Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനങ്ങൾ കുട്ടികൾക്ക് മരണക്കെണിയാകുമ്പോൾ

Auto-School-students വര: ബേബി ഗോപാലൻ

രാജ്യത്ത് അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം വർഷന്തോറും കൂടി വരികയാണ്. അതിൽ കൂടുതലും കുട്ടികളാണ്. തങ്ങളുടേതല്ലാത്ത കാരണത്താൽ വാഹനാപകടത്തിൽ മരിക്കുന്ന കുട്ടികളുടെ മരണത്തിന് ആരാണ് ഉത്തരവാദികൾ? എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ അശ്രദ്ധ എന്നൊക്കെ പറയാമെങ്കിലും. നിയമങ്ങൾ അവഗണിച്ചു മതിയായ സുരക്ഷയില്ലാതെ കുട്ടികളുമായി യാത്രചെയ്ത് അവരുടെ ജീവൻ അപകടത്തിലാക്കി അവരുടെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്ന മാതാപിതാക്കൾ തന്നെയല്ലേ അവരുടെ മരണത്തിന് ഉത്തരവാദികൾ.

ബൈക്കിലും സ്കൂട്ടറിലും രണ്ടു കുട്ടികളുമായി പോകുമ്പോള്‍ അല്ലെങ്കിൽ സ്കൂളിലേയ്ക്കുള്ള ഓട്ടോയിൽ കുട്ടിയ കയറ്റി വിടുമ്പോൾ ചിന്തിച്ചിട്ടുണ്ടോ കുട്ടികളുടെ അവകാശങ്ങളാണ് നിങ്ങൾ ലംഘിക്കുന്നതെന്ന്. മാതാപിതാക്കൾക്ക് മാത്രമല്ല ആവശ്യമായ സുരക്ഷാ സംവിധാനമുള്ള ഇരുചക്രവാഹനങ്ങളാണ് കുട്ടികൾ സ്കൂളിൽ കൊണ്ടുവരുന്നതെന്ന് ഉറപ്പാക്കാൻ സ്കൂൾ അധികൃതർക്കും ഉത്തരവാദിത്തമുണ്ട്.

കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2014ൽ രാജ്യത്ത് 4,89,400 അപകടങ്ങളിലായി 1,37,572 പേർ കൊല്ലപ്പെടുകയും 4,93,474 പേർക്കു പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ അൻപതിനായിരത്തോളം പേർ ഇരുപതു വയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നു. അപകടത്തിനിരയാകുന്നവരിൽ 53 ശതമാനവും 15നും 5നും ഇടയിൽ പ്രായമുള്ളവരാണ്.

ഹെൽമെറ്റ് നിയമം കർശനമായി പാലിക്കണമെന്ന് റോഡുസുരക്ഷയ്ക്കുള്ള സുപ്രീം കോടതി സമിതി കഴിഞ്ഞ ഓഗസ്റ്റ് 18ന് നിർദേശം നൽകിയിരുന്നു. മോട്ടോർ വാഹന നിയമത്തിലെ 128–ാം വകുപ്പാണ് ഇരുചക്രവാഹനയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചു പറയുന്നത്. നിയമത്തിൽ വാഹനം ഓടിക്കുന്നയാളെയും പുറകിൽ സഞ്ചരിക്കുന്നയാളെയും വേർതിരിച്ചുകാണുന്നില്ല. പുറകിൽ സഞ്ചരിക്കുന്നയാളുടെ സുരക്ഷിതത്വത്തെക്കുറിച്ചു കൂടുതൽ പറയുന്നുമുണ്ട്. തക്കതായ സുരക്ഷാസംവിധാനമുള്ള സീറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇരുചക്രവാഹനത്തിൽ ഓടിക്കുന്നയാൾക്കു പിന്നിൽ യാത്രക്കാരൻ പാടുള്ളൂ. ഹെൽമെറ്റില്ലാതെ പിന്നിൽ കുട്ടികളേയോ മറ്റ് യാത്രക്കാരനെ കയറ്റരുതെന്ന് നിയമം മൂലം നിഷ്കർഷിക്കുന്നുണ്ട്.

സുരക്ഷിതമായ യാത്രയും ഓരോ കുട്ടിയുടെയും അവകാശമാണ്. മാന്യമായി സുരക്ഷിതമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള കുട്ടികളുടെ അവകാശത്തെപ്പറ്റി ഭരണഘടനയുടെ ഇരുപത്തൊന്നാം വകുപ്പ് വ്യക്തമാക്കുന്നുമുണ്ട്. ഇരുചക്രവാഹനങ്ങളിൽ സ്കൂളുകളിലും മറ്റും പോകുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. കുട്ടികൾ പിൻസീറ്റ് യാത്രക്കാരാകുമ്പോൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് വാഹനം ഓടിക്കുന്നയാളാണ്. കേന്ദ്ര മോട്ടോർ വാഹനനിയമം 138(6) അനുസരിച്ച് നിശ്ചിത നിലവാരത്തിലുള്ള സുരക്ഷാസംവിധാനമില്ലാതെ പന്ത്രണ്ടു വയസ്സു വരെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകാൻ പാടില്ല എന്നത് 2016 ഏപ്രിൽ ഒന്നു മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. 2014 ഒക്ടോബർ ഒന്നിനു ശേഷം നിർമിച്ച എം1 വിഭാഗത്തിലുള്ള എല്ലാ മോട്ടോർ വാഹനങ്ങൾക്കും ഇതു ബാധകമാണ്.

നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള യാത്രയ്ക്ക് ബാക്കിയുള്ളവരെ പഴിച്ചിട്ടെന്തുകാര്യം. സ്വന്തം സുരക്ഷയും കൂടെ സഞ്ചരിക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കേണ്ടവർ അതു മറന്നുകൊണ്ട് അപകടത്തിലേയ്ക്ക് എടുത്തുചാടുമ്പോൾ സ്വന്തം വീഴ്ച്ചയിൽ പഴി പറയേണ്ടത് ആരെയാണ്?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.