Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ടി തിരുവ‍ഞ്ചൂരു തന്നെ.. !

thiruvanjoor

തിരുവഞ്ചൂരിന് നിയമസഭയിലെ ഇടതുപക്ഷത്തെ പേടിയില്ല. റോഡിലെ ഇടതുപക്ഷത്തെ ഭയങ്കര പേടിയാണ്. വണ്ടിയുമായി റോഡിലിറങ്ങിയാൽ ഇടതുവശത്തൂ കൂടെ മാത്രം ഓവർടേക്ക് ചെയ്യുന്നവരാണ് ഈ വിഭാഗം ! അവർ അപകടകാരികളാണ്. ഇവരെ എങ്ങനെ നന്നാക്കി റോഡിന്റെ വലതുപക്ഷത്ത് എത്തിക്കണമെന്ന ആലോചനയിലാണ് ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എംസി റോഡിലെ ആയൂർ എന്ന സ്ഥലപ്പേരു കേട്ടാൽ തിരുവ‍​ഞ്ചൂരിന് ആദ്യം ആയുർരേഖയും പിന്നെ ആയുർവേദവും ഓർമ വരും !

1973 ലെ കഥയാണ്. അന്ന് കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനാണ് തിരുവഞ്ചൂർ. തിരുവനന്തപുരത്തു നിന്ന് ഒരു അംബാസഡർ കാറിൽ കോട്ടയത്തേക്കു വരുമ്പോൾ ആയൂർ പാലത്തിൽ നിന്ന് കാർ താഴേക്കു വീണു. കല്ലിന്റെ മുകളിലേക്ക് എന്തോ വീഴുന്ന ശബ്ദംകേട്ട് ഓടിക്കൂടിയവരിൽ സ്കൂൾ വിദ്യാർഥികളുമുണ്ടായിരുന്നു. ഉടുപ്പിലും മുണ്ടിലും മുഴുവൻ ചോര, രണ്ടു കാലും ഒടിഞ്ഞു. ഇങ്ങനെ തിരുവഞ്ചൂരിനെ അപകട സ്ഥലത്തു നിന്ന് എടുക്കുന്നതു കണ്ടു സ്കൂൾ കുട്ടികൾ പറയുന്നതു കേൾക്കാം – നേതാവു മരിച്ചെന്നു തോന്നുന്നു. നാളെ അവധി കിട്ടുമോഡേ.. ? പരുക്കുമാറാൻ നാലുമാസത്തെ ആയുർവേദ ചികിത്സ വേണ്ടി വന്നു. ഇന്ത്യയിലെ എല്ലാ സർവകലാശാലകളും പങ്കെടുത്ത യുവജനോത്സവം ആ സമയത്തായിരുന്നു.

രാഷ്ട്രപതിയും വിശിഷ്ടാതിഥികളും നിറഞ്ഞ സദസ്സും നോക്കിയിരിക്കെ കാലിൽ പ്ളാസ്റ്ററൊക്കെയിട്ട തിരുവഞ്ചൂരിനെ കസേരയിൽ ചുമന്നാണ് സ്റ്റേജിൽ കൊണ്ടു വന്നത്. ഗുരുനാനാക്ക് സർവകലാശാലയിലെ തലപ്പാവു വച്ച വിദ്യാർഥികൾ രാജാക്കന്മാരെ പല്ലക്കിൽ ചുമക്കുന്നതുപോലെ ചെയർമാനെ കൊണ്ടു വരുന്നതു കണ്ട് സദസ്സ് എഴുന്നേറ്റു നിന്നു കൈയടിച്ച് വരവേറ്റു. അക്കാലത്ത് ഉമ്മൻ ചാണ്ടി യൂത്ത് കോൺഗ്രസ് പ്രസിഡന്റും എംഎൽഎയുമാണ്.അന്നും ഇന്നും ഉമ്മൻ ചാണ്ടിക്കു മുടി ചീകാൻ ചീപ്പുണ്ടോ എന്നറിഞ്ഞുകൂടാ. പക്ഷേ അന്നൊരു ജീപ്പുണ്ടായിരുന്നു. സ്വന്തം ജീപ്പല്ല. കോട്ടയം ഡിസിസിയുടെ വക കെഎൽഎഫ് 3838. യൂത്ത് കോൺഗ്രസുകാരുടെ ഏകദേശ പ്രായപരിധി പോലെ 38...38. വിഎം സുധീരൻ, തിരുവഞ്ചൂർ, കെസി ജോസഫ്, എംഎം ഹസൻ എന്നിവർ ഉമ്മൻ ചാണ്ടിയോടൊപ്പം ആ ജീപ്പിൽ പോവുകയാണ്. തൊട്ടുമുമ്പിലൊരു ലോറി. അപ്രതീക്ഷിതമായി ലോറി ബ്രേക്കിട്ടു. ജീപ്പ് ചെന്ന് പിന്നിലിടിച്ചു. ചില്ലിൽ ചെന്നിടിച്ച് ഉമ്മൻ ചാണ്ടിയുടെ നെറ്റി പൊട്ടി ചോര ചീറ്റുകയാണ്. മുഖ്യമന്ത്രിയുടെ നെറ്റിയിൽ ഇപ്പോഴും ആ മുറിവുണങ്ങിയ ചന്ദ്രക്കല തിരുവ‍ഞ്ചൂർ കാണാറുണ്ട്.

ഡ്രൈവർ ഉറങ്ങിയതിന്റെ ഫലവും അനുഭവിച്ചിട്ടുണ്ട് തിരുവഞ്ചൂർ. അന്നും ഇന്നത്തെപ്പോലെ ഉമ്മൻ ചാണ്ടി കൂടെയുണ്ട്. പാലായിൽ നിന്ന് ഏറ്റുമാനൂർ വഴി കോട്ടയത്തേക്കു വരുമ്പോൾ പുലർച്ചെ മൂന്നു മണിക്കാണ് സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയി. രണ്ടു വശവും പാടമാണ്. കാർ നിയന്ത്രണം വിട്ട് ചെന്നു വീണത് അരയോളം വെള്ളത്തിൽ. എല്ലാവരും നന‍ഞ്ഞു കുളിച്ചു. ഒടുവിൽ ഒരുവിധം റോഡിൽ കയറി ബസു കാത്തു നിൽക്കുമ്പോൾ പെരുമഴ..! നനഞ്ഞു നിൽക്കുന്ന ഉമ്മൻ ചാണ്ടിയോടു ഡ്രൈവർ പറ‍ഞ്ഞു. നന്നായി കുളിച്ചു, ഇനി എന്തായാലും ഉറക്കം വരില്ല.

ഡ്രൈവിങിനിടെ ഉറങ്ങരുതെന്ന അന്നത്തെ ചിന്തയ്ക്ക് ഗതാഗത മന്ത്രിയായപ്പോൾ തിരുവഞ്ചൂർ മറുപടി കണ്ടെത്തി. ഉറക്കം വന്നാൽ ഡ്രൈവറെ ഉണർത്തുന്ന വെയറബിൾ സ്ളീപ് അലാം കേരളത്തിൽ നടപ്പിലാക്കുക.
അല്ലെങ്കിൽ വഞ്ചി ഇപ്പോഴും തിരുവഞ്ചൂരു തന്നെ കിടന്നേനെ.. അതു മന്ത്രി ഇഷ്ടപ്പെടുന്നില്ല.