Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഷാപ്പേ വിട, മേശിരിയേ വിട...

business-boom

കാർ വർക്ക്ഷോപ്പിൽ ചെന്നപ്പോൾ ആകെയൊരു മേസ്തിരിയും പണിക്കാരനും മാത്രം. ചില്ലറ തട്ടുമുട്ടുകൾ കേൾക്കുന്നു. പഴയ കാലത്ത് നഗരത്തിലെ പ്രശസ്ത വർക്ക്ഷോപ്പാണ്. മേസ്തിരിക്കു പ്രായമായി. പണിചെയ്യാൻ ആളെ കിട്ടുന്നില്ലെന്നു പരാതി. എല്ലാവർക്കും മാസ ശമ്പളം കിട്ടുന്ന എക്സിക്യൂട്ടീവ് പണികൾ മതി. മൊബൈൽ, ഇൻഷുറൻസ് മാർക്കറ്റിങ്ങിന് ഇഷ്ടംപോലെ പയ്യൻമാരെ വേണം. തൊഴിൽ വകുപ്പിന്റെ മിനിമം വേതനമായ 7500 രൂപയിൽ കുറഞ്ഞു ശമ്പളമില്ല. വർക്ക്ഷോപ്പിൽ നിന്നാൽ കട്ടിപ്പണിയാണ്, ശമ്പളവും കുറവ്. മാത്രമോ? മിക്കവരും വാഹനങ്ങൾ ഡീലറുടെ സർവീസ് സെന്ററിലേ പണിയുന്നുള്ളൂ. പണ്ട് അംബാസഡറും ഫിയറ്റും പിന്നെ മാരുതിയും പണിത ‘വർഷാപ്പുകൾ’ അങ്ങനെ അന്യംനിൽക്കുകയാണ്. പോകുംവഴി  ‘മേശിരിയെ’ കാണിച്ച് രണ്ടു തട്ടുംമുട്ടും നടത്തി പ്രശ്നം പരിഹരിച്ച് പത്തോ അമ്പതോ കൊടുത്തു വേഗം സ്ഥലം വിടാമായിരുന്ന കാലം പോച്ച്. സൂപ്പർ സ്പെഷൽറ്റി കാറാശുപത്രികളിൽ ഒബ്സർവേഷൻ മുതൽ ഐ‍സിയു വരെ മണിക്കൂറുകൾ നീളുന്ന ചികിൽസകളാണ്.

കാലം മാറുമ്പോൾ ബിസിനസിൽ വരുന്ന മാറ്റങ്ങൾ അങ്ങനെയാണ്. മേസ്തിരിമാരെല്ലാം തീർഥാടനത്തിനു പോയിരുന്ന ഒരിടമുണ്ടായിരുന്നു എഴുപതുകളിൽ കൊച്ചിയിൽ. പോപ്പുലറിന്റെ സ്പെയർപാർട്സ് ഷോറൂം. വിവിധ ജില്ലകളിൽ നിന്ന് അവിടെ സ്പെയർപാർട്സ് വാങ്ങാൻ മേസ്തിരിമാരെത്തും. ചിലപ്പോൾ വാഹന ഉടമയും കൂടെ കാണും. ലഞ്ച് ബ്രേക്കിന് കടയടയ്ക്കുന്നത് ആളുകളെ കടയിൽ നിന്നിറക്കിയിട്ടാണ്. വൈകിട്ട് ഏഴിനു കടയടയ്ക്കുമ്പോഴും ക്യൂ കാണും. അന്നു വാങ്ങാൻ കഴിയാത്തവർ ലോഡ്ജ് മുറിയെടുത്തു താമസിച്ച് പിറ്റേന്നു രാവിലെ ചെന്നു ക്യൂ നിന്നു വാങ്ങും.

പോപ്പുലർ അവിടെത്തെന്നെ തങ്ങി നിന്നിരുന്നെങ്കിൽ വർക്ക്ഷോപ്പുകളെപ്പോലെ കാലഹരണപ്പെടുമായിരുന്നു. കേട്ടാൽ അദ്ഭുതം തോന്നും, ഇന്ന് പോപ്പുലറിന് സ്പെയർപാർട്സ് കടകളില്ല. എന്താണ് സ്പെയർപാർട്സ് ബിസിനസിനു സംഭവിച്ചത്? ഒരേ കാർ ഇരുപതും മുപ്പതും കൊല്ലം ഓടിച്ചിരുന്ന രീതി മാറി. ഇന്ന് നാലഞ്ചു കൊല്ലം കൂടുമ്പോൾ കാറിന്റെ മോഡൽ മാറുന്നു. അതോടെ ആ മോഡലിന്റെ പാർട്ടുകളെല്ലാം ആക്രിയായി മാറും. മാത്രമല്ല, പാർട്ടുകൾ സർവീസ് സെന്ററിന്റെ ഭാഗമാണ്, പുറത്തുനിന്നു വാങ്ങുന്നതല്ല. ബസ്, ലോറി പോലെ വാണിജ്യ വാഹനങ്ങളുടെ പാർടുകൾ മാത്രമാണ് ഇപ്പോഴും കടകളിൽ വിൽക്കുന്നത്.

പോപ്പുലർ എൺപതുകളിൽ കളംമാറ്റി ചവിട്ടി. 1984 ൽ മാരുതിയുടെ കേരളത്തിലെ ആദ്യ ഡീലറായി. ഇന്ന് 9 സുസുകി ഡീലർഷിപ്പുകളും ടാറ്റയുടെ ട്രക്ക് ഡീലർഷിപ്പും. 2500 കോടിയാണു വിറ്റുവരവ്. കാലം മാറിയപ്പോൾ മാറാതെ നിന്നിരുന്നെങ്കിൽ, വാഹന വിൽപനയിലേക്കു മാറാനുള്ള തീരുമാനം അന്നെടുത്തില്ലായിരുന്നെങ്കിൽ വാഷ് ഔട്ടായിപ്പോയേനെ എന്ന് അവർ പറയുന്നു. പോപ്പുലറിന്റെ കഥ അഹമ്മദാബാദ് ഐഐഎമ്മിലും ഹാവഡ് ബിസിനസ് സ്കൂളിലും കെയ്സ് സ്റ്റഡിയാണ്.

അതേ സമയം വർക്ക്ഷോപ്പുകളോ? പഴയ മേസ്തിരിമാർക്ക് കൈകാര്യം ചെയ്യാൻ പറ്റാത്തവിധം ടെക്നോളജി മാറി. അവരുടെ അടുത്ത തലമുറ വർക്ക്ഷോപ്പിൽ താൽപര്യം കാട്ടിയില്ല. മേസ്തിരി മരിക്കുന്നതോടെ വർക്ക്ഷോപ്പ് പൂട്ടി. പണി അറിയാവുന്ന പിള്ളേരില്ലാതായി. തകിട് പണി, പെയിന്റിങ് തുടങ്ങിയവയൊക്കെ വൻകിട വാഹന ഡീലർമാർ സ്വന്തം പരിശീലന കേന്ദ്രങ്ങളിൽ പയ്യൻമാരെ നിർത്തി പഠിപ്പിച്ചെടുക്കുകയാണ്.

ഏതു ബിസിനസും 20–25 കൊല്ലം കൂടുമ്പോൾ ആകെ മാറും. മാറിയില്ലെങ്കിൽ മരണമാണ്. ഇന്നത്തെ വാഹന ഡീലർമാർക്ക് എന്തു മാറ്റം വരാൻ പോകുന്നുവെന്നും കണ്ടറിയണം. ഡ്രൈവറില്ലാതെ ഓടുന്ന വണ്ടി പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ബാറ്ററി കാറുകളും ചാർജിങ് സൗകര്യവും വിവിധ രാജ്യങ്ങളിൽ പടരുന്നു. പത്തുമിനിറ്റ് ചാർജ് ചെയ്താൽ 500 കിലോമീറ്റർ ഓടിക്കാവുന്ന ബാറ്ററി കണ്ടുപിടിച്ചിരിക്കുന്നു. പെട്രോളിയം വില ഇടിയുന്നു. സൈക്കിൾ ഓടിക്കൽ ഫാഷനായി മാറുന്നു. സൈക്കിൾ ട്രാക്ക് വൻനഗരങ്ങളിലെല്ലാം വരുന്നു. നഗരറോഡുകൾ കാർ ഫ്രീ ദിനം ആഘോഷിക്കുന്നു...

എന്തൊക്കെയാണോ വരാനിരിക്കുന്നത്..!

ഒടുവിലാൻ ∙ മേസ്തിരി മരിക്കുമ്പോൾ കുടുംബത്തിന് സ്വർണഖനി കിട്ടുന്ന പതിവ് മിക്കയിടത്തുമുണ്ട്. പതിറ്റാണ്ടുകളായി വർക്ക്ഷോപ്പ് ഇട്ടിരുന്ന സ്ഥലം! റോഡരികിലെ സ്ഥലത്തിന് പൊന്നുവില. പല വർക്ക്ഷോപ്പുകളും വാഹന ഷോറൂമുകളായി മാറിയിട്ടുമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.