Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി ബ്രെസയെ തോല്‍പ്പിക്കുമോ ടാറ്റ നെക്‌സോണ്‍

Tata Nexon,Maruti Brezza, Ecosport Tata Nexon,Maruti Brezza, Ecosport

ചെറു എസ്‌യുവി സെഗ്‌മെന്റ് കീഴടക്കാനെത്തിയ വാഹനമാണ് ടാറ്റ നെക്‌സോണ്‍. നാലു മീറ്ററില്‍ താഴെ നീളമുള്ള കോംപാക്ട് എസ്‌യുവികളിലെ പുതുമുഖം. വ്യത്യസ്ത രൂപവുമായി വിപണിയിലെത്തിയ നെക്‌സോണ്‍ പ്രധാനമായി മത്സരിക്കുന്നത് കോംപാക്ട് എസ്‌യുവി മിന്നും താരങ്ങളായ മാരുതി വിറ്റാര ബ്രെസ്സയോടും ഫോഡ് ഇക്കോസ്പോര്‍ട്ടിനോടുമാണ്. ഇവരെ തോല്‍പ്പിച്ച് മുന്നേറാനാകുമോ ബ്രെസയ്ക്ക്. 

tata-nexon-8 Nexon

ഡിസൈന്‍ 

ചെറു എസ്‌യുവികളിലെ വ്യത്യസ്ത രൂപമാണ് നെക്‌സോണിന്. 2014 ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലിന്റെ അതേ രൂപം. അടുത്ത തലമുറയില്‍നിന്ന് ഇറങ്ങിവന്നതാണോ എന്നു തോന്നിപ്പിക്കുന്ന രൂപം. നെക്‌സണൊടൊപ്പം ലഭിക്കുന്ന സ്മാര്‍ട് വാച്ച് ഉപയോഗിച്ച് വാഹനം തുറക്കുകയും സ്റ്റാര്‍ട്ടാക്കുകയും ചെയ്യാം. പറയുമ്പോള്‍ ചെറു എസ്‌യുവിയെങ്കിലും രൂപഗുണത്തില്‍ വലിയ എസ്‌യുവികള്‍ സുല്ലിടും. തേനീച്ചക്കൂട് മാതൃകയിലുള്ള വലിയ ഗ്രില്ലിന് അടിവരയിടുന്ന ക്രോമിയം ലൈനുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാംപ്, ഡേ ടൈം റണ്ണിങ് ലാംപുകള്‍ എന്നിവയുണ്ട്. ആനക്കൊമ്പ് നിറത്തില്‍ ഫോഗ് ലാംപിനെ വലയം ചെയ്തു തുടങ്ങുന്ന വീതിയുള്ള ൈലനുകള്‍ ഡോറിനു തൊട്ടു താഴെയായി വാഹനത്തിന്റെ വശങ്ങളിലൂടെ പിന്നിലെത്തുമ്പോള്‍ എക്‌സ് രീതിയിലുള്ള രൂപകല്‍പനയാകുന്നു. ഈ ആനക്കൊമ്പ് നിറവും സോണിക് സില്‍വര്‍ റൂഫും ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ്കളും ചേര്‍ന്നാണ് നെക്‌സോണിനെ ഇന്ത്യയിലിന്നുള്ള ഏതു കാറില്‍നിന്നും വ്യത്യസ്തമാക്കുന്നത്. മസ്‌കുലറായ ബംപറും വീല്‍ ആര്‍ച്ചുകളും ബോഡിലൈനുകളും മുന്നില്‍ മാത്രമല്ല പിന്നിലുമുണ്ട്. പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപെ സ്‌റ്റൈലിങ്ങുണ്ട്. 

brezza-1 Brezza

മാരുതിയുടെ മികച്ച ഡിസൈനുകളിലൊന്നാണ് ബ്രെസ. സ്റ്റൈലിങ്ങും ഗ്ലാമറും ഒരുമിച്ചു കൊണ്ടുവരുന്ന ഗ്രില്ലും എടുത്തറിയുന്ന സ്‌കഫ്പ്ലേറ്റുള്ള ബംപറും എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ് ലാംപുമെല്ലാം മനോഹരം. ഇരട്ട നിറമുള്ള മോഡലുകളാണ് എടുത്തു നില്‍ക്കുക. മഞ്ഞ-വെള്ള, നീല-വെള്ള കോംബിനേഷനുകള്‍ രാജ്യാന്തര എസ്‌യുവി മോഡലുകളോടും കിടപിടിക്കാനാവുന്ന രുപം നല്‍കുന്നു. പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, വീല്‍ ആര്‍ച്ചുകള്‍, വലിയ ബംപറുകള്‍ എന്നിവ ബ്രെസയുടെ ഭംഗി വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. എ, ബി പില്ലറുകള്‍ കറുത്ത നിറത്തിലാണ്. ഫ്ളോട്ടിങ് റൂഫുകള്‍ ബ്രെസയ്ക്ക് കൂടുതല്‍ സ്പോര്‍ട്ടിയറായ രൂപം നല്‍കുന്നു. 

ecosport Ecosport

മികച്ച ഡിസൈനാണ് ഇക്കോസ്പോര്‍ട്ടിനും. മനോഹരമാണ് മുന്‍ഗ്രില്‍, തലയെടുത്തു നില്‍ക്കുന്ന മുന്‍ഭാഗം, ബൂട്ട് ഡോറില്‍ ഉറപ്പിച്ചിരിക്കുന്ന സ്പെയര്‍ വീല്‍, വലിപ്പമുള്ള വീല്‍ ആര്‍ച്ചുകള്‍ എന്നിവ ഇക്കോസ്പോര്‍ട്ടിന് മികച്ച രൂപമാണ് നല്‍കുന്നത്. നീളം കൂടുതല്‍ ഇക്കോസ്പോര്‍ട്ടിനാണ്- 3999 മില്ലീമീറ്റർ. ബ്രെസയുടേത് 3995 മില്ലീമിറ്ററാണ്. വീതി കൂടുതല്‍ ബ്രെസയ്ക്കാണ്- 1790 മില്ലിമീറ്റര്‍, ഇക്കോസ്പോര്‍ട്ടിന്റേത് 1765 മില്ലി മീറ്റര്‍. എന്നാല്‍ ഉയരം കൂടുതല്‍ ഇക്കോസ്പോര്‍ട്ടാണ്. 1708 മില്ലീമിറ്ററാണ് ഇക്കോസ്പോര്‍ട്ടിന്റെ ഉയരമെങ്കില്‍ ബ്രെസയുടേത് 1640 മില്ലീമീറ്ററാണ്. 

ഇന്റീരിയര്‍ 

tata-nexon-10 Tata Nexon

യൂറോപ്യന്‍ കാറുകളോടു കിടപിടിക്കുന്ന ഉള്‍വശമാണ് നെക്‌സോണിന്. മികച്ച ബില്‍ഡ് ക്വാളിറ്റി. വോയ്സ് കമാൻഡ് അനുസരിക്കുന്ന മ്യൂസിക് സിസ്റ്റവും ഫോണും മറ്റും. ടിയാഗോ വിപണിയില്‍ തുടക്കമിട്ട പുതുതരംഗത്തിന് എന്തുകൊണ്ടും പിന്മുറക്കാരന്‍. നേര്‍ രേഖകളിലുള്ള ഡിസൈന്‍ കണ്‍സെപ്റ്റാണ് ഡാഷ് ബോര്‍ഡിന്. പ്രീമിയം ഫീല്‍ നല്‍കുന്നതിനായി പിയാനോ ബ്ലാക്ക് ഫിനിഷും നല്‍കിയിരിക്കുന്നു. റിവേഴ്സ് ക്യാമറയോടു കൂടിയതാണ് 6.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം. വാഹനത്തിനെപ്പറ്റിയുള്ള വിവിധ വിവരങ്ങള്‍ മള്‍ട്ടിഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലെയിലൂടെ ഡ്രൈവര്‍ക്ക് ലഭിക്കും. ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നിലെ എസി വെന്റുകള്‍, എട്ടു സ്പീക്കറുകളുള്ള ഹര്‍മന്‍ മ്യൂസിക് സിസ്റ്റം എന്നിവ നെക്സോണിലുണ്ട്.  മികച്ച നിലവാരമുണ്ട് ഇന്റീരിയര്‍ പ്ലാസ്റ്റിക്കിന്. കൂള്‍ഡ് ഗ്ലൗ ബോക്സും പ്രീമിയം ഫിനിഷിലുള്ള ഗിയര്‍ബോക്സും നെക്‌സോണിന്റെ പ്രത്യേകതകളാണ്. റോള്‍സ്റോയ്സിന്റെ കാറുകളില്‍ കാണുന്നതുപോലെ കുട സൂക്ഷിക്കാനുള്ള പ്രത്യേക അറ വരെ കാറിലുണ്ട്. യാത്രാസുഖം നല്‍കുന്ന മികച്ച കുഷ്യനുള്ള സീറ്റുകളാണ്, നല്ല തൈ സപ്പോര്‍ട്ടുമുണ്ട്. മികച്ച ലൈഗ് റൂമും ഹെഡ് റൂമുമുണ്ട്. മികച്ച പിന്‍ സീറ്റുകളിലിരുന്നാലും യാത്രാസുഖത്തില്‍ കുറവില്ല.

brezza-3 Brezza

അപ് മാര്‍ക്കറ്റ് കറുപ്പു ഫിനിഷ് ഉള്‍വശമാണ് ബ്രെസയുടെ പ്രധാന ആകര്‍ഷണം. പുതിയ ഡാഷ് രൂപകല്‍പനയാണ്. എന്നാല്‍ സ്റ്റിയറിങ് സ്വിഫ്റ്റിലടക്കം എല്ലാ കാറുകളിലും കണ്ടെത്താനാവും. വലിയ സെന്‍ട്രല്‍ കണ്‍സോള്‍, എല്‍ഇഡി സ്‌ക്രീന്‍, നാവിഗേഷനും ക്രൂസ് കണ്‍ട്രോളുമടക്കം എല്ലാ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടൊ ഹെഡ്‌ലൈറ്റ്, എയര്‍ കൂള്‍ഡ് സ്റ്റോറേജ് എന്നിവയുമുണ്ട്. സ്പീഡോമീറ്ററില്‍ അഞ്ചു പ്രീ സെറ്റ് നിറങ്ങള്‍. എയര്‍ബാഗും എബിഎസും ഏറ്റവും കുറഞ്ഞ മോഡലിലും ലഭിക്കും. നല്ല കാഴ്ച നല്‍കുന്നവയാണ് വിന്‍ഡോകള്‍. ബ്രെസ്സയുടെ പിന്‍സീറ്റ് നല്‍കുന്ന തൈ സപ്പോര്‍ട്ടും ആംറെസ്റ്റിന്റെ പിന്തുണയും മികവുറ്റതാണ്. 60: 40 മട്ടില്‍ പിന്‍സീറ്റ് മടക്കാം. ബൂട്ട് സ്പേയ്സ് 328 ലീറ്റര്‍. 

ecosport-3 Ecosport

മികച്ച ഫീച്ചറുകളുണ്ട് ഇക്കോസ്പോര്‍ട്ടില്‍. ഓട്ടോ ഡിമ്മിങ് മിറര്‍, ഓട്ടമാറ്റിക് ബെഡെലാംപ്, സ്പോര്‍ട്ടി ലെതര്‍ സീറ്റുകള്‍, യഥേഷ്ടം സ്റ്റോറേജ് സ്പെയ്സ്, നടുവിനുള്ള സപ്പോര്‍ട്ട് ക്രമീകരിക്കാവുന്ന മുന്‍സീറ്റ്, ടെലിസ്‌കോപിക് സ്റ്റിയറിങ് വീല്‍, മൈക്രോസോഫ്റ്റ് സിങ്ക് കണക്ടിവിറ്റി തുടങ്ങിയവ ഉദാഹരണങ്ങള്‍. സീറ്റുകളുടെ പിന്തുണ മികച്ചു നില്‍ക്കുന്നു. പിന്‍സീറ്റില്‍ ആംറെസ്റ്റ് ഘടിപ്പിക്കാന്‍ മറന്നിരിക്കുന്നു ഫോഡ്. യുഎസ്‌ബി സോക്കറ്റും ചാര്‍ജിങ് പോയിന്റുകളും മറ്റു സ്റ്റോറേജ് സംവിധാനങ്ങളും ഇരു മോഡലിലും ഒരുപോലെ. റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടമാറ്റിക് ലൈറ്റ് എന്നിവയുമുണ്ട്. 

എന്‍ജിന്‍/ഡ്രൈവ് 

tata-nexon-14 Nexon

ടാറ്റ വികസിപ്പിച്ച  'റെവോട്രോണ്‍' ശ്രേണിയില്‍ പെട്ട പുതിയ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 'റെവോടോര്‍ക്' ശ്രേണിയിലെ പുതിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് നെക്സോണില്‍  ഉപയോഗിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയും മികച്ച പ്രകടനവുമാണ് എന്‍ജിനുകള്‍ക്ക്. നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 3,750 ആര്‍പിഎമ്മില്‍ 110 പിഎസ് വരെ കരുത്തും 1,500 - 2,750 ആര്‍പിഎമ്മില്‍  260 എന്‍എം വരെ ടോര്‍ക്കും നല്‍കും. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി കരുത്താവട്ടെ 5,000 ആര്‍പിഎമ്മില്‍ 110 പിഎസ് ആണ്. 2,000 മുതല്‍ 4,000 ആര്‍പിഎമ്മില്‍ 170 എന്‍എമ്മാണ് ഈ എന്‍ജിന്റെ പരമാവധി ടോര്‍ക്. ആറു സ്പീഡാണ് ഗിയര്‍ ബോക്സ്. മികച്ച ഡ്രൈവാണ് ഇരു എന്‍ജിനുകളും സമ്മാനിക്കുന്നത്.  

vitara-brezza-test-drive-2 Brezza

നിലവില്‍ ഡീസല്‍ എന്‍ജിന്‍ മാത്രമേ ബ്രെസയിലുള്ളു. 1248 സിസി ഡിസിഐഎസ് 200 ഡീസല്‍ 4 സിലിണ്ടര്‍ എന്‍ജിന്റെ ഇന്ധനക്ഷമത ലീറ്ററിന് 24.3 കിലോമീറ്ററാണ്. സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 88 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്ക്. പെട്ടെന്നു കുതിക്കുന്നവനാണ് ബ്രെസ. ലൈറ്റ് സ്റ്റിയറിങ്, സ്മൂത്ത് ഗീയര്‍ബോക്സ് എന്നിവ നഗരയാത്രകളിലും ബ്രെസ്സയെ സുന്ദരമായി നയിക്കും. മുന്‍സീറ്റിലിരുന്നുള്ള കാഴ്ചയും നല്ലത്. ബിഎസ് 4 മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്നതാണ് എന്‍ജിന്‍. 

ecosport-4 Ecosport

ഇക്കോസ്പോര്‍ട്ട് 1498 സിസി ടിഡിസിഐ എന്‍ജിന്‍ 99 ബിഎച്ച്പി കരുത്തു നല്‍കുന്നു. പരമാവധി ടോര്‍ക്ക് 1750-3250 ആര്‍പിഎം റേഞ്ചില്‍ 205 എന്‍എം ഇന്ധനക്ഷമത ലീറ്ററിന് 22.27 കിലോമീറ്റര്‍. നഗരവും നാട്ടിന്‍പുറവും ഹൈവേയും ഒരുപോലെയാണ് ഇക്കോസ്പോര്‍ട്ടിനെ ഇഷ്ടപ്പെടുക. സ്റ്റിയറിങ് ഇത്തിരി കട്ടിയുണ്ട്. ഉയരമുള്ള സീറ്റിങ് പൊസിഷന്‍ ആണെങ്കിലും എ പില്ലര്‍ ശരിക്കു മറവു തന്നെയാണ്. ഗീയര്‍ മാറ്റാന്‍ അല്‍പം മസില്‍ വേണ്ടിവരുമെന്നത് പോരായ്മയാണ്. 

ടെസ്റ്റേഴ്സ് നോട്ട് 

കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലെ പുതുമുഖമാണ് നെക്‌സോണ്‍. ഫീച്ചറുകളുടെയും യാത്രാസുഖത്തിന്റേയും കാര്യത്തില്‍ നെക്‌സോണ്‍ മുന്നില്‍ നില്‍ക്കും. മികച്ച എന്‍ജിനും ഇന്ധനക്ഷമതയും കൂട്ടായുണ്ട്. മാരുതിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ബ്രെസ. മാരുതിയുടെ വിശ്വാസ്യത, മികച്ച സെയില്‍സ് ആൻഡ് സര്‍വീസ് നെറ്റ്‌വര്‍ക്ക് എന്നിവ ബ്രെസയ്ക്ക് കൂട്ടായി എത്തുന്നു. കൂടാതെ മികച്ച മൈലേജും മികച്ച സ്‌റ്റൈലും നല്ല റോഡ് പ്രസന്‍സുമുണ്ട്. ഫോര്‍ഡിന്റെ മികച്ച ഒരു വാഹനമാണ് ഇക്കോസ്‌പോര്‍ട്ട്. പെട്രോള്‍, ഡീസല്‍ മോഡലുകളുണ്ട് ഇക്കോസ്‌പോര്‍ട്ടിന്. സ്‌റ്റൈലിഷായ രൂപവും മികച്ച ഫീച്ചറുകളും. 

പെട്രോള്‍ ഡീസല്‍ വേരിയന്റുകളുണ്ട് നെക്‌സോണിന്. പെട്രോള്‍ പതിപ്പിന് 5.95 ലക്ഷം രൂപ മുതല്‍ 8.76 ലക്ഷം രൂപ വരെയും ഡീസല്‍ പതിപ്പിന് 6.99 ലക്ഷം മുതല്‍ 9.61 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. നാലു ഡീസല്‍ വേരിയന്റുകളുണ്ട് ബ്രെസ്സയ്ക്ക്. വില 7.27- 9.84 ലക്ഷം. ഇക്കോസ്പോര്‍ട്ടിന് പെട്രോള്‍ വേരിയന്റുകള്‍ കൂടാതെ മൂന്നു ഡീസല്‍ വേരിയന്റുകളുണ്ട്. വില 7.50- 9.41 ലക്ഷം.