Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡിലെ പ്രശ്നം കുഴികളല്ല...

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
mahindra jeep foglamp

കേരളത്തിലിപ്പോൾ വലിയ പ്രശ്നങ്ങളാണ്. രാഷ്ട്രീയത്തിൽ മാത്രമല്ല റോഡുകളിലും. ഗട്ടറിനെപ്പറ്റിയല്ല പറയുന്നത്. അതൊക്കെ നോക്കാനും കുഴിയടയ്ക്കാനുമൊക്കെ ആർക്കുണ്ടു നേരം? എന്നാൽ കാറിനു പുതിയൊരു ഫോഗ് ലാംപോ തെല്ലു ശബ്ദം കൂടുതലുള്ള, എന്നാൽ നിയമത്തിൻറെ പരിധിയിൽ നിൽക്കുന്ന, ഹോണോ വച്ചു നോക്കൂ. വിവരമറിയും. കഴിഞ്ഞ ദിവസം ഒരു പരിചയക്കാരൻ പറഞ്ഞ കഥ.

രേഖകളെല്ലാം കൃത്യമായുള്ള ജീപ്പിൽ വളരെ മാന്യമായി നിയമപ്രകാരമുള്ള വേഗത്തിൽ ഡ്രൈവു ചെയ്തു പോകവെ വഴിയിൽ വിലങ്ങി നിൽക്കുന്നു പൊലീസ്. കാര്യം ചോദിച്ചപ്പോൾ തെല്ലു ഞെട്ടി. ഫൈനടയ്ക്കണം. ഒന്നും രണ്ടുമല്ല, മൂവായിരം രൂപ. കാരണം നിയമലംഘനം. ജീപ്പിനു മുന്നിൽ ദദ്രമായി അടച്ചു വച്ചിട്ടുള്ള രണ്ടു ഫോഗ് ലാംപുകൾ നിൽക്കുന്നത് നിയമത്തിനു പുറത്താണ്. ഇടയ്ക്കിടെ പുക മഞ്ഞുമറയ്ക്കുന്ന കുട്ടിക്കാനത്തും വാഗമണ്ണിലും പോകുമ്പോഴുള്ള ജീവൻരക്ഷാമാർഗം നിയമലംഘനമാണെന്ന് അറിയില്ലായിരുന്നു ഉടമയ്ക്ക്. നിയമം അറിയില്ലയെന്നത് ഒരു എക്സ്ക്യൂസല്ല. കൂടുതൽ തർക്കിച്ചിട്ടും പറഞ്ഞിട്ടുമൊന്നും കാര്യവുമില്ല. ഫോഗ്ലാംപ് കമ്പനി വച്ചതല്ലല്ലോ? എങ്കിൽ ഫൈനടയ്ക്കണം. പൊലീസ് മീശ പിരിച്ചു. ഫൈനടച്ചു മടങ്ങി. എന്നിട്ടും സംശയം ബാക്കിയായതു കൊണ്ടാണദ്ദേഹം എന്നെ വിളിച്ചത്.

സംഭവം ശരിയാണ്. ഒരു വാഹനത്തിൽ എന്തു മോഡിഫിക്കേഷൻ വരുത്തിയാലും മോട്ടോർവാഹന വകുപ്പിൻറെ അനുമതിയുണ്ടാവണം. ആർ സി ബുക്കിൽ രേഖപ്പെടുത്തണം. പക്ഷേ, ഇത്ര ശുഷ്കാന്തി മര്യാദയ്ക്കു വണ്ടിയോടിച്ചു പോകുന്നവരോടു മാത്രമേ നമ്മുടെ പൊലീസും മോട്ടോർ വാഹന വകുപ്പും കാട്ടാറുള്ളൂ. എയർഹോൺ തുരുതുരെയടിച്ച് പാഞ്ഞു പോകുന്ന ബസുകാരെയോ വീൽബേസിലടക്കം മാറ്റങ്ങൾ വരുത്തി പായുന്ന സമാന്തര സർവീസുകാരെയോ തൊടില്ല. എന്തിന് പൊലീസ് മുതൽ മന്ത്രിമാർ വരെ ഉപയോഗിക്കുന്ന വാഹനങ്ങളിലെ ബീക്കൺലൈറ്റ് എതെങ്കിലും ആർ ടി ഒ ഓഫിസിൽ അറിയിച്ച് രേഖാമൂലമാക്കിയിട്ടുണ്ടോ ? ഉണ്ടാവാൻ വഴിയില്ല, വിവരാകാശനിയമപ്രകാരം ചോദിച്ചു നോക്കിയാലറിയാം. ഇതിനൊക്കെ ആർക്കു നേരം ? നേരമില്ലാത്തതു കൊണ്ടു തന്നെയാണ് നിയമം ലംഘിച്ചുകൊണ്ടുള്ള ബീക്കണും വച്ച് പൊതുജനത്തിനു ഫൈനടിച്ചു നൽകാനുള്ള ഉളുപ്പില്ലായ്മ പെരുകുന്നത്.

ഇനി കറുത്ത ഗ്ലാസിൻറെ കഥ. എന്തൊരു തുഗ്ലക്ക് നിയമമാണിത് ? ഡൽഹിയിലോ കശ്മീരിലോ ഏതോ ഭീകരൻ പണ്ടെങ്ങോ കറുത്ത ഗ്ലാസുള്ള കാറിലെത്തി വെടിയുയർത്തിനു കേരളത്തിലെന്തു പിഴച്ചു ?പുഴയിലെ വെള്ളം പറ്റുകയും മറുകരയിലെ പട്ടി കയറുപൊട്ടിച്ചോടിയെത്തുകയും ചെയ്താൽ എന്താവുമെന്നോർത്ത് നീട്ടിക്കരഞ്ഞതു പോലെയായി.

കാറുകളിൽ ചെറിയ ടിൻറുള്ള ഗ്ലാസുകൾ പതിക്കുന്നത് എന്തുകൊണ്ടും നമ്മുടെ നാട്ടിൽ ഉപകാരപ്രദമാണ്. വെയിലു തടയും, എ സി 30 ശതമാനത്തോളം മികച്ചരീതിയിൽ പ്രവർത്തിക്കും, ഇന്ധനക്ഷമതയും കൂടും. പക്ഷെ സമ്മതിക്കില്ല. നിയമമല്ലെ, എന്തു ചെയ്യും. എന്നാൽ ഇത്ര ശുഷ്കാന്തി കാട്ടി വണ്ടി പിടിക്കാൻ വരുന്ന പൊലീസ് വാഹനങ്ങളോ ?

രസമാണാ കാഴ്ച. പല നിറമുള്ള, പല രീതികളിലുമുള്ള കർട്ടനുകൾ. ചുരുക്കു ചുരുക്കായി കെട്ടി വച്ചവയുണ്ട്, വിടർത്തിയിട്ട് മുഴുവൻ മറ തീർക്കുന്നവരുമുണ്ട്. ഇതു നിയമവിധേയമാണോ? അല്ലെന്നാണറിവ്. എന്നിട്ടും പൊലീസിനെയും ജനപ്രതിനിധികളെയും തടയാൻ ആരെങ്കിലും ശ്രമിക്കുന്നതായറിയില്ല. ഉഗ്രപ്രതാപിയായ പുതിയ ട്രാൻസ്പോർട് മേധാവിയടക്കം. ഇനി എന്നെങ്കിലും അദ്ദേഹം അതിനൊരുമ്പെടുകയാണെങ്കിൽ പടുത കെട്ടിയ ഓട്ടൊ റിക്ഷകളും മുഴുവൻ കൊട്ടിയടച്ച ജീപ്പുകളും ഷട്ടറിട്ട ബസുകളും നിയമലംഘനമല്ലേ നടത്തുന്നത് എന്നു തലനാരിഴ കീറി പരിശോധിക്കുന്നത് നല്ലതായിരിക്കും. അവയ്ക്ക് സുതാര്യമായ ഗ്ലാസുകൾ വയ്്ക്കുന്നതിനെപ്പറ്റി ചിന്തിക്കാവുന്നതുമായിരിക്കും.

∙ റിവേഴ്സ്ഗിയർ: മറ്റൊരു ഉഗ്രൻ മണ്ടത്തരമാണ് പുക പരിശോധന. ഒരു കൊല്ലം കഴിഞ്ഞ എല്ലാ വണ്ടികളും ഏതെങ്കിലും അംഗീകൃത കേന്ദ്രത്തിലെത്തി 100 രൂപ കൈമടക്കു കൊടുത്ത് ഇഷ്ടമുള്ള രീതിയിൽ സർട്ടിഫിക്കറ്റ് എഴുതിക്കൊണ്ടു പൊയ്ക്കോണം. എന്തു നല്ല നിയമം. പക്ഷെ നിയമമുണ്ടാക്കിയവർക്കറിയുമോ പുതിയ തലമുറ വാഹനങ്ങൾ 10 കൊല്ലം കഴിഞ്ഞാലും നിയമത്തിൻറെ പരിധിക്കുള്ളിലേ പുക വിടുകയുള്ളുവെന്ന്. അല്ലെങ്കിൽത്തന്നെ പുക പരിധിവിട്ടുവെന്ന കാരണത്താൽ ഏതെങ്കിലും വണ്ടി കണ്ടം വച്ചിട്ടുണ്ടോ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.