Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറത്തിലാണ് കാര്യം...

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
colour

കറുപ്പിനഴക്... വെളുപ്പിനഴക്...എന്നത് അര നൂറ്റാണ്ടു മുമ്പ് വളരെ ശരിയായിരുന്നു; കാറുകളുടെ കാര്യത്തിലെങ്കിലും. എന്തെന്നാൽ അന്ന് കറുപ്പും വെളുപ്പുമായിരുന്നു ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരുന്ന നിറങ്ങൾ. ലൈസൻസ് രാജിന്റെ അക്കാലത്ത് എല്ലാത്തിനും ക്വോട്ടയായിരുന്നല്ലോ. കറുപ്പിലും വെളുപ്പിലുമങ്ങ് ഉണ്ടാക്കി നൽകും, വേണമെങ്കിൽ വാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളണം. അംബാസഡറും ഫിയറ്റും വിദേശത്തു നിന്ന് ഇറക്കിക്കൊണ്ടു വരുന്ന ഷെവർലെയും ഡോഡ്ജും ഒക്കെ ഈ നിറങ്ങളിലാണ് കൂടുതൽ വിറ്റിരുന്നത്.

ആദ്യമൊക്കെ കറുപ്പായിരുന്നു എല്ലാം. പിന്നീട് സർക്കാർ ഉപയോഗത്തിനുള്ള വാഹനങ്ങൾ വെളുത്ത നിറത്തിൽ എത്തിത്തുടങ്ങി. അങ്ങനെ വെളുപ്പിന് ‘അഴകും പത്രാസുമായി. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും വിപണിയിൽ കിട്ടാത്ത ചില നിറങ്ങൾ പത്തു നാൽപതു കൊല്ലം മുമ്പ് കിട്ടിയിരുന്നതായി പഴമക്കാർ ഓർക്കുന്നു. അംബാസഡറിനുള്ള ചില നീലയുടെയും പച്ചയുടെയും ഷേഡുകളുടെ ചാരുത ഇന്നത്തെ വമ്പൻ കാറുകളിലുംകാണാനാവില്ലെന്നാണ് പറയുന്നത്. അംബാസഡർ ഇന്ന് അത്ര നല്ല നിറങ്ങളിൽ എത്തുന്നില്ലെന്നുമുണ്ട് പരാതി.

അതു പോലെ അന്യം നിന്നു പോയ സ്റ്റാൻഡേർഡ് ഹെറാൾഡിലും ഇറക്കുമതി ചെയ്തിരുന്ന ഷെവർലെ ഇംപാലയിലും ലഭിച്ചിരുന്ന ഷേഡുകൾ ‘അപാരമായിരുന്നു. മാരുതി തുടങ്ങിയ കാർ വിപ്ലവത്തിൽ കാറുകൾ മാത്രമല്ല നിറങ്ങളും പെരുകി. കംപ്യൂട്ടറിൽ നിറങ്ങൾ അനായാസം സങ്കലനം നടത്താവുന്ന സാഹചര്യത്തിൽ കോടിക്കണക്കിനു നിറങ്ങൾ ഉണ്ടാക്കി അടിച്ചു വിറ്റ് നിർമാതാക്കൾ കയ്യടിയും വിൽപനയും നേടി.

നിറത്തിന്റെ പേരിൽ മാത്രം കാറുകൾ വിറ്റു പോകുന്ന സ്ഥിതിയാണിത്. രസകരമായ വസ്തുത ബ്രോഷർ എടുത്തു നോക്കിയാൽ ഈ നിറങ്ങളെപ്പറ്റി യാതൊരു പിടിയും കിട്ടില്ല എന്നതാണ്. അമെതിസ്റ്റ് ബ്ലൂ, കാർണിവൽ റെഡ്, കാഷ്മീരി, ഹെന്ന ഗ്രീൻ, സിട്രിൻ ഗോൾഡ്, ആർട്ടിക് സിൽവർ, ഡസ്കി ഗ്രേ... വല്ല പിടിയും കിട്ടിയോ?

പോകട്ടെ, നമ്മുടെ സാദാ കറുപ്പിന്റെയും വെളുപ്പിന്റെയും പേരു കേട്ടിട്ടുണ്ടോ? കാർബൺ ബ്ലാക്ക്, മിന്റ് വൈറ്റ്. ഇത് ഒരു നിർമാതാവ് ഇട്ടിരിക്കുന്ന പേര്, വേറൊരാൾ അവരുടെ ഭാവനയ്ക്കനുസരിച്ച് പേരുകൾ മാറ്റി മറിച്ചേക്കാം. നിർമാതാക്കൾ ഏതൊക്കെ നിറങ്ങളെപ്പറ്റി പ്രസംഗിച്ചാലും ഷേഡ് കാർഡിൽ കാണിച്ചിട്ടുള്ളതിന്റെ പാതി നിറങ്ങൾക്കായിരിക്കും എന്നും ജനപ്രീതി. മൊത്ത വിൽപനയുടെ 60 ശതമാനവും ഈ നിറങ്ങളിലാണ്. ബാക്കിയുള്ളവ വ്യത്യസ്ഥത തേടുന്നവർക്കുള്ളതാണ്. ലോകത്തിൽ കാറുകളുടെ നിറങ്ങളിൽ ഏറ്റവുമധി

കം പ്രീതിയുള്ളത് സിൽവർ ഷേഡുകൾക്കാണ്.ലോകവിപണിയിലെ 60 ശതമാനത്തിലധികം വിൽപന സിൽവർ നിറങ്ങൾക്കാണ്.

ബ്രിട്ടൻ പോലുള്ള ചില വിപണികളിൽ 80 ശതമാനം വരെ ഇത് ഉയർന്ന കൊല്ലങ്ങളുണ്ട്. കേരളത്തിലെ കാര്യമോ? അങ്ങനെ തറപ്പിച്ചു പറയാനാവില്ല. എന്നാൽ പൊതുവെ ആഭിമുഖ്യം ആഢ്യത്തമുള്ള ലൈറ്റ് ഷേഡുകൾക്കാണ്. വെളുപ്പിനോടുള്ള ഭ്രമം കുറഞ്ഞിട്ടുണ്ട് എന്നും പറയാനാവില്ല. മധ്യനിരയ്ക്കു മുകളിലുള്ള കാറുകളിൽ വെളുപ്പിന് പ്രീതി കുറവാണ്. കാരണം വെളുത്ത കാറുകൾ ടാക്സിയാണ് എന്നതു തന്നെ.

വണ്ടിയുടെ രൂപഭംഗിയും നിറം തെരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പുണ്ടൊയുടെ കറുപ്പിന്റെ ഭംഗി ചിലപ്പോൾ വിസ്തയ്ക്ക് കിട്ടിയില്ലെന്നു വരും. അതുപോലെ ഗ്രാൻഡ് എെ ടെന്നിൽ ഈയിടെ കാവി നിറം ഇരട്ടിയിലധികം വിലയുള്ള വോൾവോയിൽ കിട്ടുന്ന ഒരു ഷേഡിന്റെ ചാരുത നൽകുന്നു. അതു തന്നെ ഒരോ കാറിനും ബാധകമാണ്. വെള്ള ടാക്സിയുടെ നിറമാണെങ്കിലും അധികം ടാക്സികളിറങ്ങാത്ത കാറുകൾക്ക് വെളുപ്പ് പ്രിയ നിറമാണ്. പുതിയ പല കാറുകളുടെയും കറുത്ത നിറം നല്ല ജനപ്രീതിയുള്ളതാണ്. ഗൾഫിലെ പരിചയം കൊണ്ടു നാട്ടിൽ വിൽക്കുന്നതിനാലാവാം കൊറോളയുടെയും മറ്റും പേൾ വൈറ്റ് വൻ ജനപ്രീതിയുള്ളതാണ്.

ഗൾഫിലെ ടാക്സി നിറമാണിത്. ഫിഗോയിലും മൈക്രയിലും ബീറ്റിലുമൊക്കെ കാണുന്ന കടും നിറങ്ങളും ഷേഡുകളും യുവാക്കൾക്ക് ഹരമാണ്. ഇറ്റാലിയൻ ഫാഷൻ ചിഹ്നമായി ഫിയറ്റിനെ കാണുന്നവർ അബാർത്ത് നിറങ്ങൾക്കു പിന്നാലെ പോകും. പാഷൻ യെല്ലോ എന്ന കടും മഞ്ഞയും കടും ചുവപ്പും മറ്റുംയുവതലമുറയ്ക്കാണ് പ്രിയം. എന്നു വച്ച് ചെത്തു പിള്ളർ മാത്രമാണ് കടും നിറങ്ങൾ വാങ്ങുന്നതെന്നു പറയാനാവില്ല. മെഴ്സെഡിസ്, ബി എം ഡബ്ല്യു, ഒൗഡി എന്നിവയുടെ വിൽപനയധികവും കറുപ്പ്, വെള്ള, സിൽവർ നിറങ്ങൾക്കാണ്. ലോകത്തെല്ലായിടത്തും സി ക്ലാസ് മെർക്കുകൾ കടും നിറങ്ങളുടെ പ്രതീകങ്ങളാണെങ്കിലും ഇന്ത്യയിൽ ആ ‘ട്രെൻഡ് ഇല്ല.

എസ്.യു.വികൾക്ക് കറുപ്പും സിൽവറുമാണ് പ്രിയ നിറങ്ങൾ. ഇരട്ട ഷേഡുകളും എസ്.യു.വികളുടെ പ്രത്യേകതയായിരുന്നെങ്കിലും പജീറൊയുടെ പിൻവാങ്ങലോടെ ഈ ട്രെൻഡ് മാറി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.