Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറോട്ടത്തിലെ മോഹനകാലം

Car മോഹൻ ശങ്കർ

ഓർമകളുടെ ക്ലച്ചിൽ ചവിട്ടി ഫസ്റ്റ് ഗിയറിട്ട് അനുഭവങ്ങളുടെ പാതയിലേക്ക്. ഹോൺ മുഴക്കി ഭൂതകാലം ചെന്നുനിന്നതു വിജയത്തിന്റെ ടോപ് ഗിയറിൽ. അധികമാർക്കും അറിയാത്ത ആ മോഹനകാലത്തിന്റെ കഥ പറയുകയാണു മോഹൻ ശങ്കർ. മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ ആർ. ശങ്കറിന്റെ മകന് ഇങ്ങനെയൊരു പൂർവകാലമോ? അടുത്തറിയാവുന്നവർക്കുപോലും അതൊരു അത്ഭുതപ്പെടുത്തുന്ന വിശേഷം. മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബിന്റെ കാറോട്ടമൽസരത്തിൽ ഓപ്പൺ ക്ലാസ് മൽസരത്തിൽ ഒന്നാമതെത്തി കപ്പിൽ ചുംബിച്ച മോഹൻ. വർഷം 1975. പിന്നീട് എത്രയോ മൽസരങ്ങൾ. അവയിലെല്ലാം അദ്ദേഹം തന്റേതായ ചക്രചിഹ്നങ്ങൾ പതിപ്പിച്ചു. പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ, കെപിസിസി നിർവാഹക സമിതി അംഗം, എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് എന്നിങ്ങനെ പദവികൾ. അപ്പോഴും വാഹനങ്ങളോടുള്ള മോഹന്റെ സ്നേഹം ഫുൾ ടാങ്കാണ്.

തുമ്പറയിൽ ആർ. ശങ്കർ താമസിച്ചിരുന്ന വീട്ടുവളപ്പു വിശാലമായിരുന്നു. കാറോടിച്ചു പഠിക്കാനുള്ള സ്ഥലമുണ്ട്. അവിടമായിരുന്നു മോഹന്റെ കളിത്തട്ട്. അച്ഛന്റെ കാറിന്റെ വളയങ്ങളിൽ താളംപിടിച്ചും മെല്ലെ തിരിച്ചും ചക്രങ്ങളുടെ ചങ്ങാതിയായി മോഹൻ. ഒരു നിബന്ധന ശങ്കറിന് ഉണ്ടായിരുന്നു. 18 തികഞ്ഞ് ലൈസൻസ് എടുക്കാതെ കാറുമായി റോഡിൽ ഇറങ്ങരുത്. അതോടെ കാറുകളുടെ ഉള്ളറിവിൽ മോഹൻ കൂടുതൽ ശ്രദ്ധിച്ചു. എൻജിൻ ഉൾപ്പെടെ എല്ലാത്തിന്റെയും സ്പന്ദനങ്ങളിൽ അറിയാനുള്ള ശ്രമങ്ങൾ‍. ഒടുവിൽ എൻജിൻ ട്യൂണിങ് മുതൽ എല്ലാം സ്വയം പഠിച്ചെടുത്തു.

mohan-shankar മോഹൻശങ്കറിന്റെ കാറിനെക്കുറിച്ചു വന്ന ലേഖനം

1972ൽ ശങ്കർ അന്തരിച്ചു. 1975ലാണു മോഹൻ മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബിന്റെ ദേശീയ കാറോട്ട മൽസരത്തിൽ പങ്കെടുക്കുന്നത്. നേരത്തേ തീരുമാനിച്ചതല്ല. ഒരു ഓട്ടോമോട്ടീവ് മാസികയിൽ അറിയിപ്പു കണ്ടപ്പോൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഓപ്പൺ ക്ലാസ് വിഭാഗത്തിലെ റേസിലാണു ചേർന്നത്. മോഹന്റെ കാറോട്ട മൽസരത്തോടുള്ള കമ്പത്തിനു തീപിടിപ്പിക്കാൻ സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ എറിക് ഫ്രാൻസിസ് പെരേരയും ഉണ്ടായിരുന്നു. അങ്ങനെ മോഹനും കൂട്ടുകാരും ശ്രീപെരുമ്പത്തൂരിനടുത്തുള്ള ഷോളവാരത്തേക്കുപോയി. അച്ഛന്റെ വാങ്ങിയ അംബാസഡർ കാറിനെയാണു പാതയിലെ താരമാകാൻ ഒരുക്കിയെടുത്തത്. കെഎൽടി 6465.

മദ്രാസ് സ്പോർട്സ് ക്ലബിൽ കാർ രജിസ്റ്റർ ചെയ്യാൻ കൊണ്ടുപോയപ്പോൾ അവിടെ ഒരാൾ തർക്കിച്ചു. ഓയിൽ നിലത്തുവീഴാതിരിക്കാൻ അടിഭാഗത്ത് ഒരു പാളി ഒരുക്കിയിട്ടുണ്ട്. അതു വേണ്ടതുതന്നെ. പക്ഷേ, അതിനോടു ചേർന്നു മുന്നിൽ എയർ ഡാംപ് ഘടിപ്പിച്ചത് ഇളക്കണമെന്ന് ആവശ്യപ്പെട്ടു. കാറ്റിന്റെ ഗതിവേഗത്തെ കടന്നു കാറിനു പോകാൻ അതുവേണമെന്ന മോഹന്റെ വാദം ആദ്യം അയാൾ അംഗീകരിച്ചില്ല. ഇതുവരെയില്ലാത്ത രീതിയാണ് ഇതെന്നു പറഞ്ഞു സംഘാടകർ തർക്കിച്ചു. ഒടുവിൽ അവർ മോഹന്റെ വഴിയേവന്നു.

പ്രധാനമൽസരത്തിന്റെ തലേന്നുള്ള പരീക്ഷണയോട്ടം ഉണ്ടായികുന്നു. ഉച്ചകഴിഞ്ഞ് അവസാനഘട്ടം എത്തിയപ്പോൾ എൻജിൻ ഡൗൺ. മോഹൻ നിരാശനായില്ല. ചെന്നൈയിൽ പോപ്പുലർ മോട്ടോർസിലെ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ചു. ആറു മണിക്ക് സ്ഥാപനം അടയ്ക്കും. അതിനുശേഷം എത്തിയിട്ടു കാര്യമില്ല. ഏതൊക്കെ സ്പെയർപാർട്സുകൾ വേണമെന്നു മോഹൻ ഫോണിൽ പറഞ്ഞുകൊടുത്തു. സുഹൃത്ത് അവ എടുത്തുവച്ചു. ചെന്നൈയിൽ ആറുമണി കഴിഞ്ഞു. മോഹൻ തന്നെ എൻജിൻ പണികൾ ചെയ്തു. അർധരാത്രിയായി. പിറ്റേന്നാണു പ്രധാനമൽസരം. ക്ഷീണവും നിരാശയും ഓടിക്കടന്നു മോഹൻ ഒന്നാമൻ. മദ്രാസ് മോട്ടോർ സ്പോർസ് ക്ലബിന്റെ 1976ലെ സുവനീറിൽ മോഹന്റെ അംബാസിഡർ കാറിന്റെ ത്രം നൽകിയ സംഘാടകർ അതിനു തലക്കെട്ടെഴുതി, കഴിഞ്ഞവർഷം അവതരിപ്പിച്ച നവീന ആശയം. എയർഡാംപിനെക്കുറിച്ചായിരുന്നു അത്. കാർ റേസിൽ വർഷങ്ങളുടെ പരിചയമുള്ള സംഘാടകർ മോഹനിൽ‍ നിന്നു പുതിയൊരു വിദ്യ അറിയുകയായിരുന്നു.

മെക്കാനിക്കൽ എൻജിനിയറിങ് പഠനത്തിനു ബാംഗ്ലൂരിൽ കഴിയുമ്പോൾ നന്ദിഹിൽ കാറോട്ടമൽസരത്തിൽ മോഹൻ പങ്കാളിയായി. ദേശീയ ഹിൽ ക്ലൈബിങ് മൽസരമാണ്. ഓടിയെടുത്ത സമയമാണു കണക്കാക്കുന്നത്. ഒരിക്കൽ ഒരു കാർ. മൽസരാർഥികൾ കുതിച്ചുകിതച്ചപ്പോൾ കപ്പ് മോഹന്റെ കയ്യിൽ. പിന്നീട് കർണാകട 1000 (കെ തൗസന്റ്) മൽസരത്തിലും മോഹൻ ഹെൽമറ്റ് ധരിച്ചു. 1000 കിലോമീറ്റർ റാലിയാണ്. ദുർഘടമായ പാതകൾ. മോഹൻ മൂന്നാം സ്ഥാനത്തെത്തിയാണ് ആ മൽസരത്തിൽ കേരളത്തെ അടയാളപ്പെടുത്തിയത്. തൊട്ടടുത്ത വർഷം നടന്ന മൽസരത്തിലും മോഹൻ ഉണ്ടായിരുന്നു. അതിൽ കാർ മറിഞ്ഞു. ചെറിയൊരു തോടിലേക്കാണു വീണത്. മോഹനു പരുക്കൊന്നും സംഭവിച്ചില്ല.

പിന്നെയും മൽസരത്തിന്റെ വിളികൾ വന്നു. മോഹൻ പറയുന്നു, അന്നും ഇന്നും മൽസരങ്ങളല്ല; വാഹനങ്ങൾക്കുള്ളിലെ തന്ത്രങ്ങളിലാണു തന്റെ കണ്ണ്. 68 വയസിലും എൻജിൻ ട്യൂണിങ് പോലുള്ള കാര്യങ്ങളിൽ ഇപ്പോഴും താൽപര്യം കുറഞ്ഞിട്ടില്ല. മൽസരക്കൂട്ടുകാരൻ അംബാസിഡർ കാർ കാലം കഴിഞ്ഞപ്പോൾ വിറ്റു. ഇപ്പോൾ രണ്ടാമത്തെ മകൻ അനൂപ് ശങ്കർ വാങ്ങിയ ഹോണ്ട സിറ്റി കാറിന് അതേ നമ്പർ– KLO2A 6465. പൊതുനിരത്തിൽ വാഹനം ഓടിക്കുന്നവരെ മോഹൻ ഓർമപ്പെടുത്തുന്നു, വേഗമല്ല മികച്ച ഡ്രൈവിങ്. റോഡ് നിയമങ്ങൾ പാലിച്ചുകൊണ്ടും അന്യരെ മാനിച്ചുകൊണ്ടും വാഹനം ഓടിക്കണം. അല്ലാതെയുള്ളതു മരണപ്പാച്ചിലുകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.