്തിന്റെ അരികിൽ പോകും. അച്ഛൻ കുളത്തിന്റെ നടുവിലേക്ക് ഒരു കല്ല് എടുത്തെറിയും. കല്ലുവീഴുന്നിടത്തു നിന്ന് ഓളങ്ങൾ വലയങ്ങളായി വലുതായി വലുതായി കുളത്തിന്റെ വശങ്ങളിലേക്ക് പോകും. പിന്നെ അതേ വലയങ്ങൾ തിരിച്ച് ചെറുതായി ചെറുതായി കുളത്തിനു നടുവിലേക്കു മടങ്ങി വരും. ഇതു കാണിച്ചിട്ട് അച്ഛൻ പറയുമായിരുന്നു... ഗോപീ, നമ്മൾ ആർക്ക് സ്നേഹം കൊടുക്കുന്നോ, അത് അതേ പോലെ തന്നെ തിരിച്ചു കിട്ടും. നീ എല്ലാവരെയും സ്നേഹിക്കണം. ഇങ്ങനെയൊക്കെ പഠിപ്പിച്ച അച്ഛൻ എന്താണ് തന്നെ സഹായിക്കാത്തത് !

രാത്രി മുഴുവൻ ആ മുറിയിൽ കിടന്നു കരഞ്ഞു. നേരം വെളുത്തപ്പോൾ അമ്മ വന്നു വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ അമ്മയുടെ കൂടെ അച്ഛനുമുണ്ട്. അമ്മ ചോദിച്ചു.. നീ ശരിക്കുള്ള മാജിക് കണ്ടിട്ടുണ്ടോ ? എന്റെ ജീവിതത്തിൽ ഇനി മാജിക്കേ ഇല്ല എന്നായിരുന്നു മുതുകാടിന്റെ ഉത്തരം. അക്കാര്യം തലേന്നു രാത്രി തീരുമാനിച്ചതാണ്. അമ്മ പറഞ്ഞു... ഒന്നു കണ്ണടച്ചേ..
മകൻ കണ്ണടച്ചു തുറക്കുമ്പോൾ അച്ഛൻ വിയർപ്പിന്റെ മണമുള്ള തോർത്ത് മാജിക് പൊതിപോലെ തുറന്നു. അതിൽ നിറയെ നോട്ടുകൾ ! സേട്ടുവിനു കൊടുക്കാനുള്ള അത്രയും പണം !

പാടത്തു കന്നുപൂട്ടുന്ന ആളായിരുന്നു അച്ഛൻ. നല്ല കഷ്ടപ്പാടമുണ്ട്. തലേന്ന് വീട്ടിൽ ഒരു പൈസ പോലും ഉണ്ടായിരുന്നില്ല. ഇതൊക്കെ മുതുകാടിന് അറിയാം. പിന്നെ എവിടെ നിന്നു കിട്ടി ഒറ്റ രാത്രികൊണ്ട് അത്രയും പണം ? !അച്ഛൻ പറഞ്ഞു: ഇതാണെടാ സ്നേഹത്തിന്റെ മാജിക് ! അങ്ങനെ ഗോപിനാഥ് മുതുകാട് ആദ്യത്തെ വാഹനം സ്വന്തമാക്കി. കെഎൽഎം 3037 എന്ന ടാറ്റാ ബസ് !
പിന്നെ ആ വണ്ടിയും അച്ഛനും ഒരിക്കലും മുതുകാടിനോടു പിണങ്ങിയതേയില്ല !  

Your Rating: