Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെസ, ഡബ്ല്യുആർ–വി, നെക്സൺ മികച്ചതേത്?

Tata Nexon, Honda WR-V, Maruti Brezza Tata Nexon, Honda WR-V, Maruti Brezza, Photos: Praveen

തൊടുപുഴയ്ക്കടുത്തു മുട്ടത്തിനടുത്തെത്തിയപ്പോൾ നെക്സണിന്റെ മുന്നിൽ ഒരു ബുള്ളറ്റ് വട്ടം വച്ചു. ആ ചേട്ടൻ തന്റെ പിന്നിലുണ്ടായിരുന്ന കുടുംബത്തെ ഇറക്കി. എന്താ കാര്യം എന്നു ചോദിക്കാൻ ഗ്ലാസ് താഴ്ത്തുമ്പോഴേക്കും ക്ഷമാപണത്തോടെ അങ്ങേര് ഓടിവന്നു. നെക്സൺ ഒന്നു കാണാൻ വന്നതാ... എങ്ങനുണ്ട് ഓടിക്കാൻ...? ഇതൊരു തുടക്കമായിരുന്നു.  ആദ്യമായിട്ടാണ് ഒരു ടാറ്റ വാഹനം ഓടിച്ചു

brezza-wrv-nexon-2 Tata Nexon, Honda WR-V, Maruti Brezza

പോകുമ്പോൾ റോഡിലുള്ളവരുടെ കണ്ണിലെ ആശ്ചര്യം കാണുന്നത്. ഒരുപക്ഷേ, നാനോ കഴിഞ്ഞാൽ ടാറ്റയുടെ ഏറ്റവും ശ്രദ്ധ നേടിയ മോഡൽ നെക്സൺ ആയിരിക്കും.ആരെയും അമ്പരപ്പിക്കുന്ന, എന്തൊക്കെയോ ഒളിപ്പിച്ചാണ് നെക്സൺ എത്തിയത് എന്നു നിങ്ങൾക്കറിയാം. സബ്ഫോർ മീറ്റർ കോംപാക്ട് എസ്‍യുവികളായ ബ്രെസയെയും ഡബ്ല്യുആർവിയെയും എതിരിടുമ്പോൾ ഈ ആശ്ചര്യം ഉണ്ടാകുമോ? ഡീസൽ വേരിയന്റുകളുടെ മത്സരം കാണാം. 

ഡിസൈൻ

നെക്സൺ

∙മസ്കുലർ രൂപകൽപന, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്

∙പാനൽഗ്യാപ്പുകൾ തെളിഞ്ഞുകാണാം.

Tata Nexon Tata Nexon

കൺസെപ്റ്റ് മോഡൽ റോഡിലിറങ്ങിയാൽ എങ്ങനെയിരിക്കും? അതാണു നെക്സൺ. കൗതുകമുണർത്തുന്ന രൂപം. ഉരുണ്ടുതടിച്ച ബോഡിയും ക്രോമിനു പകരം ആനക്കൊമ്പുനിറമുള്ള വിൻഡോ ലൈനിങ്ങും പ്രൊജക്ടർ ഹെഡ്‍‌ലാംപും എവിടെയും ശ്രദ്ധനൽകുന്നതരത്തിലുള്ള എൽഇഡി പകൽനക്ഷത്രങ്ങളും നെക്സണെ നെക്സ്റ്റ് ലെവലിൽ നിർത്തുന്നു. മൂന്നുനിറത്തിലുള്ള ബോഡിയിൽ ശ്രദ്ധയാകർഷിക്കുന്നത് വെള്ളിനിറത്തിലുള്ള റൂഫ് ആണ്. വ്യത്യസ്തമായ പിൻവശം.ഷാർക്ക് ഫിൻ ആന്റിന എന്നിവ മറ്റു പ്രത്യേകതകൾ. 209 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതുകൊണ്ട് എവിടെയും നെക്സണുമായി കയറാം. മാത്രമല്ല ചക്രത്തിൽനിന്ന് ഒട്ടും അകലമില്ല മുൻപിൻ ബംപറിലേക്ക്.  എ പില്ലർ കാഴ്ചയെ മറയ്ക്കുന്നുണ്ട്. കോർണറിങ് ലാംപ് ഉണ്ടെങ്കിലും അത്ര പ്രകടമല്ല പ്രകാശം. 

ബ്രെസ

∙ലളിതമായ രൂപകൽപന. 

∙താരതമ്യേന കരുത്തുകുറഞ്ഞ ബോഡി

brezza-1 Maruti Brezza

മൂവരിലും ലാളിത്യം കൊണ്ടുമാത്രം ശ്രദ്ധയാകർഷിക്കുന്ന രൂപമാണ് ബ്രെസയുടേത്. ചതുരവടിവാർന്ന ത്രീ ടോൺ ബോഡി അത്യാകർഷകമൊന്നുമല്ലെങ്കിലും സുന്ദരം. കോംപാക്ട് എസ്‍യുവി എന്നതിനെക്കാൾ വലിയൊരു ഹാച്ച് എന്നുപറയുന്നതാകും ഉചിതം. പ്രൊജക്ടർ ലാംപ് മാത്രമാണ് എടുത്തു പറയേണ്ടത്. ഡ്രൈവിങ് സീറ്റിൽനിന്നുള്ള കാഴ്ച വിശാലം. 

ഡബ്ല്യു–ആർവി

∙സൺറൂഫ് മേൻമയാണ്. 

∙ജാസിൽനിന്നൊരു പുതുമ തോന്നുന്നില്ല. 

honda-wr-v Honda WR-V

ജാസ് ആണോ ബിആർവിയാണോ എന്നൊക്കെ സംശയം തോന്നിപ്പിക്കുന്ന രൂപം. കൂട്ടത്തിൽ ഗൗരവം കുറവാണ്. ഗ്രില്ലിലെ വീതിയേറിയ ക്രോം സ്ട്രിപ്പും വീൽആർച്ചുകൾക്കുമുകളിലുള്ള കറുപ്പു ക്ലാഡിങ്ങും മാത്രം എടുത്തുപറയാം. മുൻവശത്തെക്കാൾ ചന്തം പിന്നിലാണ്. വീൽബേസ് കൂടുതലാണ്. ഗ്രൗണ്ട് ക്ലിയറൻസ് ഏറ്റവും കുറവാണ്. 

ഇന്റീരിയർ

നെക്സൺ

∙ഏറ്റവും മുന്തിയ ഇന്റീരിയർ ഡിസൈൻ

∙മൂവരിൽനിന്ന് പ്രത്യേകിച്ച് നെഗറ്റീവുകൾ പറയാനില്ലാത്ത ഉൾവശം. 

nexon-1 Tata Nexon

 പ്രായോഗികതയും സ്റ്റൈലും സമ്മേളിക്കുന്ന പ്രീമിയം ഡാഷ്ബോർ‍ഡ്.  ഉയർന്നു നിൽക്കുന്ന സ്ക്രീൻ. അടപ്പോടുകൂടിയ സ്റ്റോറേജ് സൗകര്യമുള്ള, കപ് ഹോൾഡറുകളടങ്ങിയ  നടുവരമ്പാണ് യഥാർഥ ആകർഷണം. പ്ലാസ്റ്റിക് ക്വാളിറ്റിയിലും മറ്റും കെങ്കേമൻ. നെക്സണിന്റെ ഉൾവശത്തോടു കിടപിടിക്കാൻ ബ്രെസയ്ക്കും ഡബ്ല്യുആർവിക്കുമാകുന്നില്ല. എട്ടു സ്പീക്കറുകൾ ഉള്ള ഹാർമൻ സൗണ്ട് സിസ്റ്റം ഒരു തരി പതറുന്നില്ല. നോബുകളും നിരകളിലൊതുക്കിയ ബട്ടണുകളും അവയ്ക്കിടയിലെ ക്രോം ലൈനും എല്ലാം പ്രീമിയം. റൂഫിലെ സിൽവർ ടച് ഡാഷ്ബോർഡിനുമുണ്ട്.  ടെസ്റ്റ്ഡ്രൈവിനു കൂടെവന്നവരുടെ വാക്കുകൾ കടമെടുത്താൽ– സ്റ്റിയറിങ്ങിലെ ലോഗോ മറച്ചുവച്ചാൽ ഇതൊരു വിദേശവാഹനമാണെന്നേ തോന്നുകയുള്ളൂ... ഈ ഫീലിനു കുട പിടിക്കാനായി കുടവയ്ക്കാനുള്ള ഗ്യാപ് ഡോറിലുണ്ട്. ഉയർന്ന സീറ്റിങ് പൊസിഷൻ.

ഡബ്ല്യു ആർവി

∙ടെലിസ്കോപ്പിക് സ്റ്റിയറിങ് വീൽ 

∙ഡിസൈൻ പുതുമയില്ല. സ്റ്റൈലിഷ് അല്ല. 

honda-wr-v-3 Honda WR-V

സ്റ്റൈലിനുപരിയായി പ്രായോഗികതയ്ക്കാണു ഡബ്ല്യുആർവിയിൽ മുൻതൂക്കം. ‍ഡ്രൈവർക്കുനേർക്കു ചെരിഞ്ഞിരിക്കുന്ന ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉദാഹരണം. എന്നാൽ ഹോണ്ടയുടെ മറ്റു വാഹനങ്ങളിൽനിന്നൊരു മാറ്റം  തോന്നുകയില്ല. എസി കൺട്രോൾസ് ടച് ആണെന്നൊരു സവിശേഷതയുണ്ട്. പേരിനൊരുക്കിയ ചെറിയ ആംറെസ്റ്റിനു താഴെയാണ് യുഎസ്ബി പോർട്ടും പവർ സോക്കറ്റും. സ്ഥലസൗകര്യത്തിൽ  നെക്സണുമായി ഇഞ്ചോടിഞ്ചു മത്സരിക്കും. ടെലിസ്കോപ്പിക് സ്റ്റിയറിങ് കോളം ഡബ്ല്യുആർവിക്കു മാത്രമുള്ള ഫീച്ചർ ആണ്. നാവിഗേഷൻ, ഫോൺ സ്ക്രീനിന്റെ പതിപ്പ്, ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിലും കാണുന്ന  മിറർലിങ്ക് സംവിധാനം,  1.5 ജിബി സ്റ്റോറേജ്, ക്രൂയ്സ് കൺട്രോൾ  എന്നീ സൗകര്യങ്ങളുമുണ്ട്. സീറ്റിങ് പൊസിഷൻ കാറുകളുടേതു പോലെയാണ്.

ബ്രെസ

∙യൂസർ ഫ്രണ്ട്‍‌ലി ഇൻഫോടെയിൻമെന്റ് സിസ്റ്റം

∙എസ്‍‌യുവിത്തമില്ല. 

brezza-3 Maruti Brezza

അതീവ ലാളിത്യമാണ് ബ്രെസയുടെ മുഖമുദ്ര. ഏറ്റവും നല്ല യൂസർ ഇന്റർഫേസ് ഉള്ളതാണ് ഇൻഫോടെയിൻമെന്റ് സിസ്റ്റം. നാവിഗേഷൻ സൗകര്യമുണ്ട്.  സ്റ്റിയറിങ് ടിൽറ്റബിൾ സൗകര്യം മാത്രമുള്ളതാണ്. കൂൾ‍ഡ് ഗ്ലവ് ബോക്സ്, സ്റ്റോറേജ് സൗകര്യമുള്ള ആംറെസ്റ്റ്, നടുവരമ്പിൽ യുഎസ്ബി, പവർ സോക്കറ്റുകൾ, സീറ്റിനടിയിൽ ട്രേ, ബാക്ക് പോക്കറ്റ്, ക്രൂസ് കൺട്രോൾ സിസ്റ്റം എന്നിവയാണു പ്രത്യേകതകൾ. സീറ്റിങ് പൊസിഷൻ നെക്സണിന്റെ അത്ര ഉയരത്തിലല്ല എന്നാൽ ഡബ്ല്യുആർവിയുടെയത്ര താഴ്ന്നിട്ടുമല്ല. ബോണറ്റിന്റെ അറ്റം വരെ കണ്ണെത്തുന്നതിനാൽ    ആത്മവിശ്വാസം വർധിക്കും. ഓട്ടോ ഹെഡ്‌ലാംപ്, ഓട്ടോ വൈപ്പറുകൾ എന്നീ സൗകര്യങ്ങളുണ്ട്.

നെക്സൺ

∙പിൻസീറ്റ് യാത്രാസുഖം ഏറ്റവും കൂടുതൽ. റിയർ എസി വെന്റ് നെക്സണു മാത്രം. 

∙നടുവിലെ ഇരിപ്പ് അത്ര സുഖമുള്ളതല്ല

nexon Tata Nexon

രണ്ടുപേരെ പൊതിഞ്ഞുപിടിച്ചുകൊണ്ടുപോകാനാണ് നെക്സണിന്റെ പിൻസീറ്റ് ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്. നടുസീറ്റ് അത്ര സുഖകരമല്ല.  തൈസപ്പോർട്ടുള്ള കിടിലൻ ഫാബ്രിക് സീറ്റുകൾ. എന്നാൽ ലെഗ്റൂം താരതമ്യേന കുറവാണ്. ഇരിപ്പ് ഉയരത്തിലായതിനാൽ കമാന്റിങ് ഫീൽ കിട്ടും. 

ഡബ്ല്യു ആർവി 

∙ലെഗ് റൂം കൂടുതൽ

∙ഫ്ലാറ്റ് സീറ്റുകൾ അത്ര നല്ല സപ്പോർട്ടീവ് അല്ല നൽകുന്നത്

honda-wr-v-2 Honda WR-V

ഏറ്റവും വിശാലമായ പിൻസീറ്റ് ഡബ്ല്യുആർവിയുടെയാണ്. കാൽനീട്ടിവച്ചിരിക്കാം. മാത്രമല്ല കാൽപാദം വയ്ക്കുന്നിടത്ത് പൊങ്ങിയിരിക്കുന്നത് പ്രത്യേകതയാണ്. . പക്ഷേ, സീറ്റുകൾ ഫ്ലാറ്റ് ആയതിനാൽ സപ്പോർട്ട് താരതമ്യേന വളരെ കുറവ്. എസി െവന്റുമില്ല. മൂന്നുപേർക്ക് ചെറുയാത്രകൾക്ക് ചേരും. ആംറെസ്റ്റ് ഇല്ലായെന്നതും പോരായ്മയാണ്. മുൻസീറ്റ് പരമാവധി പിന്നോട്ടിട്ടാൽപ്പോലും നെക്സണിന്റെ ലെഗ്റൂമിനെക്കാൾ കൂടുതലാണ്.

ബ്രെസ്സ

∙വീതി കൂടുതൽ. ലെഗ്റൂം െനക്സണിനേക്കാൾ കൂടുതൽ

∙യാത്രാസുഖം താരതമ്യനേ കുറവ്. 

brezza-2 Honda WR-V

‍ഡബ്ള്യൂആർവിയുമായി മാത്രം മത്സരിക്കാവുന്ന  പിൻസീറ്റാണ് ബ്രെസ്സയുടേത്.  വിൻഡോ ഷോൾഡർ താഴ്ന്നതായതിനാൽ വിശാലത തോന്നിപ്പിക്കും. ലെഗ്റൂം നെക്സണിനേക്കാൾ കൂടുതലുണ്ട്. എന്നാൽ തൈസപ്പോർട്ട് ശരാശരി മാത്രം. ആംറെസ്റ്റിൽ കപ്ഹോൾഡർ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ് റെസ്റ്റ് എന്നിവ ഡബ്ള്യൂആർവിയെ അപേക്ഷിച്ച്  മേൻമകൾ ആണ്. മൂന്നുേപർക്ക് ഞെരുങ്ങാതെ ഇരിക്കാവുന്നത്ര വീതിയുണ്ട്. കൂട്ടത്തിൽ വീതികൂടിയ സീറ്റും ബ്രെസ്സയ്ക്കാണ്.

‍ഡ്രൈവ്

നെക്സൺ

∙ഏറ്റവും കരുത്തു കൂടിയ എൻജിൻ. ഡ്രൈവ് മോഡുകൾ കൂട്ടത്തിൽ നെക്സണു മാത്രം. 

∙ഇന്ധനക്ഷമത താരതമ്യേന കുറവ്

tata-nexon-6 Tata Nexon

കരുത്തുള്ള, ടോർക്കി ആയ എൻജിനാണ് നെക്സൺ ഡീസലിലുള്ളത്. നിശ്ചിത ആർപിഎം കയറിയാൽ കുതിപ്പിനൊരു കുറവുമുണ്ടാകില്ല.  മറ്റു രണ്ടുപേരെയും അപേക്ഷിച്ച് എൻജിൻ നോയ്സ് കുറച്ചുമാത്രമേ ഉള്ളിൽ കേൾക്കുന്നുള്ളൂ എന്നൊരു മേൻമയുമുണ്ട്. 1497 സിസി 4 സിലിണ്ടർ‍ എൻജിൻ 108.5 ബിഎച്ച്പി കരുത്താണ് പുറത്തെടുക്കുന്നത്. ഈ സെഗ്‍മെന്റിലാദ്യമായി മൂന്നു ഡ്രൈവ്  മോഡുകൾ അവതരിപ്പിക്കുകയാണു ടാറ്റ. നടുവരമ്പിലെ നോബ് വഴി ഇക്കോ, സിറ്റി, സ്പോർട് ഡ്രൈവ് മോഡുകൾ തിരഞ്ഞെടുക്കാം. 

നഗരത്തിലെ തിരക്കിൽ അടിക്കടി ഗീയർ മാറ്റേണ്ടതില്ലാത്തവിധം ടോർക്ക് നൽകുന്നുണ്ട് എൻജിൻ. ചെറുവേഗങ്ങളിൽ, അതായത് ഗതാഗതക്കുരിക്കിലൂടെ ഇഴഞ്ഞുനീങ്ങുകയാണെങ്കിൽ  ആക്സിലറേറ്ററിൽ കാൽ കൊടുക്കാതെത്തന്നെ നെക്സൺ മുന്നോട്ടുനീങ്ങും. അന്നേരം ബ്രേക്കിൽ മാത്രം ശ്രദ്ധ കൊടുത്താൽ മതി. ക്ലച്ചമർത്തി കാലുകഴയ്ക്കേണ്ട കാര്യമില്ല. ഇന്ധനക്ഷമതയാർന്ന ഡ്രൈവിന് ഇക്കോണമി മോഡും കൂടുതൽ കരുത്തിനായി സ്പോർട് മോഡും തിരഞ്ഞെടുക്കാം. ഈസമയങ്ങളിൽ വാഹനം ഏതു മോഡിലാണെന്ന് അറിയിപ്പുവരും. ഓട്ടത്തിനിടയിലും മോഡുകൾ മാറ്റാം. കൺസോളിലെ നിറവും മോഡുകൾക്കനുസരിച്ച് മാറും.    സ്പോർട് മോഡിൽ സ്റ്റിയറിങ്ങിലും ആക്സിലറേറ്ററിലും വൈബ്രേഷൻ കിട്ടുന്നുണ്ട് എന്നതു നെഗറ്റീവ് ആയി പറയാം. 6 സ്പീഡ് ഗീയർ നന്നായി വലിച്ചിടേണ്ട അവസ്ഥയാണ്.  ഗീയർബോക്സിനെ വലിയ കുറ്റമൊന്നും പറയാനില്ലായെങ്കിലും കൃത്യത കുറച്ചുകൂടി ആവാമായിരുന്നു.  സ്റ്റിയറിങ് സോഫ്റ്റ് ആണെങ്കിലും കൂടിയ വേഗത്തിലും നല്ല പ്രകടനം നൽകുന്നുണ്ട്. സസ്പെൻഷൻ പരീക്ഷിക്കാൻ കുഴികളിൽ ചാടിച്ചാണു പോന്നത്. ശബ്ദം കേൾക്കുമെങ്കിലും ഉള്ളിലേക്ക് ഇടി വരുന്നില്ല. വളവുകൾ വീശുമ്പോഴും വലിയ ബോഡിറോൾ പറയാനില്ല. കൂട്ടത്തിൽ ഉയരമുള്ളവനാണെങ്കിലും സ്ഥിരതയാർന്ന ഡ്രൈവ് നെക്സണിന്റേതാണ്. 

ഡബ്ല്യുആർവി

∙കൂടിയ ഇന്ധനക്ഷമത

∙ഡ്രൈവിങ് സുഖം കൂട്ടത്തിൽ കുറവ്

honda-wr-v Honda WR-V

സ്പോർട്ടിയാണ് എന്നു പറയാൻപറ്റില്ല ഡബ്ല്യുആർവിയെ. എന്നാൽ കുറ്റം പറയാനുമില്ല എന്നതാണ് അവസ്ഥ. കരുത്ത് ബ്രെസയെക്കാൾ കൂടുതൽ. 1498 സിസി 98.6 ബിഎച്ച്പി.  എന്നാൽ അത്യുഗ്രൻ മൈലേജുമുണ്ട്. ലീറ്ററിന് 25.5 കിലോമീറ്റർ ആണ് കമ്പനി അവകാശപ്പെടുന്നത്. ഹൈവേ ക്രൂസിങ്ങിനു ചേർന്ന രീതിയിൽ ആണ് എൻജിൻ ട്യൂണിങ്. പെട്ടെന്നു ടോർക്ക് പ്രദാനം ചെയ്യാത്ത എൻജിൻ.  6 സ്പീഡ് ഗീയർ ഗീയർ ബോക്സ് കൃത്യതയിൽ ശരാശരി. ത്രോ കൂടുതൽ ആണ്. കോംപാക്ട് എസ്‌യുവി എന്നതിനേക്കാൾ കാർ ഓടിക്കുന്നു എന്ന ഫീൽ ആണ് ഡ്രൈവിങ് സീറ്റിലിരിക്കുമ്പോൾ കിട്ടുന്നത്. ഡ്രൈവിങ് സുഖം നെക്സണിനേക്കാൾ‍ കുറവാണ്. യാത്രാസ്ഥിരതയിൽ ബ്രെസ്സയേക്കാൾ നല്ലതാണ്.  

ബ്രെസ

∙സ്പോർട്ടി ഡ്രൈവിങ് ഫീൽ

∙സ്ഥിരത കുറവ്

vitara-brezza-test-drive-11 Maruti Brezza

ഇക്കൂട്ടത്തിൽ പെട്ടെന്നു കുതിക്കുന്ന വാഹനമാണ് ബ്രെസ. കരുത്തും എൻജിൻ ശേഷിയും മൂവരിലും കുറവാണെങ്കിലും ഭാരം കുറഞ്ഞ ബോഡിയാൽ ഈ പരിമിതി മറികടക്കുന്നുണ്ട്. 1248 സിസി എൻജിൻ. 88.5 ബിഎച്ച്പി കരുത്ത്. ടോർക്ക് ഡബ്ല്യുആർവിക്കു തുല്യം.  ഉയർന്ന വേഗത്തിലെ സ്ഥിരതയിൽ ബ്രെസ പിന്നോക്കമാണ്. റോഡിൽ ഗ്രിപ് ഇല്ലായെന്നു തോന്നുംവിധമാണു യാത്ര. ഗീയർബോക്സ് 5 സ്പീഡ് ആണ്.  കൃത്യത മൂവരിലും കൂടുതൽ.  സിറ്റിയിലും ഹൈവേയിലും ഒരേ പ്രകടനം. ഇന്ധനക്ഷമതയിൽ നെക്സണെക്കാൾ മുന്നിൽ. ലീറ്ററിനു 24.3 കിലോമീറ്റർ.

സുരക്ഷ

സുരക്ഷാഫീച്ചറുകളിൽ രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡ് ആണ് മൂവരിലും. എബിഎസ് ഇബിഡി എന്നിവയുമുണ്ട്. റിവേഴ്സ് ക്യാമറകളിൽ സ്റ്റിയറിങ്ങിനനുസരിച്ച് സ്ക്രീനിലെ ലൈനുകളുടെ സ്ഥാനം മാറുന്നത് (ഡൈനാമിക്  ഗൈഡ്‌ലൈൻസ്)  നെക്സണിൽ മാത്രം. റിവേഴ്സ് എടുക്കുമ്പോൾ  വാഹനത്തിന്റെ യഥാർഥ സ്ഥാനം അറിയാനിതു സഹായിക്കും. 

brezza-wrv-nexon Tata Nexon, Honda WR-V, Maruti Brezza

ടെസ്റ്റേഴ്സ് നോട്ട്

സബ്ഫോർ മീറ്റർ കോംപാക്ട് എസ്‌യുവികളിൽ സ്റ്റൈലിനും പുതുമയ്ക്കും മുൻതൂക്കം നൽകുന്നവർക്ക് ടാറ്റ നെക്സൺ. നമ്മുടെ റോഡുകളിലും കുഴികളിലും സമാധാനത്തോടെ ചാടിച്ചോടിക്കാൻ നെക്സണെ കഴിഞ്ഞേ ആൾക്കാരുള്ളൂ. പ്രീമിയം ഇന്റീരിയറും എക്സ്റ്റീരിയറും നാലുപേരുടെ നോട്ടത്തിനിടയാക്കും. കൂടുതൽ വിശ്വാസ്യതയും നല്ല സർവീസ് നെറ്റ്‌വർക്കിന്റെ പിൻബലവും റീസെയിൽ വാല്യുവും നോക്കുന്നവർക്ക് ബ്രെസ്സ. ഹോണ്ട ബ്രാൻഡിന്റെ ഗമ വേണമെന്നുള്ളവർക്കു ഡബ്ല്യുആർവി. നമ്മുടെ സാഹചര്യങ്ങളിൽ പറഞ്ഞാൽ മാരുതി ബ്രെസ്സ സ്വന്തം വീട്ടിലെ പയ്യൻ. ഹോണ്ട ഡബ്ള്യുആർവി അകന്ന വീട്ടിലെ അടുത്ത ബന്ധു. ടാറ്റ നെക്സൺ അയൽപക്കത്തു താമസത്തിനു വന്ന പുതിയ പയ്യൻ.

വിലയിലോ? സ്കോർ ചെയ്യുന്നത് ടാറ്റ നെക്സൺ തന്നെ..വിലയിൽ നെക്സണു കുറവുണ്ട്.